ഫിലിം ക്യാമറയിലെ മുസ്‌ലിം ഇമേജ്

Posted on: December 12, 2014 5:02 am | Last updated: December 11, 2014 at 11:05 pm

9/11നു ശേഷം ഉടലെടുത്ത പുതിയ രാഷ്ട്രീയ പരിസരം ഭീകരതയുടെ ഉത്തരവാദിത്വം ആഗോള മുസ്‌ലിംകളുടെ മേല്‍ ചാര്‍ത്തുകയും വൈജാത്യങ്ങളൊന്നുമില്ലാതെ മുസ്‌ലിം ഐഡന്റിറ്റിക്ക് ദ്വയാര്‍ഥങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ഈ അവസരം മുതലെടുത്തത് ഇന്ത്യന്‍ സിനിമാ വ്യവസായമായിരുന്നു. മുസ്‌ലിംകളെ, വിശേഷിച്ചും കാശ്മീരികളെ തീവ്രവാദികളും ദേശവിരുദ്ധരുമാക്കി ചിത്രീകരിക്കുന്നതില്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് അനല്‍പ്പമായ പങ്കുണ്ട്.
സിനിമകള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന സ്വാധീനം ചെറുതല്ല. പുതിയ അഭിരുചികളേയും ആശയങ്ങളെയും സംസ്‌കാരത്തേയും അവതരിപ്പിക്കുന്നതിലുപരി അവ നിലവിലെ ധാരണകളെ പുനഃക്രമീകരിക്കുക കൂടി ചെയ്യുന്നുണ്ട്. The Central Board Of Films Certification Of India യുടെ കണക്ക് പ്രകാരം പത്ത് ലക്ഷത്തോളം തദ്ദേശീയര്‍ ഓരോ മാസവും സിനിമാഹാള്‍ സന്ദര്‍ശിക്കുന്നുണ്ട്. സിനിമാ വ്യവസായ രംഗത്ത് ബോളിവുഡിനുള്ള ഇടം വലുതാണ്. ടിക്കറ്റ് വില്‍പ്പനയിലും ഇറക്കുന്ന സിനിമകളുടെ എണ്ണത്തിലും ബോളിവുഡ് ബഹുദൂരം മുന്നിലാണ്. ഇന്ത്യന്‍ പരിസരങ്ങളില്‍ വലിയ സ്വീകാര്യതയും പിന്തുണയും ഇതിനുണ്ട്. ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്നതല്ല ബോളിവുഡിന്റെ മേഖല. ഇന്ത്യക്കാര്‍ കൂട്ടമായി വസിക്കുന്ന യു കെ, യു എസ് എ, കാനഡ, ആസല്‌ത്രേലിയ തുടങ്ങിയ രാഷ്ട്രങ്ങളിലുള്‍പ്പെടെ അതിനിടമുണ്ട്. ഇന്ത്യന്‍ പൈതൃകത്തേയും പവിത്രമായ സാംസ്‌കാരിക മൂല്യങ്ങളേയും മാറ്റി നിര്‍ത്തി വിവാദാത്മകമായ വിഷയങ്ങളെ പ്രശ്‌നവത്കരിക്കുന്നതില്‍ ബോളിവുഡ് സിനിമകള്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ജീവിതപരിസരങ്ങളെ പരിശോധിച്ചാലും അവതരിപ്പിക്കുന്ന വിഷയങ്ങളെ നിരീക്ഷിച്ചാലും ഇതര ഇന്ത്യന്‍ സിനിമകളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ ഇസ്‌ലാം വിരുദ്ധമാകാന്‍ ആകുന്നത്ര ശ്രമിക്കുന്നുണ്ട് ഹിന്ദി സിനിമകള്‍. ലഭ്യമായ സ്രോതസ്സുകളെ മുഴുവന്‍ ഇസ്‌ലാമിന്റെ വേരറുക്കുന്ന മൂര്‍ച്ചയുള്ള അസ്ത്രമാക്കുക എന്ന പ്രതിലോമ പ്രത്യയശാസ്ത്രത്തിന്റെ നേര്‍പ്പകര്‍പ്പാണ് ബോളിവുഡ് സിനിമകള്‍.
