മഴയില്‍ കുതിരാതെ റെക്കോര്‍ഡുകള്‍

Posted on: December 11, 2014 12:24 am | Last updated: December 11, 2014 at 12:24 am

RENJITH, POLEVAULT, JR BOYS, ST GEORGE HSSതിരുവനന്തപുരം: 58-മത് സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന്റെ മഴയില്‍ കുതിര്‍ന്ന മൂന്നാം ദിനം ട്രാക്കിലും ഫീല്‍ഡിലുമായി കായിക പ്രതിഭകള്‍ സ്ഥാപിച്ചത് അഞ്ച് പുതിയ മീറ്റ് റെക്കോഡുകള്‍. ഇതോടെ മൂന്ന് ദിവസങ്ങളിലായി 12 മീറ്റ് റെക്കോര്‍ഡുകള്‍ പുതുതായി പിറന്നു. ഇന്നലെത്തെ അഞ്ചെണ്ണത്തില്‍ മൂന്നെണ്ണവും ദേശീയ റെക്കോഡിനേക്കാള്‍ മികച്ച പ്രകടനമായിരുന്നു.
ഇന്നലെത്തെ ആദ്യ റെക്കോഡ് സ്വന്തമാക്കിയത് കോഴിക്കോട് നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് എച്ച് എസ് എസിലെ കെ ആര്‍ ആതിരയായിരുന്നു. ജൂനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററിലാണ് ദേശീയ റെക്കോഡിനേക്കാള്‍ മികച്ച പ്രകടനം നടത്തിയാണ് ആതിര 2013ലെ തന്റെ തന്നെ റെക്കോഡ് പുതുക്കിയത്. ഈയിനത്തില്‍ യഥാക്രമം സ്വര്‍ണവും വെള്ളിയും നേടിയ മുണ്ടൂര്‍ എച്ച് എസ് എസിലെ സി ബബിതയും കോഴിക്കോട് ബാലുശ്ശേരി ജി ജി എച്ച് എസ്എസിലെ അബിത മേരി മാനുവലും നിലവിലെ റെക്കോഡ് തിരുത്തിക്കുറിക്കുകയും ദേശീയ റെക്കോഡിനേക്കാള്‍ മികച്ച പ്രകടനം നടത്തുകയും ചെയ്തു.
സീനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററിലാണ് ഇന്നലെ രണ്ടാം റെക്കോഡ് പിറന്നത്. മൂന്ന് മിനിറ്റ് 54.92 സെക്കന്റില്‍ ഫിനിഷ് ചെയ്ത് പറളിയുടെ മുഹമ്മദ് അഫ്‌സലാണ് റെക്കോഡ് തിരുത്തിയത്.
ദേശീയ റെക്കോഡായ മൂന്ന് മിനിറ്റ് 56.10 സെക്കന്റിനേക്കാളും മികച്ച പ്രകടനമായിരുന്നു അഫ്‌സല്‍ ഇന്നലെ എല്‍എന്‍സിപിഇയിലെ സിന്തറ്റിക് ട്രാക്കില്‍ നടത്തിയത്. 2013-ല്‍ കൊച്ചിയില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ തിരുവനന്തപുരം സായിയിലെ ട്വിങ്കിള്‍ ടോമി സ്ഥാപിച്ച 4 മിനിറ്റ് 00.45 സെക്കന്റിന്റെ റെക്കോഡാണ് അഫ്‌സല്‍ സ്വന്തം പേരിലേക്ക് മാറ്റിയെഴുതിയത്.മറ്റ് രണ്ട് റെക്കോര്‍ഡുകള്‍ പെണ്‍കുട്ടികളുടെ ഹര്‍ഡില്‍സിലാണ്. സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോഴിക്കോട് ജില്ലയുടെ അപര്‍ണാ റോയിയും സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോട്ടയത്തിന്റെ ഡൈബി സെബാസ്റ്റിയനുമാണ് റെക്കോഡ് തിളക്കവുമായി ട്രാക്കില്‍ തീപടര്‍ത്തിയത്. മീറ്റിന്റെ രണ്ടാം ദിവസം 100 മീറ്റര്‍ സ്പ്രിന്റില്‍ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന അര്‍പണ റായി ഇന്നലെ ആ സങ്കടം കഴുകിക്കളഞ്ഞത് റെക്കോഡ് തിളക്കത്തിലായിരുന്നു.
12.29 സെക്കന്റില്‍ പറന്നെത്തിയ അപര്‍ണ റോയി 2008-ല്‍ പാലക്കാടിന്റെ പി. മെര്‍ലിന്‍ സ്ഥാപിച്ച 12.67 സെക്കന്റിന്റെ റെക്കോര്‍ഡാണ് ഇന്നലെ സ്വന്തം പേരിലാക്കിയത്. ദേശീയ റെക്കോഡായ 12.35 സെക്കന്റിനെയും മറികടന്നാണ് അപര്‍ണ ട്രാക്കില്‍ വിസ്മയം തീര്‍ത്തത്. കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് എച്ച്എസിലെ വിദ്യാര്‍ഥിനിയാണ് അപര്‍ണാ റോയി.
സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ 14.69 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ഡൈബി സെബാസ്റ്റ്യന്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. 2012-ല്‍ ഇടുക്കി ജില്ലയിലെ വണ്ണപ്പുറം എസ് എന്‍ എം വി എച്ച്എസിനെ ടി എസ് ആര്യ സ്ഥാപിച്ച 14.70 സെക്കന്റിന്റെ റെക്കോര്‍ഡാണ് കോട്ടയം ഭരണങ്ങാനം സെന്റ് മേരീസ് എച്ച് എസ് എസിലെ ഡൈബി സെബാസ്റ്റ്യന്‍ തിരുത്തിയത്. കഴിഞ്ഞ ദിവസം നൂറുമീറ്റിലും സ്വര്‍ണ്ണം നേടിയ ഡൈബി ഇന്നലെ 4-100 മീറ്റര്‍ റിലേയിലും കോട്ടയം ടീമിനെ സ്വര്‍ണ്ണത്തിലേക്ക് നയിച്ചിരുന്നു.
ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹാമര്‍ ത്രോയിലാണ് ഇന്നലത്തെ അവസാന റെക്കോഡ്. കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസിലെ ശ്രീഹരി വിഷ്ണു 47.96 മീറ്റര്‍ എറിഞ്ഞാണ് പുതിയ റെക്കോര്‍ഡിന് അവകാശിയായത്. കഴിഞ്ഞ വര്‍ഷം മാതിരപ്പിള്ളി എച്ച്എസിലെ ഷിജോ മാത്യു സ്ഥാപിച്ച 46.75 മീറ്ററിന്റെ റെക്കോഡാണ് ശ്രീഹരി ഇന്നലെ തിരുത്തിയത്.