മാവോയിസ്റ്റ് ആക്രമണം

Posted on: December 9, 2014 6:00 am | Last updated: December 8, 2014 at 10:20 pm

SIRAJ.......സര്‍ക്കാറിന് ശക്തമായ മുന്നറിയിപ്പാണ് വയനാട് തൊണ്ടര്‍നാട് വനമേഖലയില്‍ ഞായറാഴ്ചയുണ്ടായ വെടിവെപ്പ്. ഇവിടെ മാവോയിസ്റ്റുകള്‍ ഒളിച്ചു താമസിക്കുന്നുണ്ടെന്ന നിഗമനത്തില്‍ തിരച്ചില്‍ നടത്തുകയായിരുന്ന പോലീസിലെ തണ്ടര്‍ ബോള്‍ട്ട് സംഘത്തിന് നേരെ കാട്ടിനുള്ളില്‍ നിന്ന് വെടിയുതിര്‍ത്തതോടെ സംസ്ഥാനത്തെ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുകയാണ്. സംഭവത്തില്‍ നാശനഷ്ടങ്ങളോ പരിക്കോ സംഭവിച്ചില്ലെങ്കിലും മാവോയിസ്റ്റ് ഭീഷണിക്കെതിരെ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതിന്റെ അനിവാര്യതയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്.
കണ്ണൂര്‍- വയനാട് മേഖലകളിലെ മാവോയിസ്റ്റ് സാന്നിധ്യത്തെക്കുറിച്ച് വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കണ്ണൂരില്‍ പയ്യാവൂരിന് സമീപം രണ്ട് വര്‍ഷം മുമ്പ് സായുധരായ അജ്ഞാതസംഘം പ്രത്യക്ഷപ്പെടുകയും സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്ന ലഘുലേഖകള്‍ പ്രദേശത്ത് വിതരണം നടത്തുകയും ചെയ്തിരുന്നു. 2012 അവസാനത്തില്‍ കേരള സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും ഇതേക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയതാണ്. സംസ്ഥാന ഇന്റലിജന്‍സ് വകുപ്പും ഇതിന് സ്ഥിരീകരണം നല്‍കിയെങ്കിലും പലര്‍ക്കും ഇത് വിശ്വാസമായില്ല. അന്നത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇത് ശക്തിയായി നിഷേധിക്കുകയാണുണ്ടായത്. കേവലം മാധ്യമങ്ങളുടെ ഭാവനാസൃഷ്ടിയായാണ് അദ്ദേഹം ഇതു സംബന്ധിച്ച വാര്‍ത്തകളെ വിശേഷിപ്പിച്ചത്. മാവോയിസ്റ്റ് വാര്‍ത്തകള്‍ പടച്ചുവിട്ട് മാധ്യമങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അനാവശ്യമായ ഭീതി സൃഷ്ടിക്കുകയാണെന്നും, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ പോലെ മാവോവാദികള്‍ക്ക് വളക്കൂറുള്ള മണ്ണല്ല കേരളമെന്നും അദ്ദേഹം അന്ന് വിധിയെഴുതുകയുണ്ടായി.
അതിര്‍ത്തി മേഖലകളിലും വനപ്രദേശങ്ങളിലും മാത്രമല്ല, സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും മാവോയിസം ശക്തി പ്രാപിക്കുന്നുണ്ടെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങളുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ മാസം പത്തിന് കൊച്ചി പനമ്പള്ളി നഗറിലെ നീറ്റ ജലാറ്റിന്‍ കോര്‍പ്പറേറ്റ് ഓഫീസ് ആക്രമിച്ചത് മാവോയിസ്റ്റുകളാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ബലമായ നിഗമനം. പരിസരവാസികള്‍ നോക്കിനില്‍ക്കെയാണ് ഒമ്പതംഗ സംഘം അന്ന് പട്ടാപ്പകല്‍ സെക്യൂരിറ്റി ജീവനക്കാരനെ ഭീണിപ്പെടു ത്തിയശേഷം ഓഫീസ് തല്ലിത്തകര്‍ത്തത്. സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്ന നോട്ടീസും അവര്‍ സ്ഥലത്ത് വിതറുകയുണ്ടായി. കൊച്ചിയിലും കോഴിക്കോട്ടും അരങ്ങേറിയ ചുംബന സമരത്തിന് പിന്നിലും അവരുടെ സാന്നിധ്യം സംശയിക്കുന്നുണ്ട്. ഇത്തരം അവസരങ്ങള്‍ മുതലെടുത്ത് യുവതലമുറയെ തങ്ങളുടെ ആശയത്തിലേക്ക് ആകര്‍ഷിക്കുകയാണ് അവരുടെ ലക്ഷ്യം.
കര്‍ണാടക പോലീസിന്റെ തിരച്ചില്‍ ശക്തമാക്കിയതോടെ രക്ഷാമാര്‍ഗം തേടി എത്തിയവരാണ് ചില ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന അജ്ഞാത സംഘങ്ങളെന്നും കേരളത്തില്‍ മാവോയിസ്റ്റുകള്‍ക്ക് വളക്കൂറില്ലെന്നും സമാധാനിക്കുന്നവര്‍ ഇപ്പോഴുമുണ്ട് ഭരണ തലപ്പത്ത്. അവര്‍ക്ക് മാറിച്ചിന്തിക്കാന്‍ സമയമായി. ഭരണ പരാജയവും സാമൂഹിക മേഖലയിലെ അരാജകത്വവും സാംസ്‌കാരിക തകര്‍ച്ചയും കാരണം സമീപ കാലത്തായി കേരളത്തിലും അസംതൃപ്ത ജനവിഭാഗങ്ങളുടെ എണ്ണം കൂടിവരികയാണെന്നത് അനിഷേധ്യമാണ്. രാഷ്ട്രീയം നേതാക്കള്‍ക്കിടയിലെ കുതികാല്‍ വെട്ടും, പാരവെപ്പും, വ്യക്തിഹത്യയും അഴിമതിയുമൊക്കെയായി പരിണമിച്ചു. രാഷ്ട്രീയ സദാചാരം പഴങ്കഥയാകുകയും ഭരണം പ്രഹസനമായി മാറുകയും ചെയ്തു. കാര്യശേഷിയുള്ള ഭരണകൂടവും ക്രിയാത്മക പ്രതിപക്ഷവുമെന്നത് കാലഹരണപ്പെട്ട മുദ്രാവാക്യമാണിന്ന്. കോര്‍പറേറ്റുകള്‍ക്കും സമ്പന്നര്‍ക്കും വേണ്ടി പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും താത്പര്യങ്ങള്‍ ബലികഴിക്കുകയാണ് ഭരണ വര്‍ഗം. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി നീക്കി വെക്കുന്ന ഫണ്ടുകള്‍ രാഷ്ട്രീയ ഇടത്തട്ടുകാരും ഉദ്യോഗസ്ഥ ലോബിയും കവര്‍ന്നെടുക്കുന്നു. അട്ടപ്പാടിയിലെ ആദിവാസി മേഖലകള്‍ക്കനുവദിച്ച ഭീമമായ തുക ഇടവഴികളില്‍ വെച്ചു വന്‍തോതില്‍ ചോര്‍ന്ന കഥകള്‍ വെളിച്ചത്തുവന്നതാണ്. ഇതുമൂലം ജനാധിപത്യ വ്യവസ്ഥിതിയിലുള്ള വിശ്വാസം തന്നെ ജനങ്ങള്‍ക്ക് നഷ്ടമാകുകയാണ്.ഇത്തരം സാഹചര്യങ്ങളാണ് വിപ്ലവ പ്രസ്ഥാനങ്ങള്‍ക്ക് വളരാന്‍ അവസരമൊരുക്കുന്നത്. അസംതൃപ്തരായ ജനവിഭാഗങ്ങളെ കണ്ടെത്തി പരിശീലനം നല്‍കുകയാണ് മാവോവാദികളുടെ പ്രവര്‍ത്തന രീതി. കേരളം ഇപ്പോഴും ഇവരുടെ ഭീഷണിയില്‍ നിന്ന് സുരക്ഷിതമാണെന്ന മിഥ്യാധാരണ ഉപേക്ഷിച്ച് അവരെ പ്രതിരോധിക്കാന്‍ ശക്തമായ സന്നാഹങ്ങള്‍ സജ്ജീകരിക്കേണ്ടതുണ്ട്. ആയുധ, സൈനിക സംവിധാനങ്ങള്‍ക്കൊപ്പം രാഷ്ടീയ മേഖല ശുദ്ധീകരിക്കുകയും ഭരണരംഗം കാര്യക്ഷമമാക്കുകയും ചെയ്യുന്നതിലൂടെ സാധാരണക്കാര്‍ക്കിടയില്‍ വളരുന്ന അസംതൃപ്തിക്കും അരക്ഷിത ബോധത്തിനും തടയിടുമ്പോള്‍ മാത്രമേ, ഇത്തരം ഭീഷണികള്‍ ഫലപ്രദമായി തടയാനാകൂ.

ALSO READ  പ്രളയഫണ്ട് വെട്ടിപ്പുകാര്‍ മാപ്പര്‍ഹിക്കുന്നില്ല