ചുംബന സമരം: രണ്ട് മണിക്കൂര്‍ നഗരം സംഘര്‍ഷത്തിന്റെ മുള്‍മുനയില്‍

Posted on: December 8, 2014 12:28 am | Last updated: December 8, 2014 at 1:29 pm

കോഴിക്കോട്: കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ കോഴിക്കോട്ട് സംഘടിപ്പിച്ച ചുംബന സമരം സംഘര്‍ഷത്തില്‍ കലാശിച്ചു. നേരത്തെ കൊച്ചിയിലും സമാനമായ സമരം സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു. സമരത്തിനെത്തിയ കാഴ്ച്ചക്കാര്‍ തന്നെയാണ് കോഴിക്കോടും വില്ലനായത്. ആയിരകണക്കിനാളുകളാണ് നഗരത്തിലെത്തിയത്. സമരം തുടങ്ങുമെന്ന് സംഘാടകര്‍ പ്രഖ്യാപിച്ചതിനും രണ്ടു മണിക്കൂര്‍ മുമ്പ് തന്നെ കാഴ്ച്ചക്കാരെത്തി തുടങ്ങിയിരുന്നു. മൂന്ന് മണിയാകുമ്പോഴേക്കും നഗരം ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു. ഇതിനിടയില്‍ ചുംബന സമരക്കാരെയും പ്രതിഷേധക്കാരെയും കണ്ടെത്തി സംഘര്‍ഷ സാധ്യത ഇല്ലാതാക്കുക എന്നത് പോലീസിന് സാഹസമായിരുന്നു.

ഇതിനിടയില്‍ കാഴ്ച്ചക്കാര്‍ ചുംബന സമരക്കാര്‍ക്കൊപ്പവും പ്രതിഷേധക്കാര്‍ക്കൊപ്പവും ഇരുവിഭാഗങ്ങളിലായി സംഘടിച്ചതും പ്രതിഷേധത്തിന് വഴിവെച്ചു. കാഴ്ച്ചക്കാര്‍ക്ക് നിയന്ത്രണം വിട്ടപ്പൊഴൊക്കെ പോലീസിന് ലാത്തിവീശി ഓടിക്കേണ്ടി വന്നു. വന്‍ജനക്കൂട്ടത്തിനിടയില്‍ എണ്ണത്തില്‍ കുറവായിരുന്നു പോലീസിന് പലപ്പോഴും കാഴ്ച്ചക്കാരായി നോക്കി നില്‍ക്കേണ്ടിയും വന്നു. കെട്ടിടങ്ങള്‍ക്കു മുകളിലെല്ലാം തമ്പടിച്ച കാണികള്‍ ചുംബനസമരക്കാരെയും പ്രതിഷേധക്കാരെയും പോലീസ് അറസ്റ്റു ചെയ്തു നീക്കുമ്പോള്‍ കൂകിവിളിച്ചാണ് എതിരേറ്റത്.
രംഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താനുള്ള വെപ്രാളവും പലപ്പോഴും തിക്കിനും തിരക്കിനും കാരണമായി. സമരത്തിനായി കിസ് ഓഫ് ലവ് പ്രവര്‍ത്തകരും പ്രതിഷേധക്കാരും സംഘടിച്ച മാവൂര്‍ റോഡ്, സ്റ്റേഡിയം റോഡ്, മിഠായി തെരുവ് എന്നിവിടങ്ങളിലെല്ലാം ഗതാഗതം തടസ്സപ്പെട്ടു. കാഴ്ച്ചകാരായി എത്തിയവരുടെ വാഹനങ്ങളാണ് ഗതാഗത തടസ്സത്തിന് കാരണമായത്.
ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഇടറോഡുകളിലെല്ലാം ഇവരുടെ വാഹനങ്ങള്‍ നിറഞ്ഞിരുന്നു. പോലീസ് ലാത്തി വീശിയപ്പോള്‍ ചിതറി ഓടുന്നതിനിടയില്‍ ചിലര്‍ക്ക് വീണു പരുക്കേല്‍ക്കുകയും ചെയ്തു.
കാഴ്ച്ചകാരെ നേരിടുന്നതിനിടയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും പോലീസിന്റെ കൈയേറ്റമുറ്റാണ്ടി.