മുംബൈ സ്‌ഫോടന പരമ്പര: യഅ്ഖൂബ് മേമന്റെ വധശിക്ഷക്ക് സ്റ്റേ

Posted on: December 11, 2014 12:02 am | Last updated: December 11, 2014 at 12:13 am

്‌ന്യൂഡല്‍ഹി: 1993ലെ മുംബൈ സ്‌ഫോടന പരമ്പര കേസിലെ പ്രതി യഅ്ഖൂബ് അബ്ദുര്‍റസാഖ് മേമന്‍ എന്ന യഅ്ഖൂബ് മേമന്റെ വധശിക്ഷക്ക് സുപ്രീം കോടതിയുടെ സ്റ്റേ. വധശിക്ഷ വിധിച്ചതിനെതിരെ മേമന്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജിയില്‍ മഹാരാഷ്ട്ര പ്രത്യേക ദൗത്യ സേനയുടെയും സി ബി ഐയുടെയും പ്രതികരണം കോടതി തേടിയിട്ടുണ്ട്. കേസില്‍ വധശിക്ഷക്ക് വിധിച്ച ഏകയാളാണ് യഅ്ഖൂബ് മേമന്‍.
പുനഃപരിശോധനാ ഹരജി നിലനില്‍ക്കുവോളമാണ് സ്റ്റേ വിധിയുടെ കാലാവധിയെന്നും അടുത്ത മാസം 28ന് കൂടുതല്‍ വാദം കേള്‍ക്കലിന് ഹരജി പരിഗണിക്കുമെന്നും ജസ്റ്റിസ് എ ആര്‍ ദേവ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് അറിയിച്ചു. തുറന്ന കോടതിയിലായിരുന്നു ഹരജി പരിഗണിച്ചത്. വധശിക്ഷക്ക് പ്രത്യേക കാരണമൊന്നും വിചാരണ കോടതിയോ പരമോന്നത കോടതിയോ ചൂണ്ടിക്കാട്ടിയിട്ടില്ലെന്ന് മേമന്റെ അഭിഭാഷകന്‍ വാദിച്ചു. സഹകുറ്റാരോപിതരുടെ കുറ്റസമ്മതത്തെ ആസ്പദമാക്കിയാണ് ശിക്ഷ വിധിച്ചത്. മേമന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുവെന്നതിന് സ്ഥിരീകരണമോ തെളിവോ വിധിന്യായത്തില്‍ ഇല്ല. മുഴുവന്‍ വിധിയും വരുന്നതിന് മുമ്പ് പ്രത്യേക ടാഡ കോടതി കുറ്റക്കാരനാക്കുകയും പിന്നീട് വധശിക്ഷക്ക് വിധിക്കുകയുമായിരുന്നെന്നും മേമന്റെ അഭിഭാഷകന്‍ വാദിച്ചു.
മേമന്റെ പുനഃപരിശോധനാ ഹരജി തുറന്ന കോടതിയില്‍ പരിഗണിക്കുന്നതില്‍ മഹാരാഷ്ട്ര സര്‍ക്കാറിന്റെ പ്രതികരണം സെപ്തംബര്‍ 26ന് സുപ്രീം കോടതി തേടിയിരുന്നു. നേരത്തെ ചേംബറുകളിലായിരുന്നു പുനഃപരിശോധനാ ഹരജി പരിഗണിച്ചത്. പിന്നീട് ഇവ തുറന്നകോടതിയില്‍ വാദം കേള്‍ക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിക്കുകയായിരുന്നു. ഈ വിധി ചൂണ്ടിക്കാട്ടിയാണ് തന്റെ ഹരജി തുറന്ന കോടതിയില്‍ പരിഗണിക്കണമെന്ന് മേമന്‍ അഭ്യര്‍ഥിച്ചത്. നിതാരി ബലാത്സംഗ, കൊലപാതക കേസുകളില്‍ വധശിക്ഷ ലഭിച്ച സുരീന്ദര്‍ കോലിയും സമാന രീതിയില്‍ ആവശ്യപ്പെട്ടിരുന്നു.