അനധികൃത സ്വത്ത്: അപ്പീല്‍ നേരത്തെ പരിഗണിക്കണമെന്ന ജയലളിതയുടെ ഹരജി തള്ളി

Posted on: December 11, 2014 1:12 pm | Last updated: December 11, 2014 at 1:12 pm

Jayalalithaa_wipes_eyes_PTI_650ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷ വിധിച്ചതിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ നേരത്തെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. അപ്പീലുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കര്‍ണാടക ഹൈക്കോടതിയില്‍ ഹാജരാക്കിയതായി ജയലളിതയുടെ അഭിഭാഷകന്‍ ഫാലി നരിമാന്‍ സുപ്രീം കോടതിയെ അറിയിച്ചുവെങ്കിലും വിചാരണ നേരത്തെയാക്കാന്‍ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഹരജി തള്ളുകയായിരുന്നു.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബംഗളൂരുവിലെ വിചാരണക്കോടതി കഴിഞ്ഞ സെപ്തംബറിലാണ് ജയലളിതയെ നാല് വര്‍ഷത്തെ തടവിനും നൂറ് കോടി രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്. തുടര്‍ന്ന് ഒക്‌ടോബറില്‍ സുപ്രീം കോടതി ജയലളിതക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. കര്‍ണാടക ഹൈക്കോടതിയില്‍ ജയലളിത സമര്‍പ്പിച്ച ജാമ്യഹരജിയില്‍ മൂന്ന് മാസത്തിനകം അന്തിമ തീര്‍പ്പ് കല്‍പ്പിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഡിസംബര്‍ 18ന് മുമ്പായി അപ്പീല്‍ ഹരജിയുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജയലളിതക്കും കോടതി നിര്‍ദേശം നല്‍കിയിരുന്നു.