ജിമ്മിജോര്‍ജ് വോളിബോള്‍ തുടങ്ങി; ആദ്യജയം അഡ്‌നോക്കിനും എല്‍ എല്‍ എച്ച് ഹോസ്പിറ്റലിനും

Posted on: December 8, 2014 6:00 pm | Last updated: December 8, 2014 at 6:50 pm

അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ ആതിഥ്യമരുളുന്ന കെഎസ് സി യു എ ഇ എക്‌സ്‌ചേഞ്ച് 19ാമത് ജിമ്മി ജോര്‍ജ് സ്മാരക വോളിബോള്‍ ടൂര്‍ണമെന്റിനു ഉജ്വലതുടക്കം.
യു എ ഇ എക്‌സ്‌ചേഞ്ച് സി ഒ ഒ. വൈ സുധീര്‍കുമാര്‍ ഷെട്ടി ഉദ്ഘാടനം ചെയ്തു. മാമുക്കോയ, കെ വി അബൂട്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ബാവഹാജി, വിജയരാഘവന്‍, അമല്‍, രാജന്‍ അമ്പലത്തറ, യു അബ്ദുല്ല ഫാറൂഖി, എന്‍ വി മോഹനന്‍, എം എം ജോഷി എന്നിവര്‍ സംബന്ധിച്ചു. ആദ്യമാച്ചില്‍ അഡ്‌നോക്ക് ഒന്നിനെതിരെ മൂന്ന് സെറ്റെടുത്ത് ദുബൈ ഡ്യൂട്ടിഫ്രീയെ പരാജയപ്പെടുത്തി.
കേരള സ്‌റ്റേറ്റ് താരങ്ങളടങ്ങിയ ദുബൈ ഡ്യൂട്ടിഫ്രീ, യുഎ ഇ താരങ്ങളും ഉക്രെയിന്‍ താരങ്ങളുമടങ്ങിയ അഡ്‌നോക്കിന്റെ മുന്നില്‍ പതറുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ഉക്രെയിന്‍ താരങ്ങളായ ലെവ്‌ഗെന്‍ സ്വറോവ്, ഒമിട്രോ വുഡോവിന്‍ എന്നിവരുടെ മാജിക് സര്‍വീസുകളും ഉജ്വലമായ സ്മാഷും അഡ്‌നോക്കിന്റെ വിജയം എളുപ്പമാക്കുകയായിരുന്നു. രണ്ടാമത്തെ മത്സരത്തില്‍ വിഷ്വന്‍ സേഫ്റ്റിയും എല്‍ എല്‍ എച്ച് ഹോസ്പിറ്റലുമായിരുന്നു കൊമ്പുകോര്‍ത്തത്.
ഇന്ന് (തിങ്കള്‍) എന്‍ എം സി യും അഡ്‌നോക്കും ആദ്യം ഏറ്റുമുട്ടും. രണ്ടാമത്തെ കളിയില്‍ എല്‍ എല്‍ എച്ച് ഹോസ്പിറ്റലും എന്‍ ഡി സിയും മാറ്റുരക്കും.