വാഴക്കാട്ട് ജലസ്രോതസുകള്‍ പാഴാകുന്നു

Posted on: December 9, 2014 12:17 pm | Last updated: December 9, 2014 at 12:17 pm

എടവണ്ണപ്പാറ: വാഴക്കാട് പഞ്ചായത്തില്‍ ധാരാളം ജലസ്രോതസ്സുകള്‍ ഉപയോഗിക്കാതെ പാഴായി പോവുന്നു. കുളങ്ങളും മണ്‍കുഴികളുമാണ് ഉപയോഗിക്കാതെ ജലം പാഴായി പോവുന്നത്.
മപ്രം ഭാഗത്തെ കണ്ടല്‍കാടുകളും ചീക്കപ്പള്ളി കുളം തുടങ്ങി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി കുളങ്ങള്‍ ഉപയോഗിക്കാതെ കിടക്കുകയാണ്. ചില ഭാഗങ്ങളില്‍ മണ്‍കുഴികള്‍ ധാരാളമുണ്ട്. എളമരം, പരപ്പത്ത്, വാഴക്കാട്, ചെറുവട്ടൂര്‍ എന്നിവിടങ്ങളില്‍ മണ്‍കുഴികള്‍ ധാരാളമുണ്ട്. വാഴക്കാട് പഞ്ചായത്തില്‍ ജലക്ഷാമം നേരിടുന്ന ധാരാളം സ്ഥലങ്ങളുണ്ട്. പാഴായി പോവുന്ന കുളങ്ങളിലെയും മണ്‍കുഴികളിലെയും വെള്ളം കുടിവെള്ള ക്ഷാമം നേരിടുന്ന സ്ഥലങ്ങളിലേക്ക് കൊണ്ടുപോവുകയോ കുളങ്ങള്‍ പൊതുജനങ്ങള്‍ക്ക് കുളിക്കടവായി ഉപയോഗപ്പെടുത്താവുന്നതാണ്.
ചിലയിടങ്ങളില്‍ ആളുകള്‍ ഉപയോഗിക്കാതെ കിടക്കുന്നതിനാല്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുകയാണ്. മാത്രവുമല്ല, മലിന ജലത്തില്‍ പകര്‍ച്ചവ്യാധി രോഗങ്ങള്‍ക്ക് കാരണമാകുന്ന കൊതുകുകള്‍ ധാരാളം വരുന്നതിനാല്‍ ചില കുളങ്ങളും മണ്‍കുഴികളും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. കുളങ്ങളിലും മണ്‍കുഴികളിലും വളര്‍ത്തുമൃഗങ്ങള്‍ ധാരാളം വളരുന്നതിനാല്‍ ഉപയോഗിക്കാതെ കിടക്കുന്ന കുളങ്ങള്‍ മത്സ്യവളര്‍ത്തു കേന്ദ്രങ്ങളാക്കി മാറ്റാവുന്നതാണ്. വാഴക്കാട് പഞ്ചായത്തില്‍ നിന്ന് മുന്‍കാലങ്ങളില്‍ ധാരാളമായി ഓട് നിര്‍മാണത്തിനും ഇഷ്ടിക നിര്‍മാണത്തിനും മണ്ണെടുത്തതിനാല്‍ ഉണ്ടായതാണ് മണ്‍കുഴികള്‍.
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇത്തരം ജലസ്രോതസുകള്‍ നന്നാക്കണെന്നാണ് നാട്ടുകാര്‍ പറയുന്നത്.