Connect with us

Kannur

സഹകരണ ബേങ്കുകളില്‍ ബിനാമി പേരില്‍ രാഷ്ട്രീയക്കാരുടെ നിക്ഷേപം

Published

|

Last Updated

കണ്ണൂര്‍: സംസ്ഥാനത്തെ സഹകരണ ബേങ്കുകളിലെ ഒരു ലക്ഷം കോടി നിക്ഷേപത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കള്ളപ്പണമാണെന്ന് കോഴിക്കോട് ആദായനികുതി കമ്മീഷണര്‍ പി എന്‍ ദേവദാസന്‍. ഇതില്‍ കൂടുതല്‍ ബിനാമി പേരുകളിലായുള്ള രാഷ്ട്രീയ നേതാക്കളുടെ നിക്ഷേപമാണെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പല സഹകരണ ബേങ്കുകളും കള്ളപ്പണ ഇടപാടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നതായി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പല രാഷ്ട്രീയ നേതാക്കളും ബിനാമി പേരുകളില്‍ സഹകരണ ബേങ്കുകളില്‍ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച് വ്യക്തമായിട്ടുണ്ട്. ആദായനികുതി വകുപ്പിന് സഹകരണ ബേങ്ക് നിക്ഷേപം സംബന്ധിച്ച് വിവരങ്ങള്‍ ലഭിക്കാത്തതാണ് ഇതിന് സഹായകരമാകുന്നത്. ഇക്കാരണം കൊണ്ടാണ് സഹകരണ ബേങ്ക് നിക്ഷേപകരുടെ വിവരങ്ങള്‍ ആദായനികുതി വകുപ്പിന് നല്‍കണമെന്നാവശ്യപ്പെട്ടപ്പോള്‍ എല്ലാ രാഷ്ട്രീയക്കാരും ഒറ്റക്കെട്ടായി വിവാദമുണ്ടാക്കിയത്. സഹകരണ പ്രസ്ഥാനം തകര്‍ക്കാനാണ് ഈ നീക്കമെന്ന പ്രചാരണമാണ് അവര്‍ അഴിച്ചുവിട്ടത്.
പല സഹകരണ ബേങ്കുകളും വിവരം നല്‍കിയെങ്കിലും ചില ബേങ്കുകള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. അത്തരം സഹകരണ ബേങ്കുകള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കും. സ്വിസ് ബേങ്കുകള്‍ പോലും നിക്ഷേപം സംബന്ധിച്ച് വിവരം നല്‍കുമ്പോള്‍ സഹകരണ ബേങ്കുകള്‍ക്ക് നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ ഒളിച്ചുവെക്കാനാകില്ല.
കോഴിക്കോട് കമ്മീഷണറുടെ പരിധിയിലുള്ള അഞ്ച് ജില്ലകളില്‍ 2006ന് ശേഷം 3000 ചതുരശ്ര അടിയിലധികം വിസ്തീര്‍ണമുള്ള പതിനായിരത്തിലേറെ വന്‍ കെട്ടിടങ്ങളാണ് നിര്‍മിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ ഇവയില്‍ മിക്കതും നിര്‍മിച്ചത് കള്ളപ്പണം ഉപയോഗിച്ചാണെന്ന് വ്യക്തമായിട്ടുണ്ട്. കെട്ടിട നിര്‍മാണ രംഗത്താണ് സംസ്ഥാനത്ത് വന്‍തോതില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ളത്. കോഴിക്കോട് കമ്മീഷണറുടെ പരിധിയില്‍ ഈ വര്‍ഷം ഇതുവരെ 150 കോടിയോളം കള്ളപ്പണം കണ്ടെത്താനായി. പല നികുതി വെട്ടിപ്പുകാരുടെയും വിവരങ്ങള്‍ വ്യക്തമായി ലഭിച്ചിട്ടുണ്ടെന്നും അവര്‍ സ്വമേധയാ വരുമാനം വെളിപ്പെടുത്തുന്നത് നിരീക്ഷിക്കുകയാണെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.