ഹജ്ജ്: അഞ്ച് വര്‍ഷം അപേക്ഷിച്ചവര്‍ക്ക് നറുക്കെടുപ്പില്ലാതെ അവസരം നല്‍കും

Posted on: December 9, 2014 11:23 pm | Last updated: December 9, 2014 at 11:23 pm

hajjകൊണ്ടോട്ടി: ഹജ്ജ് കര്‍മത്തിനു കഴിഞ്ഞ നാല് വര്‍ഷം തുടര്‍ച്ചയായി അപേക്ഷിച്ചിട്ടും അവസരം ലഭിക്കാത്തവര്‍ ഈ വര്‍ഷവും അപേക്ഷിക്കുകയാണെങ്കില്‍ നറുക്കടുപ്പില്‍ നിന്ന് ഒഴിവാക്കി അവസരം നല്‍കും. 70 വയസ്സ് പൂര്‍ത്തിയായ അപേക്ഷകരെ യും ഇപ്രകാരം നറുക്കെടുപ്പില്‍ നിന്ന് ഒഴിവാക്കുമെങ്കിലും മുന്തിയ പരിഗണന തുടര്‍ച്ചയായി അപേക്ഷിച്ചവര്‍ക്ക് തന്നെയാണ്. കേരളത്തില്‍ 70 വയസ്സ് പൂര്‍ത്തിയായ വിഭാഗത്തില്‍പ്പെട്ടവരുടെ അപേക്ഷ ഓരോ വര്‍ഷവും കുറവായിട്ടാണ് കാണുന്നത്. കഴിഞ്ഞ തവണ സഹായി ഉള്‍പ്പടെ ഈ വിഭാഗത്തില്‍ പ്പെട്ടവരുടെ എണ്ണം 2211 മാത്രമായിരുന്നു. കേരളത്തില്‍ കഴിഞ്ഞ നാല് വര്‍ഷമായും അപേക്ഷിച്ച് അവസരം ലഭിക്കാത്തവര്‍ നിലവില്‍ 3350 പേരാണ്.
കേരളത്തിനു ലഭിക്കുന്ന യഥാര്‍ഥ ക്വാട്ട 6054 മാത്രമാണെങ്കിലും തുടര്‍ച്ചയായി അപേക്ഷിച്ച് അവസരം ലഭിക്കാത്ത മുഴുവന്‍ പേര്‍ക്കും അടുത്ത വര്‍ഷത്തെ ഹജ്ജിന് അവസരമാകും. നറുക്കെടുപ്പില്ലാതെ അവസരം ലഭിക്കുന്നവരെ ഒഴിവാക്കി മറ്റുള്ളവരില്‍ നിന്ന് നറുക്കെടുത്ത് തുടര്‍ച്ചയായി നാല് വര്‍ഷം അപേക്ഷിച്ചും അവസരം ലഭിക്കാത്തവരുടെ പട്ടിക- റിസര്‍വ് കാറ്റഗറി ബി- തയ്യാറാക്കും. നറുക്കെടുപ്പില്ലാതെ അവസരം ലഭിച്ചവര്‍ക്ക് ശേഷമുള്ള സീറ്റിലേക്ക് ഈ പട്ടികയില്‍ നിന്നുള്ളവരെയായിരിക്കും ഹജ്ജിനയക്കുക. അതേസമയം, ഗുജറാത്തില്‍ തുടര്‍ച്ചയായി അപേക്ഷിച്ചും അവസരം ലഭിക്കാത്തവര്‍ ആറാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. 3000 മാത്രമാണ് ഗുജറാത്തിനു ലഭിക്കുന്ന ക്വാട്ട. അപേക്ഷകരുടെ എണ്ണം അനുസരിച്ച് ക്വാട്ട അനുവദിക്കണമെന്ന സംസ്ഥാനങ്ങളുടെ അഭ്യര്‍ഥന കേന്ദ്ര ഹജ്ജ് കമ്മിറ്റി ഇതുവരെ അംഗീകരിച്ചിട്ടില്ല. മുസ്‌ലിം ജനസംഖ്യാനുപാതികമായാണ് ക്വാട്ട അനുവദിക്കുന്നത്.