Connect with us

Articles

പനിയുടെ പേരില്‍ എന്തിന് ദേശാടകരെ പഴിക്കണം?

Published

|

Last Updated

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പക്ഷിപ്പനി പടച്ചു വിട്ട എന്തു തരം ഭീതിയിലുടെയാണ് നാട് കടന്നുപോയതെന്ന കാര്യം ഒരുള്‍ക്കിടിലത്തോടെ മാത്രമേ നമുക്കിപ്പോഴും ഓര്‍ത്തെടുക്കാനാകുകയുള്ളൂ. പനിപ്പേടിയില്‍ പതിനായിരക്കണക്കിന് താറാവുകളെ കൊന്നൊടുക്കി പ്രതിരോധത്തിന്റെ സുരക്ഷ തീര്‍ത്ത സര്‍ക്കാറിനെ വേണമെങ്കില്‍ ഒന്നഭിനന്ദിക്കാം. എന്നാല്‍ പനിയുടെ പേരില്‍ കാടടച്ച് വെടിവെച്ച, വസ്തുതകള്‍ പെരുപ്പിച്ച് കാട്ടിയവരെ എങ്ങനെ നാം അഭിനന്ദിക്കും? പനി ഭീതിക്കായി പലതും സൃഷ്ടിച്ച് ജനങ്ങളെ ഭീതിയുടെ മുനയില്‍ കുത്തി നിര്‍ത്തിയവരില്‍ അധികൃതരും മാധ്യമക്കാരുമെല്ലാം ഉള്‍പ്പെടും. എന്നാല്‍ പനി പ്രതിരോധത്തിനിടയില്‍ അറിഞ്ഞോ അറിയാതെയോ നാം ഇരകളാക്കിയ ഒരു കൂട്ടര്‍ നമ്മുടെ അതിഥികളായിരുന്നുവെന്നത് മറച്ചു വെക്കാനാകാത്ത മറ്റൊരു വസ്തുതയാണ്.
അതി ശൈത്യം കഴിച്ചു കൂട്ടാന്‍ നമ്മുടെ നാട്ടിലെക്കെത്തുന്ന ദേശാടകരായ പക്ഷി വര്‍ഗങ്ങള്‍ക്കാണ് പക്ഷിപ്പനിയില്‍ നമ്മള്‍ ചീത്തപ്പേര് ചാര്‍ത്തിക്കൊടുത്തത്. പനിയുടെ പേരില്‍ ഒരുപക്ഷേ ഇത്തവണ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ടതും ക്രൂശിക്കപ്പെട്ടതും കാടും മലയും കടന്നെത്തുന്ന ഈ പാവം പക്ഷികളായിരുന്നു. ദേശാടനം നടത്തുന്ന പക്ഷിയില്‍ നിന്നാണ് പനി പടര്‍ന്നതെന്ന് ആദ്യം വെടി പൊട്ടിച്ചതും പിന്നീട് ദേശാടകര്‍ ചേക്കേറുന്ന വഴി വക്കിലെ മരക്കമ്പുകള്‍ വെട്ടിയൊതുക്കിയതും നാട്ടില്‍ നിന്ന് ദേശാടകരെ തുരത്തിയതും നമ്മള്‍ തന്നെയാണ്. ഒരു പരീക്ഷണവും നടത്താതെ, ഒരു കണ്ടുപിടുത്തവും നടത്താതെ എന്തിനാണ് ഇങ്ങനെയൊരു നാടകം കളിച്ചത്? ഒരു ദേശാടന പക്ഷിയെങ്കിലും പനി ബാധിച്ച് ചത്തുവെന്ന് തെളിയിക്കാനോ ഇതില്‍ നിന്നാണ് രോഗം പടര്‍ന്നതെന്ന് തെളിയിക്കാനോ പറ്റാത്ത സാഹചര്യത്തില്‍ എങ്ങനെയാണ് ദേശാടന പക്ഷികളെ പക്ഷിപ്പനി വാഹകരായി കണക്കാക്കുക? ജീവന്‍ നിലനിര്‍ത്താന്‍ ഒരിടത്തല്ലെങ്കില്‍ മറ്റൊരിടത്ത് കൂട്ടത്തോടെയെത്തുന്ന പക്ഷികളെ കുറ്റവാളിയാക്കണോയെന്ന കാര്യം ഇനിയെങ്കിലും നാം ചിന്തിക്കേണ്ടതുണ്ട്.
പക്ഷിപ്പനി പിടിപെട്ടപ്പോള്‍ ആദ്യം അടച്ചുപൂട്ടിയത് കുമരകത്തെ പക്ഷി സങ്കേതമായിരുന്നു. പക്ഷി സങ്കേതത്തിലെ ദേശാടന പക്ഷികളില്‍ ചിലത് കുഴഞ്ഞ് വീണ് ചത്തതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പക്ഷികള്‍ക്ക് രോഗം പിടിപെട്ടതായി സംശയമുണ്ടെന്നും ഇതേതുടര്‍ന്നാണ് സങ്കേതം അടച്ചിടാന്‍ തീരുമാനിച്ചതെന്നുമായിരുന്നു അധികൃത പക്ഷം. എന്നാല്‍ ഇവക്കൊന്നിനും രോഗ ബാധ സ്ഥിരീകരിക്കാന്‍ കഴിഞ്ഞതുമില്ല. മൂന്നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ പക്ഷിപ്പനി പടര്‍ന്നപ്പോഴും ഇത്തരമൊരാക്ഷേപം ഉയര്‍ന്നിരുന്നു. കൊറിയ, തായ്‌ലന്റ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ അക്കാലത്ത് നിരവധി പക്ഷികളാണ് വേട്ടയാടപ്പെട്ടത്. എന്നാല്‍, പിന്നീട് ഇവയില്‍ നിന്നല്ല ഇത്തരമൊരു ബാധയുണ്ടായതെന്ന് തെളിയിക്കപ്പെട്ടു. പക്ഷികളെ നിര്‍ബാധം വേട്ടയാടിക്കൊന്നതില്‍ പരിസ്ഥിതി സ്‌നേഹികള്‍ ഉള്‍പ്പടെ അന്ന് പശ്ചാത്തപിക്കുകയും ചെയ്തു. ദേശാടകരെക്കുറിച്ച് നല്ല ബോധ്യമുള്ളതിനാലാണത്രെ അവര്‍ അന്നങ്ങനെ ചെയ്തത്. പക്ഷികളുടെ ദേശാടനരീതിയെക്കുറിച്ചും അത്തരം പക്ഷികളെക്കുറിച്ചും ഒട്ടും പഠിക്കാന്‍ പോലും കൂട്ടാക്കാത്ത നമ്മുക്ക് മുന്നിലാണ് ഇത്തരമൊരനുഭവമെങ്കില്‍ എന്തായിരിക്കും അവസ്ഥയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഈ സാഹചര്യത്തിലെങ്കിലും കേരളത്തിലെത്തുന്ന ദേശാടകരെ ഒന്നു പരിചയപ്പെടുന്നതും പഠിക്കുന്നതും നന്നായിരിക്കും. ആരെങ്കിലും അതിന് വൈകിയെങ്കിലും തയ്യാറാകുമെന്നും പ്രതീക്ഷിക്കാം.
