Connect with us

Gulf

കുട്ടികളുടെ ബിനാലെ തുടങ്ങി

Published

|

Last Updated

ഷാര്‍ജ: കുട്ടികളുടെ ബിനാലെ ഷാര്‍ജ ആര്‍ട് മ്യൂസിയത്തില്‍ ആരംഭിച്ചു. യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മകളും ഫാമിലി അഫയേഴ്‌സ് സുപ്രീം കൗണ്‍സില്‍ ചെയര്‍പേഴ്‌സനുമായ ശൈഖ ജവാഹിര്‍ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
11 അറബ്-അറബേതര രാജ്യങ്ങളില്‍ നിന്നു ലഭിച്ച 1,066 അപേക്ഷകളില്‍ നിന്നു തിരഞ്ഞെടുത്ത ചിത്രങ്ങള്‍, ശില്‍പങ്ങള്‍, ഫോട്ടോഗ്രഫി, മള്‍ട്ടീമീഡിയ എന്നിങ്ങനെ 550 കലാ സൃഷ്ടികളാണ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ചോദ്യങ്ങള്‍ എന്ന പ്രമേയത്തിലാണ് ഇപ്രാവശ്യത്തെ ബിനാലെ. കുട്ടികള്‍ക്ക് കലയെ സംബന്ധിച്ച എന്തു സംശയ നിവാരണവും നടത്താം. ആറ്-ഒമ്പത്, 10-13, 14-18 എന്നീ പ്രായത്തിലുള്ള മൂന്നു വിഭാഗങ്ങളിലാണ് പ്രദര്‍ശനം.
യു എ ഇയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പങ്കെടുക്കുന്നത്-428. ചെക്ക് റിപബ്ലിക്-45. ജോര്‍ദാന്‍-17, പാക്കിസ്ഥാന്‍-16, ദക്ഷിണകൊറിയ-12, ഈജിപ്ത്-11, സുഡാന്‍-ഒമ്പത്, അമേരിക്ക-ഏഴ്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ-രണ്ട് വീതം, സിറിയ-ഒന്ന്. 32 പ്രധാന ഹാളുകളില്‍ ആറ് വിഭാഗങ്ങളിലായാണ് പ്രദര്‍ശനം.
ഫെബ്രുവരി ഒന്‍പത് വരെ നടക്കുന്ന പരിപാടിയില്‍ 29 ശില്‍പശാലകളും സെമിനാറുകളും ചര്‍ച്ചകളും അരങ്ങേറും. ചിത്രരചന, ശില്‍പങ്ങള്‍, 3 ഡി മാതൃകകള്‍, അക്രിലിക് പെയിന്റിംഗ് എന്നിവയില്‍ പരിശീലനം നല്‍കുന്നുമുണ്ട്. പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികളെയും മറ്റുള്ളവരോടൊപ്പം ഉള്‍പ്പെടുത്തുന്നു. അല്‍ തവാം ആശുപത്രി കാന്‍സര്‍ വാര്‍ഡിലെ കുട്ടികളുടെ പങ്കാളിത്തമാണ് ഇപ്രാവശ്യത്തെ പ്രത്യേകത. ഇവരുടെ കലാസൃഷ്ടികളാണ് ബിനാലെയുടെ പ്രചാരണത്തിന് ഉപയോഗിക്കുന്നത്. കുട്ടികള്‍ക്ക് ഷാര്‍ജയുടെ വിവിധ ഭാഗങ്ങളിലും മസാഫി, റാസല്‍ ഖൈമ എന്നിവിടങ്ങളിലും സന്ദര്‍ശനമൊരുക്കും. ഗള്‍ഫില്‍ ആദ്യമായാണ് കുട്ടികളുടെ ബിനാലെ സംഘടിപ്പിക്കുന്നത്.

Latest