Connect with us

Malappuram

സ്‌കൂളുകളില്‍ നിന്ന് മുങ്ങുന്ന വിരുതന്‍മാരെ പിടികൂടാന്‍ എല്ലാ പിരിയഡുകളിലും ഹാജര്‍ രേഖപ്പെടുത്തും

Published

|

Last Updated

മലപ്പുറം: സ്‌കൂളുകളില്‍ ഹാജര്‍ രേഖപ്പെടുത്തിയതിന് ശേഷം മുങ്ങുന്ന വിരുതന്‍മാരെ പിടികൂടാന്‍ സ്‌കൂളുകളില്‍ ഇനി എല്ലാ പിരിയഡുകളിലും ഹാജരെടുക്കും.
സ്‌കൂളില്‍ കുട്ടികള്‍ കൃത്യസമയത്ത് എത്തുന്നുണ്ടെന്നും എല്ലാ പിരിയഡും ക്ലാസിലുണ്ടെന്നും ഉറപ്പാക്കുന്നതിനായാണ് ഇത് നടപ്പിലാക്കുന്നത്. കുട്ടികളെ ബാഹ്യ ഇടപെടലുകളില്‍ നിന്നും മോചിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാതല കമ്മ്യൂനിറ്റി വിജിലന്‍സ് ഗ്രൂപ്പ് യോഗത്തിലാണ് തീരുമാനം. അതത് പിരിയഡ് ക്ലാസിലെത്തുന്ന അധ്യാപകനോ ക്ലാസ് ലീഡര്‍ക്കോ ഹാജരെടുക്കുന്നതിന്റെ ചുമതല നല്‍കും. സ്‌കൂളില്‍ നടക്കുന്ന പ്രതിമാസ യോഗത്തില്‍ ഹാജര്‍നില വിലയിരുത്തും. ലഹരി മാഫിയകളുടെയും മണല്‍ കടത്തുകാരുടെയും ഇടനിലക്കാരായി കുട്ടികള്‍ ഉപയോഗിക്കപ്പെടുന്നത് തടയാന്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെയും പി ടി എകളുടെയും മദര്‍ പി ടി എകളുടെയും കൃത്യമായ ഇടപെടലുകള്‍ അനിവാര്യമാണെന്ന് എ ഡി എം. എം ടി ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.
ഇതു സംബന്ധിച്ച് എല്ലാ സ്‌കൂളുകള്‍ക്കും ഉടന്‍ നിര്‍ദേശം നല്‍കുമെന്ന് ഡി ഇ ഒ. കെ സഫറുല്ല പറഞ്ഞു. പ്രശ്‌നങ്ങളുണ്ടാക്കുന്ന കുട്ടികളുടെ കുടുംബാന്തരീക്ഷം കണ്ടെത്തി പരിഹാരം നിര്‍ദേശിക്കുന്നതിനായി ഐ സി ഡി എസ് പ്രവര്‍ത്തകരുടെ സഹായം തേടാനും തീരുമാനമായി.

Latest