Connect with us

Kerala

വെടിയുണ്ടകള്‍ കണ്ടെടുത്തു; ആക്രമണം നടത്തിയത് എട്ട് പേര്‍

Published

|

Last Updated

കല്‍പ്പറ്റ: മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്ന വയനാട് വെള്ളമുണ്ട പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചാപ്പ ആദിവാസി കോളനി പരിസരത്തെ വന മേഖലയില്‍ നിന്നും ചാപ്പ കോളനിയില്‍ നിന്നും വെടിയുണ്ടയും മാവോയിസ്റ്റുകള്‍ ഉപയോഗിച്ച വസ്തുക്കളും അന്വേഷണ സംഘം കണ്ടെത്തി. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് നിരവില്‍പുഴ മട്ടിലയം ചാപ്പ കുറിച്യ കോളനിക്ക് സമീപത്തെ വനത്തില്‍ നടന്ന വെടിവെപ്പിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടയിലാണ് വസ്തുക്കള്‍ കണ്ടെത്തിയത്. വയനാട്ടിലെ കുഞ്ഞോം വന മേഖലയിലും കോഴിക്കോട്ടെ വിലങ്ങാട് വനമേഖലയിലുമാണ് തണ്ടര്‍ബോള്‍ട്ട് രണ്ട് സംഘങ്ങളായി തിരിഞ്ഞ് പരിശോധന നടത്തിയത്.

തണ്ടര്‍ബോള്‍ട്ടുമായി ഏറ്റുമുട്ടിയ മാവോയിസ്റ്റുകള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. നോര്‍ത്ത് സോണ്‍ ഡി ഐ ജി ജിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലുള്ള തണ്ടര്‍ബോള്‍ട്ട് സംഘമാണ് വനത്തിനുള്ളില്‍ പരിശോധന നടത്തുന്നത്. ഇന്നലെ രാത്രി വരെ പരിശോധന തുടര്‍ന്നെങ്കിലും മാവോയിസ്റ്റുകളെ കണ്ടെത്താനായില്ല. വെടിവെപ്പ് നടന്നത് രാത്രിയായതിനാല്‍ വനത്തിനുള്ളിലെ പരിശോധന അസാധ്യമായിരുന്നു. വനത്തിനുള്ളില്‍ രാത്രിയില്‍ കൂടുതല്‍ ദൂരം പോകാന്‍ തണ്ടര്‍ബോള്‍ട്ട് സേനക്കായില്ല. ഇതിനിടയില്‍ മാവോയിസ്റ്റുകള്‍ വിലങ്ങാട് ചന്ദനത്തോട് ഭാഗങ്ങളിലേക്കോ പേര്യ വഴി ആറളം ഭാഗത്തേക്കോ കടന്നിരിക്കാമെന്നാണ് നിഗമനം. ആറളം ഭാഗത്തെത്തിയാല്‍ പെട്ടെന്ന് തന്നെ കര്‍ണാടക വനമേഖലകളിലേക്ക് കടക്കാനാകും.
ഇന്നലെ വൈകുന്നേരത്തോടെ കുറ്റിയാടി ഭാഗത്തെ വിലങ്ങാട് വന മേഖലകളിലേക്ക് തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. ആക്രമണം നടത്തിയ മാവോയിസ്റ്റ് സംഘത്തില്‍ എട്ട് പേരുള്ളതായി ഡി ഐ ജി ജിനേന്ദ്ര കശ്യപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വെള്ളമുണ്ട സ്റ്റേഷനിലെത്തിയ ഡി ഐ ജി ഇന്നലെ തണ്ടര്‍ബോള്‍ട്ട് അംഗങ്ങളില്‍ നിന്ന് തെളിവെടുപ്പ് നടത്തി. മൂന്ന് മണിക്കൂറോളം ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. മാവോയിസ്റ്റുകള്‍ക്കെതിരെ നടപടി കര്‍ശനമാക്കുമെന്നും പോലീസ് സ്റ്റേഷനുകളുടെ സുരക്ഷ ഉറപ്പ് വരുത്തുമെന്നും ഡി ഐ ജി പറഞ്ഞു. പോലീസുകാരുടെ എണ്ണം കുറവുള്ള സ്റ്റേഷനുകളില്‍ കൂടുതല്‍ പേരെ നിയമിക്കും. ഭീഷണിയുള്ള സ്റ്റേഷനുകളില്‍ തണ്ടര്‍ബോള്‍ട്ടിന്റെതുള്‍പ്പെടെ സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം വെടിവെപ്പ് നടന്ന വനമേഖല കേന്ദ്രീകരിച്ച് കഴിഞ്ഞ ഒരാഴ്ചയോളമായി മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടായിരുന്നതായി നാട്ടുകാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ചില സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് വെള്ളമുണ്ട എസ് ഐയുടെ നേതൃത്വത്തില്‍ തണ്ടര്‍ബോള്‍ട്ട് സംഘം തിരച്ചിലിനിറങ്ങിയത്. മാവോയിസ്റ്റ് കമാന്‍ഡര്‍ രൂപേഷിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘവുമായാണ് കഴിഞ്ഞ ദിവസം വെടിവെപ്പ് നടന്നതെന്നാണ് വിലയിരുത്തല്‍.