ആഡംബര ബൈക്കുകള്‍ മോഷ്ടിക്കുന്ന സംഘത്തിലെ മൂന്ന്‌പേര്‍ അറസ്റ്റില്‍

Posted on: December 11, 2014 10:30 am | Last updated: December 11, 2014 at 10:30 am

പെരിന്തല്‍മണ്ണ: മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലായി വ്യാപകമായി ആഡംബര ബൈക്കുകള്‍ മോഷ്ടിക്കുന്ന സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റിലായി.
ഒറ്റപ്പാലം കൈരംപാറ സ്വദേശി ചോണാട്ടില്‍ വീട്ടില്‍ രോഹിത് (20), അമ്പലപ്പാറ ചുനങ്ങാട് സ്വദേശി തെരയന്‍കോട്ടില്‍ വീട്ടില്‍ മുഹമ്മദ് സാലിഹ് (20), കൊപ്പം നാട്യമംഗലം മേടയില്‍ വീട്ടില്‍ മുഹമ്മദാലി(25) എന്നിവരാണ് അറസ്റ്റിലായത്. പൂരം, ക്ഷേത്രോത്സവം എന്നിവ നടക്കുന്ന സമയങ്ങളില്‍ നഗരത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ മോഷ്ടിക്കുന്ന സംഘത്തില്‍പ്പെട്ടവരാണിവര്‍. 12 പേര്‍ ഉള്‍പ്പെട്ട വിപുലമായ സംഘത്തിലെ അംഗങ്ങളാണിവര്‍. മറ്റുളളവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും ഇവര്‍ ഉടന്‍ അറസ്റ്റിലാകുമെന്നും പെരിന്തല്‍മണ്ണ പോലീസ് പറഞ്ഞു.
ഇന്നലെ പുലര്‍ച്ചെ പെരിന്തല്‍മണ്ണ ബൈപ്പാസ് ജംഗ്ഷനില്‍വെച്ച് പെരിന്തല്‍മണ്ണ സി ഐ. കെ എം ബിജുവിന്റെ നേതൃത്വത്തില്‍ എസ് ഐ. ഐ ഗിരീഷ്‌കുമാറും സ്‌പെഷ്യല്‍ സ്‌ക്വാഡും ഡി വൈ എസ് പിയുടെ കീഴിലുളള ഷാഡോ പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
പട്രോളിംഗിനിടെ തറയില്‍ ബസ്സ്റ്റാന്‍ഡിന് മുന്നില്‍ പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയ്ക്കിടെ മോഷ്ടിച്ച ബൈക്കുമായി എത്തിയ പ്രതികള്‍ പോലീസിനെ കണ്ടതോടെ വാഹനവുമായി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പൂരാഘോഷങ്ങള്‍ക്കിടെ തൂത ടൗണില്‍ പാര്‍ക്കു ചെയ്തിരുന്ന മോട്ടോര്‍സൈക്കിള്‍ മോഷ്ടിച്ചതായി പ്രതികള്‍ സമ്മതിച്ചു. പെരിന്തല്‍മണ്ണ പോലീസ് നേരത്തെ അറസ്റ്റുചെയ്ത അന്തര്‍ സംസ്ഥാന വാഹന മോഷണ സംഘത്തിലെ മുഖ്യപ്രതിയായ ഷംനാദ്, അബ്ദുള്‍സലാം എന്നിവര്‍ക്ക് വേണ്ടിയാണ് തങ്ങള്‍ വാഹന മോഷണം നടത്തുന്നതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.
ഒറ്റപ്പാലം, കൈരംപാറ, ത്രിക്കടീരി, പാലപ്പുറം, പുലാമന്തോള്‍, കൊപ്പം എന്നിവിടങ്ങളിലാണ് കൂട്ടുപ്രതികള്‍ താമസിക്കുന്നതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. യുവാക്കളും വിദ്യാര്‍ഥികളുമാണ് സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ . ആഡംബര ജീവിതത്തിനും ലഹരി മരുന്നുകള്‍ വാങ്ങാനുമാണ് സംഘം മോഷ്ടിച്ച ബൈക്കുകള്‍ വിറ്റുകിട്ടുന്ന പണം ചെലവഴിക്കുന്നത്.
മോഷ്ടിച്ച ബൈക്കുകള്‍ പലയിടങ്ങളിലായി തുച്ഛമായ വിലയ്ക്ക് വില്‍പ്പന നടത്തുന്നത് ഷംനാദും അബ്ദുള്‍സലാമുമാണ്. മുഖ്യപ്രതി ഷംനാദിന്റെ നിര്‍ദേശപ്രകാരമാണ് ഈ സംഘത്തിലെ മുഴുവനാളുകളും പ്രവര്‍ത്തിച്ചിരുന്നത്.
വിലകൂടിയ ബൈക്കുകളാണ് മോഷ്ടിക്കുക. കൂടുതലായും പൂരാഘോഷ സമയങ്ങളിലാണ് കവര്‍ച്ച. ബൈക്കിന്റെ ലോക്കുകള്‍ കാലുകൊണ്ട് ചവിട്ടി പൊട്ടിച്ച് കളളത്താക്കോലുപയോഗിച്ച് സ്റ്റാര്‍ട്ടാക്കി കൊണ്ടുപോവുകയാണ് ചെയ്തിരുന്നത്.
സംഘാംഗങ്ങളെക്കുറിച്ചും സംഘാംഗങ്ങള്‍ വിറ്റ ബൈക്കുകളെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ അറസ്റ്റുണ്ടാവുമെന്ന് പോലീസ് പറഞ്ഞു. ഗ്രേഡ് എസ് ഐ. കെ ടി മുരളീധരന്‍, സ്‌പെഷ്യല്‍ സ്‌ക്വാഡിലെയും ഷാഡോ പോലീസിലെയും അന്വേഷണ ഉദ്യോഗസ്ഥരായ പി എന്‍മോഹനകൃഷ്ണന്‍, പിമോഹന്‍ദാസ്, സി പി മുരളി, സി പി സന്തോഷ്, ടി എന്‍ കൃഷ്ണകുമാര്‍, എന്‍ വി ഷെബീര്‍, അഭിലാഷ് കൈപ്പിനി, കെ അച്യുതന്‍, അനില്‍ചാക്കോ, അശ്‌റഫ് കൂട്ടില്‍, ജ്യോതി പോലീസ് സംഘത്തിലുണ്ട്.