Connect with us

Gulf

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിന് ദുബൈയില്‍ തുടക്കമായി

Published

|

Last Updated

ദുബൈ: നഗരത്തിന്റെ സമ്പൂര്‍ണ കാഴ്ച ലഭ്യമാക്കുന്ന ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിന് ദുബൈയില്‍ തുടക്കമായി. ഇതോടെ മേഖലയില്‍ ഈ സംവിധാനത്തിന് കീഴില്‍ വരുന്ന ആദ്യ നഗരമായി ദുബൈ മാറി. നഗരത്തിന്റെ പൊതു ഇടങ്ങളെല്ലാം സമഗ്രമായി ഉള്‍പ്പെടുത്തിയാണ് സ്ട്രീറ്റ് വ്യൂ തയ്യാറാക്കിയിരിക്കുന്നത്. നഗരവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും സഞ്ചാരികള്‍ക്കുമെല്ലാം ഇതൊരു ശുഭവാര്‍ത്തയാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പദ്ധതിയുമായി സഹകരിക്കുന്ന ദുബൈ നഗരസഭ ജ്യോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ഡയറക്ടര്‍ അബ്ദുല്‍ഹക്കീം മാലിക് വ്യക്തമാക്കി.
ആളുകളുടെ മുഖങ്ങളും വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളും സ്വകാര്യ താമസ മേഖലകളും ഒഴികേയുള്ളവയെല്ലാം ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ ദൃശ്യമാവും. ആളുകളുടെ മുഖങ്ങള്‍ തിരിച്ചറിയാതിരിക്കാന്‍ ബഌ ആക്കി മാറ്റിയാണ് ഉള്‍പെടുത്തിയിരിക്കുന്നത്. സ്ട്രീറ്റ് വ്യൂ പരോക്ഷമായി ദുബൈയുടെ വിനോദസഞ്ചാരത്തിന് സഹായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിത്യജീവിതത്തിലെ ദുബൈയുടെ കാഴ്ചകളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. യഥാര്‍ഥ ജീവിതത്തില്‍ ദുബൈ എങ്ങനെയിരിക്കുന്നെന്ന് കാണാന്‍ ഇതിലൂടെ കൃത്യമായി സാധിക്കും. ഗൂഗിള്‍ മാപ്പ് സന്ദര്‍ശിക്കുന്നവര്‍ക്ക് നഗരത്തിന്റെ വിവിധ കോണിലുള്ള 360 ഡിഗ്രീസ് കാഴ്ചകള്‍ ലഭ്യമാവും. സര്‍ക്കാര്‍ സര്‍വീസുകള്‍ക്കൊപ്പം റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിനും പരോക്ഷമായി സ്ട്രീറ്റ് വ്യൂ ഊര്‍ജം പകരുമെന്നും അദ്ദേഹം പറഞ്ഞു.
ബുര്‍ജ് ഖലീഫയുടെയും ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കിന്റെയും അടുത്ത കാലത്ത്് ലിവ മരുഭൂമിയുടെയും 360 ഡിഗ്രീസ് ചിത്രങ്ങള്‍ ഗൂഗിള്‍ ലഭ്യമാക്കിയിരുന്നു. ഒരു വര്‍ഷം മുമ്പാണ് ഇതുമായി ബന്ധപ്പെട്ട് ഗൂഗിള്‍ അധികൃതരുമായി ദുബൈ നഗരസഭ ചര്‍ച്ച നടത്തിയത്. അധികം വൈകാതെ അബുദാബിയുടെയും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുടെയും സമഗ്രമായ കാഴ്്ചകള്‍ ഗൂഗിള്‍ ഒരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അബ്ദുല്‍ഹക്കീം അഭിപ്രായപ്പെട്ടു.

Latest