സിനിമാ നായകരുടെ സ്വഭാവങ്ങളെ സ്വാംശീകരിക്കുന്ന അന്ധമായ അനുകരണത്തിന് യുവാക്കള്‍ക്കിടയിലിന്ന് സജീവതയുണ്ട്. യാഥാര്‍ഥ്യമെന്നതിലപ്പുറം മിത്തുകള്‍ക്കും നിരര്‍ഥകമായ കാല്‍പ്പനിക ചിത്രീകരണങ്ങള്‍ക്കും യുവാക്കള്‍ക്കിടയില്‍ സ്വാധീനം ലഭിക്കുന്നത് സിനിമ ന്യൂ ജനറേഷന്‍ സ്റ്റൈലിന്റെ പ്രതിരൂപവും അതിന്റെ ഭാഗമാകുക എന്ന യുവമസ്തിഷ്‌കങ്ങളുടെ ഉള്‍പ്രേരണയുടെ പിന്‍ബലത്തിലുമാണ്. ചക് ദേ ഇന്ത്യ കാണുമ്പോള്‍ കളിയാരവങ്ങള്‍ക്ക് ലഹരി കൂടുന്നതും കോളജ് വിദ്യാര്‍ഥികളുടെ സംസാരഭാഷ പോലും സിനിമാ ഡയലോഗുകളോട് സദൃശമാകുന്നതും ഇതിന്റെ പരിണിതിയാണ്. ബോളിവുഡ് സിനിമകള്‍ മുസ്‌ലിം സമൂഹത്തെക്കുറിക്കുന്ന എക്‌സ്‌ക്ലൂസീവുകളോട് കാണിക്കുന്ന താത്പര്യം ശ്രദ്ധേയമാണ്. 9/11ന് ശേഷം പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് സമാനമായി ഈ ദൗത്യം സുന്ദരമായി നിറവേറ്റിയത് ബോളിവുഡ് രംഗമാണ്. ഒരു ദശകത്തെ ഇന്ത്യന്‍ സിനിമകളില്‍ നിന്ന് മുന്‍ധാരണകളൊന്നുമില്ലാതെ തിരഞ്ഞെടുക്കപ്പെട്ട സിനിമകള്‍ കാണുന്നവനും ഇക്കാലയളവില്‍ സിനിമയുടെ സ്വഭാവത്തിലുണ്ടായ ചെറുതല്ലാത്ത മാറ്റം പ്രകടമാകും.
90കള്‍ക്ക് ശേഷമുള്ള ഇന്ത്യന്‍ സര്‍ക്കാറുകളുടെ രാഷ്ട്രീയ അജന്‍ഡകളും നയങ്ങളും ബോളിവുഡിന്റെ സമീപനങ്ങളെ ആവേശിച്ചിരിക്കുന്നുവെന്ന് ഇവ്വിഷയകമായി പഠനം നടത്തിയവര്‍ വിശദീകരിക്കുന്നുണ്ട്. അവകളില്‍ അള്ളിപ്പിടിച്ച് മുസ്‌ലിം ഐഡന്റിറ്റിയും തീവ്രവാദവും തമ്മില്‍ പ്രതീകാത്മക ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ ആവോളം ശ്രമം നടക്കുന്നുണ്ട്. സിനിമകളിലെ വില്ലന്‍ ഇന്ത്യന്‍വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി രംഗത്ത് വരുന്നതും ഇസ്‌ലാമിന് വേണ്ടി പൊരുതുന്നതും കാണാം. സഹചാരികള്‍ മിക്കപ്പോഴും ഷല്‍വാര്‍ ഖമീസും ഷാളും ധരിച്ച തോക്കുധാരികളായിരിക്കും. ഇസ്‌ലാമിക പണ്ഡിതന്റെ വേഷമണിഞ്ഞ നേതാവ് അറബ് വചനങ്ങളുരുവിട്ട് ഇന്ത്യയെ തകര്‍ക്കാനുള്ള അടങ്ങാത്ത അഭിലാഷം മുമ്പില്‍ വെക്കുന്നു. നിര്‍മാതാവിന്റെ പര്‍വതീകൃത പ്രയോഗങ്ങളെ വിഴുങ്ങാന്‍ ഈ ആകര്‍ഷകോപാധി കാഴ്ചക്കാരെ പ്രേരിപ്പിക്കുന്നു. ഇവകളുടെ വിശ്വാസ്യതയാണ് പൊതുജനമനസാക്ഷിയില്‍ മുസ്‌ലിംകള്‍ ദേശവിരുദ്ധരാണെന്നും അവരുടെ വിശ്വാസം നിഷേധാത്മകാശയങ്ങളിലധിഷ്ഠിതമാണെന്നും വിധിയെഴുതുന്നത്. ഇതുതന്നെയാണവരുടെ പ്രാഥമിക ലക്ഷ്യവും.
