ഗ്ലോസാന്റേ ദുബൈയില്‍ പ്രവര്‍ത്തനം തുടങ്ങി

Posted on: December 8, 2014 6:34 pm | Last updated: December 8, 2014 at 6:34 pm

Glosante Press Conferenceദുബൈ: ട്രാവല്‍ ആന്‍ഡ് പ്രിവന്റീവ് ഹെല്‍ത്‌കെയര്‍ രംഗത്തെ ആരോഗ്യ സ്ഥാപനമായ ഗ്ലോസാന്റേ ദുബൈയില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി സി ഇ ഒ രാമന്‍ സോധി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിവിധ പ്രദേശങ്ങളിലേക്ക് യാത്രചെയ്യുന്നവര്‍ക്ക് ആവശ്യമായ രോഗ പ്രതിരോധ കുത്തിവെപ്പ് ഉള്‍പെടെയുള്ളവ നല്‍കാനാണ് കമ്പനി ശ്രമിക്കുന്നത്. വിവിധ രാജ്യങ്ങളിലൂടെ യാത്ര ചെയ്യുന്നവരില്‍ 25 ശതമാനം ആളുകള്‍ മാത്രമാണ് യാത്രക്ക് മുമ്പായി മതിയായ പ്രതിരോധ കുത്തിവെപ്പുകള്‍ സാംക്രമിക രോഗങ്ങള്‍ ഉള്‍പെടെയുള്ളവ തടയാന്‍ സ്വീകരിക്കുന്നത്. രോഗ ചികിത്സയെക്കാള്‍ പ്രതിരോധത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന സന്ദേശം കൂടി ഗ്ലോസാന്റേ പൊതുജനങ്ങളില്‍ എത്തിക്കാന്‍ പരിശ്രമിക്കുന്നുണ്ട്. അടുത്ത വര്‍ഷം ജൂണില്‍ ഇന്ത്യയില്‍ സ്ഥാപനത്തിന്റെ ശാഖ ആരംഭിക്കുമെന്നും രാമന്‍ വെളിപ്പെടുത്തി.
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 2,000 കോടി ഡോളറാണ് ഈ മേഖലയിലെ വരുമാനം. വരുംവര്‍ഷങ്ങളില്‍ നിക്ഷേപം ഈ രംഗത്ത് വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 15 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് ഒമ്പത് രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. നിലവില്‍ സ്ഥാപനത്തിന് 52 ക്ലിനിക്കുകളുണ്ട്. അധികം വൈകാതെ ഈജിപ്ത്, അള്‍ജീരിയ, ജര്‍മനി, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക ഹെല്‍ത്‌കെയര്‍ ഓപറേഷന്‍സ് തലവന്‍ അഹമ്മദ് റാബി, ജനറല്‍ മാനേജര്‍(ഫിനാന്‍സ്) സുമിത് ചുഗ് പങ്കെടുത്തു.