Connect with us

Gulf

52,000 വ്യാജ ഉല്‍പന്നങ്ങള്‍ പിടികൂടി

Published

|

Last Updated

അബുദാബി: 52,000 വ്യാജ ഉല്‍പന്നങ്ങള്‍ പിടികൂടിയതായി അധികൃതര്‍ വ്യക്തമാക്കി. 2014ന്റെ ആദ്യ ഒമ്പത് മാസങ്ങളിലായാണ് ഇത്രയും അധികം വ്യാജ ഉല്‍പന്നങ്ങള്‍ പിടികൂടിയത്. വ്യാജ ഉല്‍പന്നങ്ങള്‍ക്കെതിരെ അബുദാബി സര്‍ക്കാര്‍ നടത്തുന്ന വ്യാപകമായ പ്രചാരണത്തിന്റെയും കര്‍ശന നടപടിയുടെയും ഭാഗമായാണ് ഉല്‍പന്നങ്ങള്‍ പിടികൂടിയതെന്ന് അധികൃതര്‍ പറഞ്ഞു. പിടികൂടിയ വ്യാജ ഉല്‍പന്നങ്ങളില്‍ ബഹുഭൂരിഭാഗവും വിദേശ രാജ്യങ്ങളില്‍ നിന്നു അനധികൃതമായി കടത്തികൊണ്ടുവന്നു അബുദാബിയിലെ വിവിധ മേഖലയില്‍ വില്‍ക്കാന്‍ ശ്രമിച്ചവയാണ്.
മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പോളമാണ് യു എ ഇ. ഇത് തിരിച്ചറിഞ്ഞാണ് വ്യാജ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ ചിലര്‍ ശ്രമിക്കുന്നത്. 2013നെ അപേക്ഷിച്ച് പിടിച്ചെടുക്കപ്പെടുന്ന വ്യാജ ഉല്‍പന്നങ്ങളുടെ അളവില്‍ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്.
ഇത്തരം ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നവര്‍ക്കെതിരായ കര്‍ശന നടപടിയാണ് ഇതിന്റെ വ്യാപനം തടയുന്നതിന് സഹായകമാവുന്നത്. കഴിഞ്ഞ വര്‍ഷം 1,42,000 വ്യാജ ഉല്‍പന്നങ്ങളായിരുന്നു കണ്ടുകെട്ടിയതെന്ന് സാമ്പത്തിക വികസന വിഭാഗം വെളിപ്പെടുത്തി.
വ്യാജ ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട് 1,593 പരാതികളാണ് സാമ്പത്തിക വികസന വിഭാഗത്തിന് ലഭിച്ചത്. ഈ വര്‍ഷത്തിന്റെ ആദ്യ ഒമ്പത് മാസത്തെ കണക്കാണിത്. സാമ്പത്തിക വികസന വിഭാഗത്തിന് കീഴിലുള്ള ഉദ്യോഗസ്ഥര്‍ 10,592 പരിശോധനകളാണ് വ്യാജ ഉല്‍പന്നങ്ങള്‍ കണ്ടെത്താനായി അബുദാബി എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയത്. ഇതിലൂടെ മൊത്തം 52,673 വ്യാജ ഉല്‍പന്നങ്ങള്‍ പിടിച്ചെടുക്കാനായതായി സാമ്പത്തിക വികസന വിഭാഗം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ഒമര്‍ അബ്ദുല്ല വെളിപ്പടുത്തി. പിടിച്ചെടുത്ത വ്യാജ ഉത്പന്നങ്ങള്‍ അധികൃതര്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചു. ജനങ്ങള്‍ക്ക് ഇത്തരം ഉല്‍പന്നങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുകയാണ് പ്രദര്‍ശനത്തിന്റെ ലക്ഷ്യം. സാമ്പത്തിക മന്ത്രാലയം കസ്റ്റംസ്, അബുദാബി പോലീസ് എന്നിവയുമായി സഹകരിച്ചാണ് വ്യാജ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.