ലിബിയയിലുള്ള മലയാളി നഴ്‌സുമാരുടെ ആദ്യസംഘം 12ന് എത്തും

Posted on: December 9, 2014 12:44 am | Last updated: December 10, 2014 at 10:31 pm

തിരുവനന്തപുരം: ലിബിയയില്‍ കുടുങ്ങിക്കിടക്കുന്ന 87 മലയാളി നഴ്‌സുമാരുടെ ആദ്യ സംഘം ഡിസംബര്‍ 12ന് കേരളത്തിലെത്തുമെന്ന് പ്രവാസികാര്യ മന്ത്രി കെ സി ജോസഫ് അറിയിച്ചു. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി പ്രവാസിമന്ത്രി നടത്തിയ ചര്‍ച്ചയിലൂടെയാണ് മലയാളികള്‍ക്ക് നാട്ടിലെത്താന്‍ വഴിയൊരുങ്ങിയത്. സഹായം ആവശ്യമുള്ള മലയാളികള്‍ക്ക് ഇന്നുതന്നെ ദൗത്യസംഘം സഹായമെത്തിക്കും.
നഴ്‌സുമാരെ നാട്ടിലെത്തിക്കുന്നതിന് വിദേശകാര്യ മന്ത്രാലയം സൗജന്യ ടിക്കറ്റ് ഉള്‍പ്പെടെയുള്ള യാത്രാസൗകര്യങ്ങള്‍ നല്‍കണമെന്ന് ഈ മാസം അഞ്ചിന് നടന്ന ചര്‍ച്ചയില്‍ കേന്ദ്രമന്ത്രിയോട് പ്രവാസിമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മലയാളി സംഘത്തിന്റെ വിമാനടിക്കറ്റ്, എക്‌സിറ്റ് വിസ, പ്രാദേശിക കയറ്റിറക്ക് തുടങ്ങി എല്ലാ ചെലവുകളും കേന്ദ്ര സര്‍ക്കാര്‍ വഹിച്ച് നഴ്‌സുമാരെ നാട്ടിലെത്തിക്കാന്‍ നടപടിയായത്. തിരിച്ചെത്തുന്നവരുടെ പുനരധിവാസകാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സജീവമായി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.