നിലനില്‍പ്പ് എല്ലാ ജീവജാലങ്ങളുടെയും ഒരു ജീവന്‍മരണ പ്രശ്‌നമാണ്. തെക്കേ അമേരിക്കയിലെയോ യൂറോപ്പിലേയോ ശൈത്യകാലം എപ്പോഴെങ്കിലും അനുഭവിക്കേണ്ടി വന്നിട്ടുള്ള ഒരാള്‍ക്ക് ഒരു പക്ഷേ പക്ഷികളുടെ ദേശാടനത്തിന്റെ കാരണം വ്യക്തമാകും. ഈയൊരു സാഹചര്യത്തില്‍ നിന്ന് രക്ഷ നേടാനാണ് പലപ്പോഴും പക്ഷികളുടെ ദേശാടനം തുടങ്ങുന്നതെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. പോഷക സമൃദ്ധമായ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ മുഴുവന്‍ പക്ഷികളും നിലനില്‍ക്കേണ്ടുന്ന ഒരവസ്ഥ വന്നാല്‍ നിലനില്‍പ്പിനുവേണ്ടിയുള്ള മത്സരം കൂടുതല്‍ ശക്തമാവും. ഭക്ഷണം ആവശ്യത്തിന് തികയാതെ വരുകയും അവയുടെ പ്രജനന വിജയസാധ്യത വല്ലാതെ താഴുകയും ചെയ്യും. അതിനാല്‍, ചൂടുകൂടിയ വേനല്‍ക്കാലങ്ങളില്‍, ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ഭക്ഷണലഭ്യത കുറഞ്ഞ, അത്ര സുഖകരമല്ലാത്ത കാലാവസ്ഥയില്‍ നിന്നും പക്ഷികള്‍ പലായനം ചെയ്യും. കൂടുതല്‍ ഭക്ഷണലഭ്യതയും മത്സരം കുറഞ്ഞയിടങ്ങളുമായ വിശാലമായ പ്രദേശങ്ങളിലേക്കാണ് ഇവയുടെ യാത്ര. പക്ഷികള്‍ ഒരു വാസസ്ഥലത്തുനിന്നു സഞ്ചരിച്ച് മറ്റൊരു സ്ഥലത്ത് എത്തിച്ചേരുകയും അവിടെ കുറച്ചു കാലം ചെലവഴിച്ചശേഷം വീണ്ടും പഴയ സ്ഥലത്തേക്കു തിരിച്ചെത്തുകയും ചെയ്യുന്നതിന് എടുക്കുന്ന ദീര്‍ഘമായ സമയം, സഞ്ചരിക്കുന്ന ദൂരം, പങ്കെടുക്കുന്ന അംഗങ്ങളുടെ എണ്ണം തുടങ്ങിയവയെല്ലാം ആരിലും വിസ്മയമുണര്‍ത്തും. വടക്കു നിന്നെത്തുന്ന പക്ഷികള്‍ യാത്രാമധ്യേ ഇറാനിലെയും അഫ്ഗാനിലെയും വടക്കന്‍ പാക്കിസ്താനിലെയും ഇടത്താവളങ്ങളില്‍ ഏതാനും ദിവസം തമ്പടിച്ച് ഇര തേടി വിശ്രമിച്ച ശേഷമാണ് ഇന്ത്യയിലേക്കും മറ്റും യാത്ര തുടരുക. അഫ്ഗാനിസ്ഥാനിലെ പ്രസിദ്ധമായ “അല്‍അസ്തബ” ചതുപ്പ് പ്രദേശത്ത് ഏതാനും ദിവസം തങ്ങുന്ന സ്വഭാവം സൈബീരിയന്‍ കൊക്കുകള്‍ക്കുണ്ട്. നിശ്ചിത കാലയളവില്‍മാത്രം നടക്കുന്ന ഈ നീക്കങ്ങള്‍ പക്ഷികളുടെ തെറ്റാത്ത ലക്ഷ്യബോധത്തെത്തന്നെയാണ് അടയാളപ്പെടുത്തുന്നത്. ഒരിടത്തുനിന്നും മറ്റൊരിടത്തേക്കുള്ള ജീവികളുടെ സഞ്ചാരം എന്നത് പ്രകൃതിയിലെ ഏറ്റവും സങ്കീര്‍ണമായ വിഷയം തന്നെയായിരുന്നു. വര്‍ഷത്തില്‍ ഒരിക്കലെന്നോ, വര്‍ഷത്തില്‍ രണ്ട് തവണയെന്നോ ഒക്കെ തങ്ങളുടെ വരവിന്റെ സമയഘടനയും സ്ഥാനവുമൊക്കെ ഇത്ര കൃത്യതയോടെ പക്ഷികള്‍ ക്രമീകരിക്കുന്നത് ഏതടിസ്ഥാനത്തിലാണ്! കാലാവസ്ഥയെയും മാറുന്ന ഭൂപ്രകൃതിയെയും ദൃശ്യങ്ങളിലുണ്ടാകാവുന്ന വ്യതിയാനങ്ങളെയുമൊക്കെ മെരുക്കിക്കൊണ്ടാണ് അവിശ്വസനീയമാംവിധം തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളെ പക്ഷികള്‍പ്രാപിക്കുന്നത്. ഇത് ഇപ്പോഴും നിരീക്ഷകരെ അത്ഭുതപ്പെടുത്തുന്നു. സാറ്റലൈറ്റ് ടെലിമെട്രിക് പഠനങ്ങളിലൂടെയാണ് പക്ഷികളുടെ പോക്ക് വരവ് ഏറെക്കുറെ കണ്ടെത്താനായത്. ലോകത്തെ തന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു ടെലി മെട്രിക് പഠനങ്ങളിലൂടെയുള്ള ഈ കണ്ടെത്തലുകള്‍.
