പഞ്ചായത്ത് ഇടപെടല്‍: സി ഡി എസ് ചെയര്‍പേഴ്‌സണ്‍ രാജിവെച്ചു

Posted on: December 10, 2014 10:19 am | Last updated: December 10, 2014 at 10:19 am

വടകര: മണിയൂര്‍ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സംവിധാനത്തോട് പഞ്ചായത്ത് ഭരണ സമിതിയുടെ അസഹിഷ്ണുതയിലും അനിയന്ത്രിതമായ ഇടപെടലിലും പ്രതിഷേധിച്ച് കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ എം പി ഗീത രാജിവെച്ചു. കുടുംബശ്രീ കലോത്സവ നടത്തിപ്പില്‍ കുടുംബശ്രീ സംവിധാനത്തെ നോക്കുകുത്തിയാക്കി ഗ്രാമപഞ്ചായത്ത് അംഗം കെ എം ബാലന്‍, ഹെല്‍പ്പ് ഡെസ്‌ക് കോര്‍ഡിനേറ്റര്‍ വിജയന്‍ മാസ്റ്റര്‍ എന്നിവര്‍ വിധി നിര്‍ണയം തിരുത്തിയതായും വാര്‍ത്താ സമ്മേളനത്തില്‍ ഗീത ആരോപിച്ചു.
കലോത്സവ വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ ചര്‍ച്ചക്ക് മറുപടി പറയാന്‍ തയാറാകാതെ പ്രസിഡന്റും അംഗവും കുടുംബശ്രീ പ്രവര്‍ത്തകരെ അപമാനിക്കുകയാണുണ്ടായതെന്നും ഗീത ആരോപിച്ചു. പ്രസിഡന്റ് മണിയൂര്‍ യു പി സ്‌കൂള്‍ ഹെഡ്മാസ്റ്ററായും പ്രവര്‍ത്തിച്ച് രണ്ട് വകയിലുള്ള മുഴുവന്‍ ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റുന്നുണ്ട്.
നിയമ വിരുദ്ധമായി കൈപ്പറ്റിയ മുഴുവന്‍ തുകയും തിരിച്ചടക്കണം. കുടുംബശ്രീ പ്രവര്‍ത്തകരെ അപമാനിക്കുന്ന നടപടിയുമായിട്ടാണ് പഞ്ചായത്ത് സെക്രട്ടറിയും മുന്നോട്ട് പോകുന്നതെന്നും ജനാധിപത്യ മഹിളാ അസോസിയേഷന്‍ മുന്‍ ഏരിയാ കമ്മിറ്റി അംഗവും നിലവില്‍ യൂനിറ്റ് സെക്രട്ടറിയുമായ ഗീത പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ സി ഡി എസ് ഇന്റേണല്‍ ഓഡിറ്റര്‍ സി കെ ജിജി, പത്താം വാര്‍ഡ് ചെയര്‍പേഴ്‌സണ്‍ കെ ടി കെ റസിയ പങ്കെടുത്തു.