മാവോയിസ്റ്റുകളെ കണ്ടെത്താന്‍ വ്യാപക തിരച്ചില്‍

Posted on: December 9, 2014 10:38 am | Last updated: December 9, 2014 at 10:38 am

നാദാപുരം: ചപ്പ കുഞ്ഞോംവനത്തില്‍ ദൗത്യസേനക്ക് നേരെ വെടിവെപ്പ് നടന്നതിന്റെ പശ്ചാത്തലത്തില്‍ മാവോയിസ്റ്റുകളെ കണ്ടത്താന്‍ വടകര താലൂക്കിന്റെ കിഴക്കന്‍ മലമുകളില്‍ പോലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചു. തണ്ടര്‍ ബോള്‍ട്ടും ലോക്കല്‍ പോലീസും സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഡി സി ആര്‍ ബി. ഡി വൈ എസ് പി ശ്രീനിവാസന്റെ നേതൃത്വത്തിലാണ് പരിശോധന.
വിലങ്ങാട് മലമുകളില്‍ വയനാട്- കോഴിക്കോട്- കണ്ണൂര്‍ ജില്ലാ അതിര്‍ത്തികളില്‍ വാഹന പരിശോധന കര്‍ശനമാക്കി. അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്. വിലങ്ങാട് പാനോത്ത് നിന്ന് വെടിവെപ്പുണ്ടായ ചപ്പ കോളനിക്ക് ആറ് കിലോമീറ്റര്‍ ദൂരമേയുള്ളൂ. വെടിവെപ്പുണ്ടായ സമയത്ത് വിലങ്ങാട്ടെ വായാട്, പന്നിയേരി, പാനോം പ്രദേശങ്ങളില്‍ പോലീസും തണ്ടര്‍ ബോള്‍ട്ടും തിരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. ഒരാഴ്ച മുമ്പ് ആയുധവുമായി ചിലരെ കണ്ടതായി ചിലര്‍ പറഞ്ഞിരുന്നു.
ഇതിനെ തുടര്‍ന്നായിരുന്നു തിരച്ചില്‍. നേരത്തെയും ഇവിടെ മാവോയിസ്റ്റുകള്‍ എത്തിയതും ലഘു ലേഖകള്‍ വിതരണം ചെയ്തതും സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് പോലീസ് നിരീക്ഷണവും ഏര്‍പ്പെടുത്തി. തണ്ടര്‍ ബോള്‍ട്ട് ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു. കണ്ണൂര്‍ ജില്ലയിലെ ചെട്ടിയേരി കോളനിയിലും മാവോയിസ്റ്റുകള്‍ വന്നതായി പറയുന്നു. ഇതിനിടയില്‍ കുറ്റിയാടിക്കടുത്ത വാളാം തോട് മലമുകളില്‍ സ്‌ഫോടനം നടന്നത് ഏറെ പരിഭ്രാന്തി പരത്തി. സ്‌ഫോടനത്തിന് പിന്നാലെ രണ്ട് പേര്‍ ഉള്‍വനത്തിലേക്ക് ഓടിമറിഞ്ഞതായും നാട്ടുകാര്‍ പറഞ്ഞു.
കുറ്റിയാടി: കോഴിക്കോട്- വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പക്രംതളം ചുരം റോഡില്‍ പോലീസ് പരിശോധന കര്‍ശനമാക്കി. ചുരം റോഡില്‍ തൊട്ടില്‍പ്പാലം, വെള്ളമുണ്ട പോലീസിന്റെ നേതൃത്വത്തിലാണ് പരിശോധന.
ഒരു വര്‍ഷം മുമ്പ് ചൂരണി മലയില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയില്‍ വെച്ച് മാവോയിസ്റ്റുകള്‍ ജെ സി ബിക്ക് തീവെക്കുകയും പോസ്റ്റര്‍ പതിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് പരിശോധന കര്‍ശനമാക്കിയത്. രാത്രി കാലങ്ങളില്‍ പോലീസ് പട്രോളിംഗും ശക്തമാണ്. വെള്ളമുണ്ടയില്‍ നിന്ന് കുറ്റിയാടി വനത്തിലേക്ക് മാവോയിസ്റ്റുകള്‍ കടക്കാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല.