‘പാനി പീയോ പ്യാസ് ബജാവോ’

Posted on: December 8, 2014 1:36 pm | Last updated: December 8, 2014 at 1:36 pm

വേങ്ങര: മലയാളിയുടെ വഴിയോരങ്ങളില്‍ ബംഗാളികളുടെ അഥിതി സത്കാരം. കാലവര്‍ഷം വഴിമാറി പകല്‍ സമയം ചൂട് വര്‍ധിച്ചതോടെ സീസണ്‍ മുതലെടുത്ത് ജ്യൂസ് വില്‍പ്പന ഇത്തവണ ബംഗാളികള്‍ കൈയടക്കി. പ്രധാന റോഡുകള്‍ക്ക് പുറമെ ഗ്രാമീണ റോഡുകളുടെ ഓരങ്ങളില്‍ വരെ ഇവരുടെ കച്ചവടം പൊടിക്കുകയാണ്. ‘പാനി പീയോ പ്യാസ് ബജാവോ’ വെള്ളം കുടിക്കൂ ദാഹമകറ്റൂ… ഇതാണ് ഇവര്‍ യാത്രക്കാരോട് പറയുന്നത്.
നിര്‍മാണ മേഖലയില്‍ മലയാളി തൊഴിലാളികള്‍ പിറകോട്ടടിപ്പിച്ചപ്പോള്‍ കടന്നുപറ്റി അന്യസംസ്ഥാനക്കാരുടെ ആകര്‍ഷക സ്ഥലമായി മാറിയ കേരളത്തില്‍ വഴിയോര അഥിതി സല്‍കാരവും ഇപ്പോള്‍ ബംഗാളികളുടെതായി മാറി. വഴിയോരത്ത് തണല്‍കുട വിരിച്ച് പെട്ടിവണ്ടിയില്‍ ജ്യൂസ് പഴങ്ങളും സാമഗ്രികളും ഘടിപ്പിച്ചാണ് ഇവരുടെ കച്ചവടം. മലയാളി തെരുവ് കച്ചവടക്കാര്‍ക്കില്ലാതെ പോയ ആകര്‍ഷണീയതയും ഇവര്‍ക്കുണ്ട്.
ജ്യൂസിന് ഉപയോഗിക്കുന്ന പഴങ്ങള്‍ തുടച്ച് മിനുക്കി ആകര്‍ഷണീയമായ രീതിയില്‍ ക്രമീകരിച്ചാണ് വെക്കുന്നത്. കൂടുതല്‍ ഭംഗിക്കായി ഫ്‌ളൂട്ടുകള്‍ക്കൊപ്പം വിവിധ വര്‍ണങ്ങളിലുള്ള പൂക്കളും സ്ഥാപിച്ച് ആകര്‍ഷിപ്പിക്കുന്നുണ്ട്. ഇപ്പോഴത്തെ സീസണ്‍ പാഴമായ ഓറഞ്ചുമായാണ് മിക്ക ബംഗാളികളും ജ്യൂസ് കച്ചവടത്തിനിറങ്ങിയത്. കേരളത്തിന്റെ മണ്ണും ജനങ്ങളും തങ്ങളുടെ കച്ചവട ആശയത്തിന് യോജിച്ചതാണെന്ന് പശ്ചിമ ബംഗാള്‍ സ്വദേശി ഇജാസ് അഹമ്മദ് പറഞ്ഞു.
നിര്‍മാണ മേഖലയിലെ തൊഴിലിന്റെ കാഠിന്യവും അധ്വാനവും കൂടാതെ അതിനേക്കാള്‍ വരുമാനം തങ്ങള്‍ക്ക് വഴിയോരത്ത് മലയാളികളെ സല്‍കരിക്കുന്നതിലൂടെ ലഭിക്കുന്നുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു.