Connect with us

Gulf

ദേശ വിരുദ്ധ സംഘം ചേരല്‍: 15 വര്‍ഷം വരെ തടവ്; 10 ലക്ഷം പിഴ

Published

|

Last Updated

അബുദാബി: രാജ്യ സുരക്ഷക്ക് ഭീഷണിയാകുന്ന രീതിയില്‍ രഹസ്യമായി സംഘം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനിടെ സുരക്ഷാ വിഭാഗം പിടികൂടിയവര്‍ക്കെതിരെ യു എ ഇ പരമോന്നത കോടതിയിലെ രാജ്യസുരക്ഷാ ബെഞ്ച് ഇന്നലെ വിധി പറഞ്ഞു. 15 അംഗ സംഘത്തിലെ പലര്‍ക്കും വ്യത്യസ്ത കാലയളവാണ് തടവുശിക്ഷ.
കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടെ ഫെഡറല്‍ സുപ്രീം കോടതി ന്യായാധിപന്‍ മുഹമ്മദ് അല്‍ ജറാഹ് അല്‍ തുനൈജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിധി പ്രഖ്യാപിച്ചത്. കേസിലെ ഒന്നാം പ്രതിയായ മുഹമ്മദ് ഇസ്മത് മുഹമ്മദ് ശാക്കിര്‍, മൂന്നാം പ്രതി അബ്ദുല്ല മുഹമ്മദ് അബ്ദുല്ല അല്‍ ബലൂചി എന്നിവര്‍ക്ക് 15 വര്‍ഷം വീതം തടവും വിധിച്ചു. ഒന്നാം പ്രതിക്ക് 10 ലക്ഷം ദിര്‍ഹം പിഴയുമുണ്ട്.
സ്‌ഫോടക വസ്തുക്കള്‍ നിര്‍മിച്ചതായി കുറ്റം ചുമത്തപ്പെട്ട, കേസിലെ നാലും അഞ്ചും പ്രതികളായ മര്‍വാന്‍ ഈസാ അല്‍ ബലൂശി, ആയിദ് ആദില്‍ മുഹമ്മദ് അല്‍ ബലൂചി എന്നിവര്‍ക്ക് ഏഴ് വര്‍ഷം വീതം തടവിനു ശിക്ഷിച്ചു. ഇതിനു പുറമെ, മാരകായുധം കൈവശം വെച്ചതിന് അഞ്ചാം പ്രതിക്ക് ഒരു വര്‍ഷം അധികതടവും കോടതി വിധിച്ചിട്ടുണ്ട്. ഇയാളില്‍ നിന്ന് കണ്ടെടുത്ത റിവോള്‍വര്‍ കണ്ടുകെട്ടാനും 15,000 ദിര്‍ഹം പിഴയടക്കാനും ഉത്തരവിട്ടിട്ടുണ്ട്.
ആറും ഏഴും പ്രതികളായ ആദില്‍ മൂസ മുഹമ്മദ്, ഇംറാന്‍ മുഹമ്മദ് ഹസന്‍ എന്നിവര്‍ക്ക് 10 വര്‍ഷം വീതം തടവും കേസിലെ മറ്റു പ്രതികളായ ഹംദാന്‍ ഹസന്‍ മുറാദ്, ഇസ്മാഈല്‍ അലി മുഹമ്മദ്, അബ്ദുല്ല ഹസന്‍ മുഹമ്മദ്, അബ്ദുല്‍ ഹകീം നസ്വീര്‍ അഹ്മദ് എന്നിവര്‍ക്ക് ജീവപര്യന്തം തടവുമാണ് കോടതി വിധിച്ചത്.
കേസിലെ 12,13,14,15 പ്രതികളെ കുറ്റവിമുക്തരാക്കിയ കോടതി ശിക്ഷിക്കപ്പെട്ട പ്രതികളില്‍ സ്വദേശികളല്ലാത്തവരെ ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്താനും വിധിച്ചിട്ടുണ്ട്. കേസിലെ എട്ട് മുതല്‍ 11 വരെയുള്ള പ്രതികളുടെ അസാന്നിധ്യത്തിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. അല്‍ നുസ്‌റ ഫ്രണ്ട്, അഹ്‌റാര്‍ അല്‍ ശാം എന്നീ സംഘങ്ങളില്‍പെട്ട 15 പേര്‍ക്കെതിരെയാണ് യു എ ഇ ഫെഡറല്‍ സുപ്രീം കോര്‍ട്ടിലെ സ്റ്റേറ്റ് സെക്യൂരിറ്റി കോര്‍ട്ട് വിധി പ്രസ്താവിച്ചത്.
ഒന്നാം പ്രതി സിറിയക്കാരനാണ്. രണ്ടാം പ്രതിയും സിറിയക്കാരനുമായ സമീര്‍ മഹ്മൂദ് ഗതാസിന് മൂന്ന് വര്‍ഷമാണ് തടവ്. കോമറോസ് ഐലന്റ് കാരനായ അബ്ദുല്ലാ മുഹമ്മദ് അല്‍ ബലൂചിയാണ് മൂന്നാം പ്രതി. ഇദ്ദേഹത്തിനും 15 വര്‍ഷമാണ് തടവ്. പ്രതികളില്‍ യു എ ഇ സ്വദേശികളുമുണ്ട്. വിചാരണക്കിടയില്‍ നാല് പ്രതികളെ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. സ്വദേശിയായ ഹംദാന്‍ ഹസന്‍ മുറാദി ഈസ (26), ഇസ്മാഈല്‍ അലി മുഹമ്മദ് ഹസന്‍, അബ്ദുല്ല ഹസന്‍ മുഹമ്മദ് അല്‍ ബലൂചി, അബ്ദുല്‍ ഹകീം നൂറാന്‍ നാസിര്‍ ഗുലാം എന്നിവരാണ് ഹാജരാകാത്തത്. ഇവര്‍ക്ക് ശിക്ഷ വിധിച്ചിട്ടുണ്ട്. അതേ സമയം മുഹമ്മദ് അബ്ദുല്ല ഹസന്‍, അബ്ദുല്‍ ഖാദര്‍ മൂസ, സുലൈമാന്‍ അബ്ദുല്ല, അലി ഹസന്‍ മുഹമ്മദ് അല്‍ റൈസി, എന്നിവരെ കോടതി വെറുതെവിട്ടു. അല്‍ നുസ്‌റക്ക് സാമ്പത്തിക സഹായം നല്‍കി എന്നതായിരുന്നു ഇവര്‍ക്കെതിരെയുള്ള കുറ്റം.
ഐസിസ് പോലുള്ള കക്ഷിയായാണ് അഹ്‌റാര്‍ അല്‍ ശാമിനെ വിലയിരുത്തിയിരിക്കുന്നത്. ഇവര്‍ യു എ ഇ ശാഖയുണ്ടാക്കി അല്‍ ഖാഇദ മോഡലില്‍ പ്രവര്‍ത്തിക്കാന്‍ പദ്ധതിയിട്ടിരുന്നു.

Latest