എണ്‍പതുകളും തൊണ്ണൂറുകളുടെ ആദ്യവുമായിരുന്നു കാശ്മീര്‍ പ്രശ്‌നം ബോളിവുഡ് സിനിമകളുടെ ഭാഗമാകുന്നത്. ഇത് കാശ്മീരികള്‍ക്ക് തീവ്രവാദികളുടെ പരിവേഷം നല്‍കപ്പെട്ടതിന്റെ കൂടി പ്രാരംഭമായിരുന്നു. ആഗോള തലത്തില്‍ തന്നെ ഭീകരരായി മുദ്രകുത്തപ്പെട്ടവരുടെ ജയില്‍ മോചനത്തിനായി ആവശ്യമുന്നയിക്കുന്നതും പോരാടുന്നതും പല സിനിമകളിലും ദൃശ്യമാണ്.
ഇന്ത്യന്‍ സിനിമയെ ബാധിച്ച ഈ പ്രശ്‌നം ഗുരുതരമാണ്. മുസ്‌ലിം സ്വത്വവും തീവ്രവാദവും സംബന്ധിച്ച സംവാദാത്മക ചര്‍ച്ചകള്‍ക്ക് ഒരു ഭാഗത്ത് ചുടേറുമ്പോള്‍ ബോളിവുഡ് അവര്‍ക്കാവുന്ന വിധം വര്‍ഗീയ മനോഭാവ രൂപവത്കരണത്തിനുള്ള ഇന്ധനം പകരുന്നുണ്ട്. മുസ്‌ലിം സമൂഹം നൂറ്റാണ്ടുകളായി ഇന്ത്യയില്‍ വസിക്കുന്ന വലിയ ന്യൂനപക്ഷമാണ്. എന്നാല്‍, ഈ വീക്ഷണ കോണിലൂടെയല്ല മുസ്‌ലിം ഇമേജിന്റെ സിംഹഭാഗവും അവതരിപ്പിക്കപ്പെടുന്നത്. സംസ്‌കാരം, ഭാഷ, സാമ്പത്തികം, ഉദ്യോഗം, രാഷ്ട്രീയം, മനോഭാവം എന്നിവയില്‍ വൈവിധ്യം നിലനില്‍ക്കുന്ന വലിയൊരു വിഭാഗത്തെ കേവലം‘ഇന്ത്യന്‍ മുസ്‌ലിം എന്ന ശീര്‍ഷകത്തില്‍ വര്‍ഗീകരിക്കുന്നതുതന്നെ ആസൂത്രിതമാണ്.