അലാസ്‌കയില്‍ നിന്നും ന്യൂസിലാന്റിലേക്ക് ശാന്ത സമുദ്രം (ജമരശളശര ഛരലമി) മുറിച്ചു കടന്നുപോകുന്ന വരവാലന്‍ ഗോഡ്‌വിറ്റ് (ആമൃമേശഹലറ ഏീറംശെേ) എന്ന പക്ഷികള്‍ 11,000 കി.മീ. നിര്‍ത്താതെ പറക്കുന്നുണ്ടെന്നത് ഇപ്പോഴും ശാസ്ത്രലോകത്തിന് കൗതുകമാണ്. ആര്‍ട്ടിക് (അൃരശേര) മേഖലയില്‍ പ്രത്യുല്‍പ്പാദനം നടത്തുകയും പിന്നീട് എല്ലാ വര്‍ഷവും അന്റാര്‍ട്ടിക്കയിലേക്ക് ദേശാടനം നടത്തുകയും ചെയ്യുന്ന ഒരു ശരാശരി ആര്‍ട്ടിക് ആള (അൃരശേര ഠലൃി) ആജീവനാന്തമുള്ള ദേശാടനത്തില്‍ 24 ലക്ഷം കിലോമീറ്ററോളം സഞ്ചരിക്കുന്നുണ്ടത്രെ. ആര്‍ട്ടിക് പ്രദേശത്തേയും അന്റാര്‍ട്ടിക് പ്രദേശത്തേയും വേനല്‍ക്കാലം അനുഭവിക്കത്തക്കവിധമാണ് അവ തങ്ങളുടെ സമയം ക്രമപ്പെടുത്തുന്നത്. ലോകത്ത് ഏറ്റവും അധികം ദൂരം സഞ്ചരിക്കുന്ന ദേശാടനക്കിളിയുടെ കഥയും അത്ഭുതാവഹമാണ്. നൂറു ഗ്രാം മാത്രം ഭാരമുള്ള ഈ കൊച്ചു പക്ഷി ഓരോ വര്‍ഷവും പറക്കുന്നത് ഏതാണ്ട് 71,000 കിലോമീറ്ററാണ്. ആര്‍ട്ടിക്കിലെ ഗ്രീന്‍ലാന്‍ഡ് മുതല്‍ അന്റാര്‍ട്ടിക്കിലെ വെഡേല്‍ സീ വരെയും തിരിച്ചുമുള്ള ഈ പറക്കലില്‍ ദിവസേന 300-400 കിലോമീറ്റര്‍ ഇവ പിന്നിടും. ഇവയുടെ സഞ്ചാരപാതയെക്കുറിച്ചുള്ള പഠനങ്ങള്‍ തെളിയിക്കുന്നത്, ഏതാണ്ട് ഭൂമധ്യരേഖ വരെ ഒന്നിച്ചു പറക്കുന്ന ഇവ പിന്നീട് രണ്ടു വഴികളിലേക്ക് പിരിയുകയും അന്റാര്‍ട്ടിക്കില്‍ വെച്ച് വീണ്ടും ഒരുമിക്കുകയും ചെയ്യുന്നു എന്നാണ്. ഇക്കഴിഞ്ഞ ദിവസം വഴി തെറ്റി കണ്ണൂരിലെ മാടായിപ്പാറയിലെത്തിയ ഉത്തരായന പക്ഷി ഇത്തരത്തിലൊന്നാണ്.തണുത്തുറയുന്ന ശൈത്യകാലമൊഴിവാക്കാന്‍ ഉത്തരധ്രുവപ്രദേശത്തുനിന്ന് മലയും കാടും കടലും കടന്ന് ദക്ഷിണാഫ്രിക്കയിലേക്കുള്ള യാത്രക്കിടെയാണ് ഗ്രീക്കില്‍ മുന്തിരിപ്പൂ എന്ന പേരിലുള്ള ഉത്തരായനപ്പക്ഷി (ചീൃവേലൃി ണവലമലേമൃ) മാടായിപ്പാറയിലെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ കാശ്മീരില്‍ ഒരു തവണ കണ്ടതൊഴിച്ചാല്‍ പിന്നീടൊരിക്കലും കണ്ടിട്ടില്ലാത്ത ഈ പക്ഷിയെ നിരീക്ഷകരായ പി സി രാജീവന്‍, ഡോ. ഖലീല്‍ ചൊവ്വ, ഡോ. ജയന്‍ തോമസ് എന്നിവരാണ് മാടായിപ്പാറയില്‍ കണ്ടെത്തിയത്. അലാസ്‌ക, ഗ്രീന്‍ലാന്‍ഡ് തുടങ്ങിയ ഉത്തരധ്രുവ പ്രദേശങ്ങളിലെ പാറയിടുക്കുകളില്‍ പ്രജനനം നടത്തുന്ന ഈ പക്ഷികള്‍ പതിനയ്യായിയിരം കിലോ മീറ്ററുകളോളം സഞ്ചരിച്ചും ശൈത്യകാലം കഴിക്കാന്‍ ആഫ്രിക്കയില്‍ എത്താറുണ്ട്. ഒരു ദിവസം ഏറ്റവും ചുരുങ്ങിയത് 290 കിലോമീറ്ററെങ്കിലും പറക്കുന്ന ഉത്തരായന പക്ഷി കടലിനു മുകളിലുടെയുള്ള സഞ്ചാരത്തിനിടയിലാണ് വഴി തെറ്റി മാടായിയിലെത്തിയതെന്ന് കരുതുന്നു.
മിക്കവാറും കടല്‍പ്പക്ഷികളും ദക്ഷിണാര്‍ധഗോളത്തിലെ ആസ്‌ട്രേലിയ, ന്യൂസിലാന്റ് ഇവക്കടുത്തുള്ള പ്രദേശങ്ങളിലും അന്റാര്‍ട്ടിക്കയ്ക്ക് ചുറ്റുമുള്ള ദ്വീപുകളിലും പ്രജനനസമയം ചെലവഴിക്കുകയും അവിടെ ശൈത്യകാലമാവുമ്പോള്‍ വേനല്‍ക്കാലമുള്ള ഉത്തരാര്‍ധഗോളത്തിലേക്ക് ദേശാടനം നടത്തുകയും ചെയ്യുന്നുണ്ടെന്ന് നിരീക്ഷകര്‍ പറയുന്നു.അതുകൊണ്ട് ദേശാടനക്കാരായ കടല്‍പ്പക്ഷികള്‍ കാലവര്‍ഷക്കാലത്ത് അറബിക്കടലില്‍ കാണപ്പെടുന്നു. ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണെങ്കിലും ഇടത്താവളം തേടുന്ന ദേശാടനക്കിളികള്‍ കേരളത്തിലും ചെറിയൊരളവില്‍ എത്തിച്ചേരാറുണ്ട്. മധ്യേഷ്യയില്‍ പ്രജനനം നടത്തി, ഇന്ത്യന്‍ മഹാസമുദ്രത്തിനു കുറുകെ പറന്ന്, ആഫ്രിക്കയിലേക്ക് ദേശാടനം നടത്തുന്ന ഈ പക്ഷികള്‍ കടല്‍ കടക്കുന്നതിനുമുന്‍പ് കേരളത്തില്‍ ചെറിയൊരു വിശ്രമം തേടും. കടലിനു കുറുകെ പറക്കുന്നതിനാവശ്യമായ ഊര്‍ജം സംഭരിക്കുന്നതിനായി ഈ ഇടത്താവളത്തില്‍ വെച്ച് നല്ല രീതിയില്‍ തീറ്റ തേടുകയും ചെയ്യുന്നു. ഇവയില്‍ പലതിനെയുമാണ് നാം നമ്മുടെയിടങ്ങളില്‍ കണ്ടുമുട്ടുന്നത്. യൂറോപ്യന്‍ പനങ്കാക്ക, ഇസബെല്ലൈന്‍ നെണിക്കുരുവി, കുക്കുകുയില്‍ മുതലായ പക്ഷികള്‍ ഈ ഇനത്തില്‍പ്പെടുന്നവയാണത്രെ.
കേരളത്തിലെത്തുന്ന എല്ലാ ദേശാടനക്കിളികളും ഇത്തരം റെക്കോര്‍ഡുകളൊന്നും സ്ഥാപിക്കുന്നില്ലെങ്കിലും ഇവിടെ എത്തിച്ചേരാന്‍ അവ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടുന്നുണ്ട്. ഒക്‌ടോബറില്‍ എത്തിച്ചേരുകയും ഏപ്രിലില്‍ തിരിച്ചുപോകുകയും ചെയ്യുന്ന ചാരനിറത്തിലുള്ള വഴികുലുക്കിക്കിളികള്‍ (ഏൃല്യ ണമഴമേശഹ) അവയുടെ സമയനിഷ്ഠയുടെ കാര്യത്തില്‍ പ്രശസ്തരാണ്. മധ്യേഷ്യയില്‍ നിന്നുമാണ് അവ നമ്മുടെ ഗ്രാമങ്ങളിലേക്ക് ദേശാടനം നടത്തുന്നത്. നാകമോഹനെപ്പോലുള്ള (ജമൃമറശലെ എഹ്യരമരേവലൃ) മനോഹരങ്ങളായ പക്ഷികള്‍ മധ്യേന്ത്യയിലും ഹിമാലയന്‍ മലയോരങ്ങളിലും പ്രത്യുത്പാദനസമയത്ത് തങ്ങുകയും താരതമ്യേന ചെറിയ ദൂരങ്ങള്‍ സഞ്ചരിച്ച് ഒക്‌ടോബറോടെ കേരളത്തിലെ വീട്ടുപരിസരങ്ങളിലും ചെറിയ കാടുകളിലുമൊക്കെ എത്തിച്ചേരുകയും ചെയ്യുന്നു.
