Connect with us

Malappuram

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയെ തകര്‍ക്കാന്‍ ഗൂഢാലോചന

Published

|

Last Updated

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ രോഗികളുടെ എണ്ണത്തിനനുസരിച്ച് ആശുപത്രിയിലെ ജീവനക്കാരുടെ കുറവ് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശാനുസരണം സ്ഥാപനത്തില്‍ താത്കാലികാടിസ്ഥാനത്തില്‍ നഴ്‌സുമാരെ നിയമിക്കാന്‍ പോലും ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല എന്ന പരാതിയുമുണ്ട്. ജില്ലയിലെ അപ്‌ഗ്രേഡ് ചെയ്യപ്പെട്ട പ്രധാന ആതുരാലയങ്ങളിലൊന്നാണ് ഈ ആശുപത്രി. ദിനംപ്രതി 2500ഓളം രോഗികള്‍ ഒ പി വിഭാഗത്തിലും 250 ഉം രോഗികള്‍ കിടത്തി ചികിത്സക്കായും എത്തുന്നുണ്ട്.
ജീവനക്കാരുടെ ഒഴിവ് നികത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒക്‌ടോബറില്‍ നഴ്‌സുമാരുടെ സംഘടന നിസഹകരണ സമരം ആരംഭിച്ചിരുന്നു. 14 മണിക്കൂര്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് മൂന്ന് ഷിഫ്റ്റ് ഏര്‍പ്പെടുത്തണമെന്ന കോടതി ഉത്തരവ് ഇതുവരെ നടപ്പാക്കിയിട്ടില്ല. ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് സ്ഥാപന മേധാവികള്‍ ചെയ്യുന്നതെന്നും പരാതിയുണ്ട്. ഇതിനിടയില്‍ ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറും സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി നിലവിലുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ താത്കാലിക നിയമനങ്ങള്‍ നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ധാരണയിലെത്തിയിരുന്നു.
എന്നാല്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ഇത്തരം നടപടി കൈകൊണ്ടില്ല. വീണ്ടും പരാതി ഉയര്‍ന്നതോടെ ഡി എം ഒ, ഡി വൈ എം ഒ തുടങ്ങിയവര്‍ ഈ ആശുപത്രിയില്‍ നേരിട്ടെത്തി കാര്യങ്ങള്‍ വിലയിരുത്തി. ജീവനക്കാരുമായി ചര്‍ച്ചയും നടന്നു. തുടര്‍ന്ന് ജില്ലയിലെ ആശുപത്രികളില്‍ നടത്തിയ പോലെ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി മുഖേന ആര്‍ എസ് ബി വൈ ഫണ്ട് ഉപയോഗിച്ച് ജീവനക്കാരെ നിയമിക്കാന്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ ഇതുവരെ ഒരു നടപടിയും സ്വീകരിക്കാന്‍ സൂപ്രണ്ട് തയ്യാറായിട്ടില്ല.
നാല് രോഗികള്‍ക്ക് ഒരു നഴ്‌സ് എന്ന അനുപാതമാണ് ജില്ലാ ആശുപത്രിയില്‍ നിലനില്‍ക്കുന്നത്. അഭൂതപൂര്‍വമായ തിരക്ക് മൂലം ലീവ് പോലും ലഭിക്കാതെ പത്തിരട്ടി ജോലി ഭാരത്തോടെയാണ് ജീവനക്കാര്‍ നെട്ടോട്ടമോടുന്നത്. 25 വര്‍ഷം മുമ്പുള്ള പാറ്റേണ്‍ തന്നെ ഇന്നും നിലനില്‍ക്കുകയാണ്. 60 ഓളം നഴ്‌സുമാരുടെ കുറവാണ് ഇവിടത്തെ കണക്കനുസരിച്ച് വേണ്ടത്. നിലവില്‍ 45 പേരാണുള്ളത്.
ഓപ്പറേഷന് തിയേറ്റര്‍ കോംപ്ലക്‌സ്, ഐ പി പി ഒ ടി, എമര്‍ജന്‍സി ഓപ്പറേഷന്‍ തിയേറ്റര്‍, പ്രസവമുറി, അത്യാഹിത വിഭാഗം മുതലായവയില്‍ ഷിഫ്റ്റില്‍ മാത്രം പത്ത് നഴ്‌സുമാരെ ജോലിക്ക് നിയോഗിക്കേണ്ടതുണ്ട്. കൂടാതെ വീക്കിലി ഓഫ് ലീവ്, മെഡിക്കല്‍ ലീവ്, പ്രസവാവധി, ട്രൈനിംഗ്, മറ്റു സ്‌പെഷ്യല്‍ ഡ്യൂട്ടികള്‍ എന്നിവയിലേക്ക് ജീവനക്കാര്‍ പോകുമ്പോള്‍ ജോലി ചെയ്യേണ്ട ജീവനക്കാരുടെ എണ്ണം വീണ്ടും കുറയുന്നു. തന്മൂലം 1:4 എന്ന അനുപാതം പലപ്പോഴും 1:60 എന്ന തലത്തിലേക്ക് നീങ്ങുകയാണ്.
ജനങ്ങളുടെ സംശയങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാന്‍ കാര്യക്ഷമമായ ഒരന്വേഷണ കൗണ്ടറോ ഫ്രണ്ട് ഓഫീസ് സംവിധാനമോ അധികാരികള്‍ ഒരുക്കിയിട്ടില്ല. ജീവനക്കാരുടെ കുറവുണ്ടാകുമ്പോള്‍ രോഗിയുടെ സംശയങ്ങള്‍ക്കോ മറ്റോ തൃപ്തികരമായ മറുപടി നല്‍കാന്‍ സമയം ലഭിക്കാതെ വരുമ്പോള്‍ പലപ്പോഴും ആശുപത്രിയില്‍ രോഗികളുടെ ബന്ധുക്കളും ജീവനക്കാരും തമ്മില്‍ വാക്കേറ്റവും നിത്യ സംഭവമാണ്. ഈ അടുത്ത കാലത്താണ് കുട്ടികളുടെ ഐ സി യു, കീമോ തെറാപ്പി യൂണിറ്റ് എന്നിവ ആരംഭിച്ചത്. ഒരു ജീവനക്കാരനെയും പോലും നിയമിക്കാതെയാണ് ഈ യൂണിറ്റുകള്‍ ആരംഭിച്ചത്.
ആശുപത്രി നഗരത്തില്‍ സാധാരണക്കാരുടെ ആശ്രയമായ ജില്ലാ ആശുപത്രിയെ അപകീര്‍ത്തിപ്പെടുത്താനും തകര്‍ക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാണ്‌