ഇന്ന് സിനിമയില്‍ ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സംജ്ഞയാണ് ജിഹാദ്. കേരളത്തിന്റെ ധാര്‍മിക പരിസരങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തിയ പരസ്യ ചുംബനത്തിനെതിരെ നിലപാടെടുക്കാന്‍ യുവമോര്‍ച്ചയെ മുന്നോട്ടുനയിച്ച ചേതോവികാരം ലൗ ജിഹാദിന്റെ പ്രസരണമെന്ന വലിയ ഭീതിയായിരുന്നുവത്രെ! എല്ലാ മുസ്‌ലിംകളും തീവ്രവാദികളാണെന്നും നിഷ്‌കളങ്കരായ അമുസ്‌ലിംകള്‍ക്കും നിഷ്പക്ഷ നിലപാടുകാര്‍ക്കുമെതിരെ ജിഹാദിന്റെ ദ്രംഷ്ടകള്‍ പ്രയോഗിക്കപ്പെടുന്നുണ്ടെന്നും സിനിമകള്‍ സുന്ദരമായി ചിത്രീകരിക്കുന്നുണ്ട്. ഭീകരര്‍ മതകീയ കര്‍മങ്ങളില്‍ നിഷ്ഠയുള്ളവരാണ്. രാജ്യത്തിനും അമുസ്‌ലിംകള്‍ക്കുമെതിരെ വാചാലരാകുന്ന തലവന്മാര്‍ മതപണ്ഡിത വേഷമണിഞ്ഞവരും ഖുര്‍ആനിക സൂക്തങ്ങള്‍ ഉരുവിടുന്നവരുമാണ്.
ബ്ലാക്ക് ആന്റ് വൈറ്റ് എന്ന സിനിമയില്‍ മുസ്‌ലിം വേഷധാരി പല വൈകൃതങ്ങളിലും വ്യാപൃതനാകുന്നതും അല്ലാഹ്, ഇന്‍ശാ അല്ലാഹ് തുടങ്ങിയ വിശുദ്ധപദങ്ങള്‍ ഉച്ചരിക്കുന്നതും കാണാം. ഇന്ത്യയിലേക്കുള്ള ചാവേറുകള്‍ക്ക് പാക്കിസ്ഥാന്‍ സ്റ്റൈലില്‍ ഉറുദുവില്‍ ഉപദേശവും നല്‍കുന്നുണ്ട്. ഈ സിനിമയുടെ ആദിമധ്യാന്തം ഇസ്‌ലാം വിരുദ്ധത ആധിപത്യം നേടുന്നുണ്ട്.
‘ഹൈജാക്കി’ല്‍ ഒരു സംഘമാളുകള്‍ ഒരു വിമാനം ഹൈജാക്ക് ചെയ്യുന്നുന്നു. ഇന്ത്യന്‍ ഗവണ്‍മെന്റിനോട് മുസ്‌ലിമായ തങ്ങളുടെ തലവനെ മോചിപ്പിക്കാന്‍ ആവശ്യപ്പെടുന്നു. ദൃഢവിശ്വാസവും തലവന്റെ ജിഹാദ് പ്രഖ്യാപനം നിറവേറ്റുന്നതിലുള്ള ആത്മസംതൃപ്തിയും അവരുടെ ഭാവങ്ങളില്‍ നിന്നും വായിക്കാം. ഹീനമാര്‍ഗത്തിന്റെ ഏതറ്റംവരെ ഗമിച്ചും ലക്ഷ്യ സാക്ഷാത്കാരത്തിനുള്ള സന്നദ്ധത അവരില്‍ പ്രകടമാണ്.
