അഴിമതിക്കേസ്: ചൈനയിലെ ഉന്നത നേതാവിന് ജീവപര്യന്തം

Posted on: December 11, 2014 2:35 am | Last updated: December 10, 2014 at 10:35 pm

ബീജിംഗ്: അഴിമതിക്കേസില്‍ ചൈനയിലെ മുന്‍ ഉന്നത ഉദ്യോഗസ്ഥന് ജീവപര്യന്തം തടവ്. ചൈനയിലെ ഉന്നത സാമ്പത്തികകാര്യ ഏജന്‍സിയായ നാഷനല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് റിഫോം കമ്മീഷനിലെ മുന്‍ ഡപ്യൂട്ടി ഡയറക്ടറായ ലിയു ടിനാന്‍നെയാണ് ലാങ്ഫാങ് ഇന്റര്‍മീഡിയറ്റ് പീപ്പിള്‍സ് കോടതി ശിക്ഷിച്ചത്. ടിനാന്‍ 5.8 ദശലക്ഷം ഡോളറിന്റെ അഴിമതി നടത്തിയെന്ന് എ എഫ് പിക്ക് കൈമാറിയ രേഖയില്‍ പറയുന്നു. കേസില്‍ വ്യക്തമായ തെളിവുകളും രേഖകളുമുള്ളതായി കൈമാറിയ രേഖയില്‍ പറയുന്നുണ്ട്. ടിനാന്റെ മുന്‍ കാമുകിയാണ് പൊതുവേദിയില്‍ ഇദ്ദേഹത്തിനെതിരെ ആദ്യം ആരോപണ മുന്നയിച്ചത്. അഴിമതിക്കെതിരെ ചൈനീസ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടിയുടെ ഭാഗമാണ് ടിനാനെതിരായ കേസ്. കേസില്‍ വിധി പ്രഖ്യാപിക്കുമ്പോള്‍ കോടതിയില്‍ വിദേശ മാധ്യമങ്ങളെ അനുവദിച്ചിരുന്നില്ല. ഔദ്യോഗിക ടെലിവിഷന്‍ കോടതി നടപടികള്‍ ടെലികാസ്റ്റ് ചെയ്തു. പദ്ധതികള്‍ക്ക് അനുമതി നല്‍കാനും മറ്റ് വഴിവിട്ട സഹായങ്ങള്‍ ചെയ്തുകൊടുക്കാനുമാണ് ടിനാന്‍ കൈക്കൂലി വാങ്ങിയതെന്ന് സെപ്തംബറില്‍ നടന്ന വിചാരണ വേളയില്‍ കോടതി വ്യക്തമാക്കിയിരുന്നു. കൈക്കൂലി പണമായും മകനുള്ള സമ്മാനങ്ങളായുമാണ് കൈപ്പറ്റിയത്.