ഒരു ചാക്ക് ഫോണുമായി പ്രതി കോടതിയില്‍

Posted on: December 10, 2014 12:26 am | Last updated: December 10, 2014 at 11:34 am

mobileതൊടുപുഴ: മൊബൈല്‍ ഫോണ്‍ കട കൊള്ളയടിച്ച് പത്ത് ലക്ഷത്തോളം രൂപയുടെ ഫോണുകള്‍ കവര്‍ന്ന കേസിലെ പ്രതി ഒരു ചാക്കു നിറയെ മൊബൈല്‍ ഫോണുകളുമായി കോടതിയില്‍ ഓടിക്കയറി കീഴടങ്ങി. രാജാക്കാട്ടെ മൊബൈല്‍ ഫോണ്‍ കട കൊളളചെയ്ത കേസില്‍ പോലീസ് തിരഞ്ഞിരുന്ന തമിഴ്‌നാട് തിരുനെല്‍വേലി മേലേപ്പാളയം ചിന്ന മൊയ്തീന്‍ തെരുവില്‍ സുലൈമാന്‍ (35) ആണ് അടിമാലി കോടതിയില്‍ കീഴടങ്ങിയത്. ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. ഇയാളുടെ ഭാര്യയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ഓട്ടോറിക്ഷയില്‍ കോടതിയുടെ മുമ്പില്‍ എത്തിയ പ്രതി ഞാന്‍ രാജാക്കാട് മൊബൈല്‍ കട കുത്തി തുറന്ന് മോഷണം നടത്തിയ ആളാണെന്നും, മോഷണമുതലില്‍ കുറച്ച് തന്റെ കൈവശം ഉണ്ടെന്നും പറഞ്ഞാണ് കോടതിയിലേക്കു കയറിയത്. ഈ സമയം കോടതി മറ്റൊരു കേസിന്റെ വിചാരണയിലായിരുന്നു. അതിനു ശേഷം കേസെടുത്ത കോടതി സുലൈമാനെ ദേവികുളം ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന മൊബൈലുകള്‍ എണ്ണം തിട്ടപ്പെടുത്തി താത്കാലികമായി കോടതിയില്‍ സൂക്ഷിക്കാനും ഉത്തരവിട്ടു.
ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യയെ പോലിസ് പ്രതിചേര്‍ത്തതിന്റെ മനോദുഃഖത്തിലാണ് കോടതിയില്‍ കീഴടങ്ങിയതെന്നും മോഷണ മുതലില്‍ ഒരു ഫോണ്‍ മാത്രം രണ്ടായിരം രൂപക്ക് വിറ്റപണം കൊണ്ടാണ് ഇവിടെ എത്തിയതെന്നും ഇയാള്‍ കോടതിയെ ബോധിപ്പിച്ചു. രണ്ട് ചാക്കുകളിലായി ഫോണുകള്‍ മധുരയിലെ ലോഡ്ജ് മുറിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും സുലൈമാന്‍ പറഞ്ഞു. ഇക്കഴിഞ്ഞ അഞ്ചിന് വൈകിട്ട് ഏഴു മണിക്കും പുലര്‍ച്ചെ മൂന്ന് മണിക്കുമിടയിലാണ് രാജാക്കാട് മോഷണം നടന്നത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ സുലൈമാന്റെ ഭാര്യ സയ്താലി ഫാത്തിമ (33)യെ മോഷ്ടിക്കപ്പെട്ട ഫോണുകളിലൊരെണ്ണവുമായി തമിഴ്‌നാട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. മോഷണത്തിന് ശേഷം സുലൈമാനും ഭാര്യയും കൂടി തമിഴ്‌നാട്ടിലേക്ക് പോയതായി പോലിസിന് വിവരം ലഭിച്ചിരുന്നു.
ആറ് മാസമായി രാജാക്കാട് ടൗണില്‍ മാര്‍ക്കറ്റിന് സമീപം വാടകക്ക് താമസിക്കുകയായിരുന്നു ഈ കുടുംബം. ഇന്നലെ സുലൈമാന്‍ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് വണ്ടി കയറിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. പേലീസിന്റെ കണ്ണ് വെട്ടിച്ച് അഭിഭാഷകന്റെ സഹായത്തോടെയാണ് ഇയാള്‍ നാടകീയമായി കോടതിയില്‍ കീഴടങ്ങിയത്.