ഐ പി എല്‍ കോഴ: ഗുരുനാഥ് മെയ്യപ്പെനെതിരെ നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി

Posted on: December 9, 2014 12:23 pm | Last updated: December 10, 2014 at 12:28 am

srinivasan with meyyappanന്യൂഡല്‍ഹി: ഐ പി എല്‍ കോഴക്കേസില്‍ കുറ്റാരോപിതനായ ഗുരുനാഥ് മെയ്യപ്പനെതിരെയും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീം ഫ്രാഞ്ചൈസിക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്ന് മെയ്യപ്പന്റെ ഭാര്യാപിതാവ് കൂടിയായ ശ്രിനിവാസന്‍ വിട്ടുനില്‍ക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ശ്രീനിവാസന്‍ ബി സി സി ഐയില്‍ തുടരുകയാണെങ്കില്‍ മെയ്യപ്പനെതിരെ നടപടി സ്വീകരിക്കാന്‍ നാല് മാര്‍ഗങ്ങളും കോടതി മുന്നോട്ടുവെച്ചു. ഇതില്‍ ഏത് മാര്‍ഗം സ്വീകരിക്കുമെന്ന് ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് മുമ്പായി അറിയിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ശ്രീനിവാസന്‍ ബി സി സി ഐയില്‍ നിന്ന് മാറിനില്‍ക്കുക എന്നതാണ് ഏറ്റവും ഉചിതമെന്ന് കോടതി വ്യക്തമാക്കി. അതല്ലെങ്കില്‍ മുദ്ഗല്‍ പാനല്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പുതിയ കമ്മിറ്റി രൂപീകരിക്കുക, ബി സി സി ഐ ഗവേണിംഗ് കൗണ്‍സില്‍ നടപടി സ്വീകരിക്കുക, മുദ്ഗല്‍ പാനല്‍ നടപടി സ്വീകരിക്കുക എന്നീ മാര്‍ഗങ്ങളും കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്.

ജസ്റ്റിസ് ഠാക്കൂര്‍, ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ള എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഐപിഎല്‍ കേസില്‍ വാദം കേള്‍ക്കുന്നത്.