‘ട്രാഫിക്ക് സിഗ്ന’ലില്‍ ക്രിമിനലുകളും അധോലോക ബന്ധമുള്ളവരും മുസ്‌ലിംകളാണ്. യാചക റാക്കറ്റുമായി പണം തട്ടുന്നവനാണ് നായകന്‍. യാചനക്ക് നിര്‍ബന്ധിക്കുന്ന അദ്ദേഹം തസ്ബീഹ് മാല കൈയില്‍ പിടിച്ച ഖമീസ് ധാരിയാണ്. വിശുദ്ധ വചനങ്ങള്‍ വിരിയുന്ന നാവുണ്ടദ്ദേഹത്തിന്! നിര്‍മാതാക്കളുടെ മുന്‍ധാരണ ഇവകളിലെല്ലാം പ്രകടമാണ്. ജിഹാദ് ഫര്‍സ് ഹേ(ജിഹാദ് കല്‍പിക്കപ്പെട്ടതാണ്) എന്നിത്യാദി പദങ്ങളാണ് ക്രൂരതയുടെ പ്രതിരൂപമണിയാന്‍ ഇവര്‍ക്ക് ഉത്തേജകമാവുന്നത്?! ഭക്ഷണ രീതിയിലും മുസ്‌ലിം സംസ്‌കാരം ഇവര്‍ക്ക് അനുപേക്ഷണീയമാണ്. ‘വിശ്വരൂപ’ത്തിലും മുസ്‌ലിം ഇമേജിനെ മനഃപൂര്‍വം വികൃതമാക്കുന്നത് പൊതുമണ്ഡലങ്ങളില്‍ വിഷയമായിരുന്നല്ലോ.
ഇസ്‌ലാമിന്റെ വിപ്ലവാത്മക വളര്‍ച്ചയെ പ്രതിരോധിക്കാന്‍ യൂറോപ്യര്‍ പ്രകടമാക്കിയ പ്രതിലോമപരമായ നയങ്ങളുടെ ഇന്ത്യന്‍ പതിപ്പാണ് ഭൂരിഭാഗം സിനിമകളുമെന്ന് പ്രസ്തുത വിവരങ്ങളില്‍ നിന്ന് സുവ്യക്തം. സിനിമാ സംവിധായകരിലധികവും ഇസ്‌ലാമിന്റെ ചേതോഹരമായ ജീവിത സൗന്ദര്യത്തെ കുറിച്ച് അജ്ഞാതര്‍ തന്നെയാണ്. മുസ്‌ലിംവിരുദ്ധത നിറഞ്ഞാടുന്ന ദൃശ്യങ്ങള്‍ക്ക് തിയറ്ററുകളില്‍ സ്വീകാര്യത കൂടുമെന്ന ലാഭാധിഷ്ഠിത ദീര്‍ഘവീക്ഷണമോ, ഉള്ളിനുള്ളിലെ മുസ്‌ലിം വിരുദ്ധതയോടൊപ്പം ആഗോള മീഡിയ മുന്‍നിരക്കാര്‍ മുന്നോട്ടുവെക്കുന്ന ‘ഒന്നുകില്‍ മുസ്‌ലിമാകുക അല്ലെങ്കില്‍ മുസ്‌ലിംവിരുദ്ധനാകുക’ എന്ന നിഷ്പക്ഷതയെ നിരാകരിക്കുന്ന സമവാക്യത്തോടുള്ള അവാച്യമായ അഭിനിവേശമോ തങ്ങള്‍ സ്വപ്‌നം കാണുന്ന ചീഞ്ഞളിഞ്ഞ സംസ്‌കാര സജീവതയുടെ സാക്ഷാത്കാരത്തിന് വിഘ്‌നമാസുമോ എന്ന ഉള്‍ഭയമോ ആണ് മിക്കപ്പോഴും സിനിമയില്‍ മുസ്‌ലിം ഐഡന്റിറ്റി പ്രതിലോമചിഹ്നങ്ങളായി സന്നിവേശിപ്പിച്ച് ക്യാമറക്കണ്ണിലൂടെ കാണികളെ വശീകരിക്കാന്‍ നിര്‍മാതാക്കളെ പ്രേരിപ്പിക്കുന്നത്.
ആഗോള ധൈഷണിക സമൂഹം ഇസ്‌ലാമിനെപ്പറ്റി ഗൗരവമായി ചിന്തിക്കുകയും ആശ്ലേഷിക്കുകയും ചെയ്യുമ്പോള്‍ അന്ധത സ്വയം നടിച്ച് നെഗറ്റീവ് ട്രെന്റുകളില്‍ കടിച്ചുതൂങ്ങുന്ന സിനിമാ സ്റ്റൈല്‍ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.