മര്‍കസ് സമ്മേളനം: പതാകദിനം നാളെ

Posted on: December 11, 2014 12:04 am | Last updated: December 11, 2014 at 10:50 pm

markazകോഴിക്കോട്: ഈ മാസം 18-21 തീയതികളില്‍ നടക്കുന്ന മര്‍കസ് 37 -ാം വാര്‍ഷിക സമ്മേളനത്തിന്റെ പതാക ദിനം നാളെ. സമ്മേളനത്തോടനുബന്ധിച്ച് കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും റൗളാ ശരീഫിന്റെ ഹരിത ഖുബ്ബ ആലേഖനം ചെയ്ത സമസ്തയുടെ 25 ത്രിവര്‍ണ പതാകകളും സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ 12 പതാകകളും കൂടി 37 പതാകകള്‍ ചേര്‍ത്ത് ഉയര്‍ത്തപ്പെടും.
സമ്മേളനത്തിന്റെ വിശദ വിവരങ്ങളും പിന്നിട്ട വഴികളുടെ ചരിത്ര ശകലങ്ങളും ഇന്ത്യയിലും പുറത്തും മര്‍കസ് പടുത്തുയര്‍ത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പറ്റിയും ജുമുഅക്ക് ശേഷം പള്ളികളില്‍ ഇമാമുമാരും യൂനിറ്റുകളില്‍ പ്രഭാഷകരും വിശദമായി പരിചയപ്പെടുത്തും. മര്‍കസ് ക്യാമ്പസ് കാണാനും കാന്തപുരം ഉസ്താദിനെ നേരില്‍ പരിചയപ്പെടാനും വിവിധ പദ്ധതികള്‍ മനസ്സിലാക്കാനും അയല്‍ പ്രദേശങ്ങളിലെയും ജില്ലകളിലെയും പൗര പ്രമുഖരും വിദ്യാഭ്യാസ വിചക്ഷണരും തൊഴിലാളികളും മര്‍കസില്‍ സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുകയാണ്.
ഇന്ന് രാവിലെ മര്‍കസില്‍ പഠിച്ചുവളര്‍ന്ന ഹാഫിളുകളുടെ സംഗമവും മൂന്ന് മണിക്ക് തീരദേശ തൊഴിലാളികള്‍, പരിസര വാസികള്‍ എന്നിവരുടെ സ്ഥാപന സന്ദര്‍ശനവും പ്രാര്‍ഥനയും നടക്കും. 13ന് യു എ ഇയിലെ അഡ്‌നോക് കമ്പനിയില്‍ ജോലിചെയ്യുന്ന വരുടെയും മുമ്പ് ജോലിചെയ്ത് പിരിഞ്ഞവരുടെയും കുടുംബങ്ങളുടെ സംഗമവും വനിതാക്ലാസ് വാര്‍ഷികവും നടക്കും. 14ന് 18000 ബോയ്‌സ് സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമമായ ബാക്ക് ടു സ്‌കൂള്‍ പ്രോഗ്രാം സ്‌കൂളില്‍ നടക്കും. 15ന് കോഴിക്കോട് ജില്ലയിലെയും 17ന് മലപ്പുറം ജില്ലയിലെയും 16ന് മറ്റു ജില്ലകളിലെയും വിഭവ സമാഹരണ സംഘങ്ങളും എത്തിച്ചേരും.
എല്ലാവരെയും സ്വീകരിക്കാന്‍ റിസപ്ഷന്‍ കമ്മിറ്റി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആകര്‍ഷണീയമായ എക്‌സ്‌പോ എക്‌സിബിഷന്‍ 16 ന് ആരംഭിക്കും. സമ്മേളന തയ്യാറെടുപ്പുകള്‍വിലയിരുത്താന്‍ ഇന്നലെ ചേര്‍ന്ന സ്വാഗതസംഘം യോഗത്തില്‍ വൈസ് ചെയര്‍മാന്‍ കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. വി പി എം വില്ല്യാപ്പള്ളി, ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി, മജീദ് കക്കാട് സംബന്ധിച്ചു.
സംസ്ഥാന, ജില്ലാതല സന്ദേശ യാത്രകള്‍ വിജയിപ്പിച്ചവര്‍ക്ക് യോഗം കൃതജ്ഞത രേഖപ്പെടുത്തി. സ്വാഗതസംഘം സെക്രട്ടറി ബി പി സിദ്ദീഖ് ഹാജി സ്വാഗതവും ലത്വീഫ് സഖാഫി നന്ദിയും പറഞ്ഞു.