പൊട്ടിത്തെറിച്ച് മുന്‍ ഗ്വാണ്ടനാമോ തടവുകാരന്‍

Posted on: December 12, 2014 12:15 am | Last updated: December 11, 2014 at 11:15 pm

സിഡ്‌നി: സി ഐ എ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍, അഞ്ചര വര്‍ഷത്തോളം ഗ്വാണ്ടനാമോ തടവറയില്‍ കഴിഞ്ഞിരുന്ന ആസ്‌ത്രേലിയന്‍ പൗരന്‍ ഡേവിഡ് ഹക്ക്‌സ് മുന്‍ ആസ്‌ത്രേലിയന്‍ മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തി. ക്രൂരമായ പീഡനങ്ങള്‍ അരങ്ങേറുന്നത് സംബന്ധിച്ച് പൂര്‍ണ വിവരം ഉണ്ടായിട്ടും ഇതിനെതിരെ പ്രതികരിക്കാന്‍ കഴിയാത്ത ജോണ്‍ ഹോവാര്‍ഡ് സര്‍ക്കാറിന്റെ കാലത്തെ മന്ത്രി ജോര്‍ജ് ബ്രാന്‍ഡിസിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു. ശക്തമായ പീഡനങ്ങള്‍ക്കൊടുവിലാണ് താന്‍ അന്ന് ആരോപിക്കപ്പെട്ട കുറ്റം സമ്മതിച്ചതെന്ന് ഡേവിഡ് വ്യക്തമാക്കി. ക്രൂരമായ മര്‍ദനങ്ങള്‍ക്കിരയാക്കിയതോടൊപ്പം, തടവറയില്‍ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി ഇദ്ദേഹം വെളിപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം നടന്ന മനുഷ്യാവകാശ ദിനവുമായി ബന്ധപ്പെട്ട ഒരു ചടങ്ങിനിടെയാണ് മുന്‍ മന്ത്രിക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചത്. വിമര്‍ശമുന്നയിക്കുമ്പോള്‍ മുന്‍ മന്ത്രിയായിരുന്ന അറ്റോര്‍ണി ജനറല്‍ ജോര്‍ജ് ബ്രാന്‍ഡിസ് വേദിയിലുണ്ടായിരുന്നു. എന്നാല്‍, ഇതിനെതിരെ പ്രതികരിക്കാതെ വേദി വിട്ട് ഇറങ്ങിപ്പോയ ഇദ്ദേഹത്തെ, ധൈര്യമില്ലാത്തവന്‍ എന്ന്് ഡേവിഡ് പരിഹസിച്ചു.