അതിശയിപ്പിക്കുന്ന വിധത്തിലുള്ള ദേശാടനക്കാരാണ് ഇന്ത്യയിലെത്തുന്ന താറാവുകള്‍. ഹിമാലയത്തിലേയും മധ്യേഷ്യയിലേയും ഉന്നതികളിലുള്ള തടാകങ്ങളില്‍ വെച്ച് വേനല്‍ക്കാലത്ത് കുഞ്ഞുങ്ങളെ വിരിയിക്കുന്ന ഇവ വലിയ കൂട്ടങ്ങളായാണ് ദേശാടനത്തിനെത്തുന്നത്. പഠനങ്ങള്‍ക്കായി ശാസ്ത്രജ്ഞര്‍ തിരഞ്ഞെടുത്ത കഴുത്തില്‍ മഞ്ഞപ്പട്ടയണിയിച്ച കുറിത്തലയന്‍ വാത്ത് (ആമൃവലമറലറ ഏീീലെ) എന്ന മംഗോളിയന്‍ പക്ഷിയെ ദക്ഷിണേന്ത്യയിലെ പല പ്രദേശങ്ങളിലും അടുത്ത കാലത്തായി കണ്ടെത്തിയിട്ടുണ്ട്. ഹിമാലയത്തിനു കുറുകെ പറക്കുന്ന ഇവ ചിലപ്പോള്‍ ആറായിരം മീറ്റര്‍ വരെ ഉയരമുള്ള മഞ്ഞുമൂടിയ കൊടുമുടികള്‍ക്ക് മുകളിലൂടെ പറക്കാറുണ്ട്. യൂറോപ്പില്‍ നിന്നും വലിയ കൂട്ടങ്ങളായെത്തുന്ന, കുരുവിയുടെ വലിപ്പം മാത്രമുള്ള വയല്‍ക്കോതി കത്രികക്കിളികള്‍ (ആമൃി ടംമഹഹീം) അറബിക്കടല്‍ കടന്നാണെത്തുന്നത്. നമ്മുടെ ദേശാടനക്കിളികളില്‍ ഏറ്റവും വലിപ്പം കുറഞ്ഞവരില്‍പ്പെട്ട പച്ചപ്പൊടിക്കുരുവികള്‍ (ഏൃലലിശവെ ണമൃയഹലൃ) ഹിമാലയത്തില്‍ നിന്നും ഒക്‌ടോബറോടെ നമ്മുടെ നാട്ടില്‍ എത്തിച്ചേരുകയും മാര്‍ച്ചില്‍ സ്ഥലം വിടുകയും ചെയ്യുന്നു.
കാടക്കൊക്കുകള്‍, മണല്‍ക്കോഴികള്‍, മണലൂതികള്‍ മുതലായ നമ്മുടെ തീരപ്രദേശങ്ങളിലും അഴിമുഖങ്ങളിലും കാണപ്പെടുന്ന പക്ഷികളെല്ലാം തന്നെ ദേശാടനക്കിളികളാണ്. അവയില്‍ മിക്കവയും സൈബീരിയയിലും മറ്റും പ്രജനനം നടത്തുകയും വളരെ സാഹസികമായി ഹിമാലയം കടന്ന് നമ്മുടെ തീരപ്രദേശത്ത് എത്തിച്ചേരുകയും ചെയ്യുന്നവയാണ്. രാജസ്ഥാനിലെ ഭരത്പൂര്‍, വടക്കാന്‍ ഗുജറാത്തിലെ കച്ച് മേഖല, അഹമ്മദാബാദിന് സമീപമുള്ള തോള്‍ തടാകം, ദക്ഷിണേന്ത്യയിലെ തണ്ണീര്‍തടങ്ങള്‍ ഇവയൊക്കെ ദേശാടനപക്ഷികളുടെ ഇഷ്ടതാവളങ്ങളാണ്. കേരളത്തില്‍ കണ്ണൂരിലെ കാട്ടാമ്പള്ളിയും കുഞ്ഞിമംഗലവും മാടായിപ്പാറയും കോഴിക്കോട് ജില്ലയിലെ കടലുണ്ടിയും വേമ്പനാട് കായല്‍ മേഖലയിലെ കുമരകം, പാതിരാമണല്‍ മുതലായ സ്ഥലങ്ങളും, എറണാകുളം ജില്ലയിലെ അമ്പലമേട്, തൃശൂരിലെ കോള്‍നിലങ്ങള്‍ എന്നിവിടങ്ങളും ദേശാടനപക്ഷികളുടെ അറിയപ്പെടുന്ന താവളങ്ങളാണ്.
