Connect with us

Gulf

ഷാര്‍ജയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 1,150 സ്ഥാപനങ്ങള്‍ കണ്ടെത്തി

Published

|

Last Updated

ഷാര്‍ജ: സ്ഥാപനങ്ങളുടെ സുരക്ഷക്ക് സിവില്‍ ഡിഫന്‍സ് മുമ്പോട്ടുവെച്ച നിബന്ധനകള്‍ പാലിക്കാത്ത 1,150 സ്ഥാപനങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കി. നടപ്പുവര്‍ഷാദ്യം മുതല്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അധികൃതര്‍ മുന്നറിയിപ്പില്ലാതെ നടത്തിയ പരിശോധനയിലാണ് ഇത്രയും സ്ഥാപനങ്ങള്‍ പിടിക്കപ്പെട്ടത്.
ഷാര്‍ജ സിവില്‍ ഡിഫന്‍സിലെ പരിശോധനാ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ നാലു സംഘങ്ങളാക്കി തിരിച്ചാണ് പരിശോധനകള്‍ നടത്തിയതെന്ന് സിവില്‍ ഡിഫന്‍സ് തലവന്‍ മേജര്‍ അബ്ദുല്ല സഈദ് അല്‍ സുവൈദി പറഞ്ഞു. സ്ഥാപനങ്ങള്‍ക്കുണ്ടാകേണ്ട സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്തതായി പരിശോധനക്കിടെ കണ്ടെത്തിയ 1,150 സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയതായും അല്‍ സുവൈദി വ്യക്തമാക്കി.
പ്രധാനമായും, തീപിടുത്തത്തെ തടയാനും പ്രതിരോധിക്കാനുമാവശ്യമായ മാനദണ്ഡങ്ങളാണ് ലംഘിക്കപ്പെട്ടത്. പല സ്ഥാപനങ്ങളും നിയമാനുസൃതമല്ലാതെയും തീപിടുത്തത്തിന് കാരണമായേക്കാവുന്ന രീതിയിലും സാധനങ്ങള്‍ അലക്ഷ്യമായി സൂക്ഷിച്ചതായി പിടിക്കപ്പെടുകയായിരുന്നു. മറ്റു ചില സ്ഥാപനങ്ങളാവട്ടെ, തീ പിടുത്തത്തെ പ്രതിരോധിക്കാനാവശ്യമായ ഉപകരണങ്ങള്‍ യഥാസമയം പരിചരിക്കുകയോ പുതുക്കുകയോ ചെയ്യാതെ വെച്ചതായും പരിശോധനയില്‍ കണ്ടെത്തി.
മുന്നറിയിപ്പില്ലാതെയാണ് സിവില്‍ ഡിഫന്‍സ് അധികൃതര്‍ പരിശോധന നടത്തിയത്. ചില ദിവസങ്ങളില്‍ വൈകുന്നേരങ്ങളിലും ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയത് സ്ഥാപന ഉടമകള്‍ തീരെ പ്രതീക്ഷിക്കാതെയായിരുന്നു. ഇനിയും ഇത്തരം പരിശോധനകള്‍ മുന്നറിയിപ്പില്ലാതെ തുടരുമെന്നും നേരത്തെ നോട്ടീസ് നല്‍കിയ സ്ഥാപനങ്ങളെ അതേ കുറ്റത്തിന് പിടിക്കപ്പെട്ടാല്‍ കടുത്ത നടപടികള്‍ കൈക്കൊള്ളുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Latest