ആ രക്തത്തിലും ഇസ്‌റാഈലിന് പങ്കുണ്ട്‌

Posted on: December 12, 2014 12:14 am | Last updated: December 11, 2014 at 11:14 pm

ജറൂസലം: ഇസ്‌റാഈല്‍ സൈന്യത്തിന്റെ മര്‍ദനമേറ്റ് കൊല്ലപ്പെട്ട ഫലസ്തീന്‍ മന്ത്രി സിയാദ് അബു ഐനിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ഇസ്‌റാഈല്‍ സൈന്യത്തിന്റെ അതിക്രമങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തലുകളെ തള്ളിക്കളഞ്ഞ് ഇസ്‌റാഈല്‍ അധികൃതര്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസം ഒലീവ് മരങ്ങള്‍ നടുന്നതിനിടെയാണ് ഇദ്ദേഹത്തെ ഇസ്‌റാഈല്‍ സൈന്യം കൈയേറ്റം ചെയ്തിരുന്നത്. കഴുത്തില്‍ കുത്തിപ്പിടിച്ച് മര്‍ദിക്കുന്ന രംഗങ്ങള്‍ സോഷ്യല്‍ സൈറ്റുകളില്‍ വ്യാപകമാകുകയും ചെയ്തിരുന്നു. അതേസമയം, റാമല്ലയില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ പതിനായിരക്കണക്കിന് ഫലസ്തീനികള്‍ പങ്കെടുത്തു. മന്ത്രിയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ സംഘര്‍ഷം പൊട്ടിപ്പുറപ്പെടാനുള്ള സാഹചര്യം നിലനില്‍ക്കെ, ഇസ്‌റാഈല്‍ സൈന്യം വിവിധ കേന്ദ്രങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
ഇസ്‌റാഈല്‍ സൈന്യത്തിന്റെ മര്‍ദനമേറ്റാണ് സിയാദ് അബു ഐന്‍ കൊല്ലപ്പെട്ടതെന്ന് ഫലസ്തീന്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ഫലസ്തീന്‍ പൗരാവകാശ സമിതിയുടെ മേധാവി ഹുസൈന്‍ അലി ശൈഖ് കുറ്റപ്പെടുത്തി. മര്‍ദനത്തിന് പുറമെ ഉയര്‍ന്ന തോതിലുള്ള കണ്ണീര്‍വാതക പ്രയോഗവും ഇതിന് ശേഷം ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതില്‍ ഇസ്‌റാഈല്‍ കാണിച്ച തണുപ്പന്‍ സമീപനവും മരണത്തിലേക്ക് നയിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍, തങ്ങളുടെ നടപടിയെ ന്യായീകരിച്ച് ഇസ്‌റാഈല്‍ രംഗത്തെത്തി. ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്നാണ് ഇവരുടെ നിലപാട്. പോസ്റ്റ്‌മോര്‍ട്ടം നടപടികളില്‍ രണ്ട് ജോര്‍ദാന്‍കാരും ഒരു ഇസ്‌റാഈലുകാരനും പങ്കെടുത്തിരുന്നു. നിരവധി പ്രമുഖ വകുപ്പുകളില്‍ സേവനം അനുഷ്ഠിച്ച മന്ത്രി, 13 വര്‍ഷത്തോളം ഇസ്‌റാഈലിന്റെയും അമേരിക്കയുടെയും തടവറകളില്‍ കഴിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ സൈന്യം ഇദ്ദേഹത്തെ കൈയേറ്റം നടത്തുമ്പോള്‍ പ്രകോപനപരമായ ഒരു പ്രവൃത്തിയും മന്ത്രിയില്‍ നിന്നുണ്ടായിട്ടില്ല. നടപടിയെ പൈശാചികമെന്നാണ് കഴിഞ്ഞ ദിവസം മഹ്മൂദ് അബ്ബാസ് വിശേഷിപ്പിച്ചത്.
സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രാലയം, ഇതുസംബന്ധിച്ച് അന്വേഷണം നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.