അമ്പതോളം ഇനം ദേശാടനപക്ഷികളാണ് കേരളത്തില്‍ എത്തുന്നതായി പക്ഷിനിരീക്ഷകര്‍ കണ്ടെത്തിയിട്ടുള്ളത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ എത്തുന്ന ദേശാടനപക്ഷികള്‍ എരണ്ടകള്‍ (ലേമഹ)െ ആണ്. വലന്‍ എരണ്ടകളും വരിയിരണ്ടകളുമുണ്ട്. 1996ല്‍ വെറ്റ്‌ലന്‍ഡ് ഇന്റര്‍നാഷണല്‍ നടത്തിയ “ഏഷ്യന്‍ വാട്ടര്‍ഫൗള്‍ സര്‍വെ” പ്രകാരം രണ്ടിനം എരണ്ടകളും കൂടി 60,000 ഓളം എണ്ണം കേരളത്തില്‍ എത്തുന്നുണ്ട്. ഒക്ടോബര്‍, നവംബര്‍ കാലയളവാണ് ഇവയുടെ ദേശാടന സമയം. പെലിക്കന്‍, പെയിന്റഡ് സ്‌റ്റോര്‍ക്ക്‌സ്, ഓപ്പണ്‍ബില്‍ സ്‌റ്റോര്‍ക്ക്‌സ്, സ്പൂണ്‍ബില്‍ സ്‌റ്റോര്‍ക്ക്‌സ്, നൈറ ഹെരോണ്‍, പര്‍പ്പിള്‍ ഹെറോണ്‍, സ്‌നേക്ക് ബേര്‍ഡ്, കാര്‍മോറന്റ് തുടങ്ങിയ ഇനങ്ങളോടൊപ്പം സൈബീരിയയില്‍ നിന്നുള്ള വ്യത്യസ്തതരം ദേശാടനപ്പക്ഷികളും കൂട്ടമായി കേരളത്തിലെത്തുന്നുണ്ട്.വൈറ്റ് ഐബിസ് എന്ന കൊക്ക് വിഭാഗത്തില്‍പ്പെട്ട ദേശാടനപ്പക്ഷികളാണ് കൂടുതലായി കേരളത്തിലെത്തുന്നത്. ഗ്ലോസി ഐബിസ് എന്നു വിളിക്കുന്ന തവിട്ടുനിറമുള്ള ദേശാടനപ്പക്ഷിക്കൂട്ടങ്ങളും ഏറെയാണ്. ചിന്നമുണ്ടി, ചായമുണ്ടി, വെള്ളമുണ്ടി, അരിവാള്‍ കൊക്ക്, നീലക്കോഴി തുടങ്ങി നാടന്‍പേരുകളില്‍ അറിയപ്പെടുന്ന ദേശാടനപ്പക്ഷികളും കോള്‍നിലങ്ങളില്‍ തമ്പടിക്കാറുണ്ട്. സഞ്ചാരികളുടെയും പ്രകൃതിസ്‌നേഹികളുടെയും മനം കവരുന്ന മംഗോളിയ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ കണ്ടുവരാറുള്ള കറുത്തിയന്‍ വാത്തയും തമിഴ്‌നാട്ടില്‍ മാത്രം കാണാറുള്ള വലിയ രാജഹംസവും ധാരാളമായി നമ്മുടെ നാട്ടില്‍ ഇപ്പോള്‍ എത്താറുണ്ട്. മാര്‍ച്ചില്‍ തിരികെ പോകാന്‍ കാലമാകുമ്പോഴേക്കും നൂറുകണക്കിന് ടണ്‍ കാഷ്ഠവും മറ്റ് ജൈവാവശിഷ്ടങ്ങളും നമ്മുടെ മണ്ണ് ഫലഭൂയിഷ്ഠമാക്കാന്‍ ദേശാടനപക്ഷികള്‍ ഇവിടെ നിക്ഷേപിച്ചിട്ടുണ്ടാകും. എത്രയോ ടണ്‍ കീടനാശിനി പ്രയോഗിച്ചാലും നശിപ്പിക്കാനാകാത്തത്ര കീടങ്ങളെ അവ തിന്നുതീര്‍ത്തിട്ടുണ്ടാകും. നമ്മുടെ നാടിന്റെ പാരിസ്ഥിതികമായ നിലനില്‍പ്പിന് ദേശാടനപ്പക്ഷികള്‍ അനിവാര്യമാകുന്നത് ഇതുകൊണ്ടുകൂടിയാണ്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest