സുധീരനെതിരെ പരാതിയുമായി എ, ഐ ഗ്രൂപ്പുകള്‍ രാഹുലിനെ കാണും

Posted on: December 8, 2014 10:20 am | Last updated: December 8, 2014 at 11:40 pm

sudheeranതിരുവനന്തപുരം: മദ്യനയത്തില്‍ ‘പ്രായോഗിക’ മാറ്റങ്ങള്‍ വരുത്തുന്നതിനെ എതിര്‍ക്കുന്ന കെ പി സി സി പ്രസിഡന്റ് വി എം സുധീരനെതിരെ കോണ്‍ഗ്രസിലെ പ്രബല ഗ്രൂപ്പുകള്‍ ഒന്നിക്കുന്നു. സര്‍ക്കാറിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കുന്നുവെന്ന് കാണിച്ച് വി എം സുധീരനെതിരെ പരാതി നല്‍കാനാണ് എ, ഐ ഗ്രൂപ്പുകളുടെ നീക്കം. സുധീരന്‍ നയിക്കുന്ന ജനപക്ഷ യാത്രയുടെ സമാപനത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി നാളെ തിരുവനന്തപുരത്ത് എത്തുന്നുണ്ട്. വിശാല കെ പി സി സി നേതൃയോഗത്തിലും പങ്കെടുക്കുന്നതിനാല്‍ ബുധനാഴ്ചയെ അദ്ദേഹം മടങ്ങൂ.

പാര്‍ട്ടി പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ ആരായാന്‍ മുതിര്‍ന്ന നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഏകീകൃത സ്വഭാവമില്ലാതെ ഇത്തരം കൂടിക്കാഴ്ചകളില്‍ പരാതി ഉന്നയിക്കാനാണ് ഉന്നത നേതൃതലത്തിലുണ്ടായ ധാരണ. അതേസമയം, തനിക്കെതിരായ നീക്കം മുന്നില്‍ക്കണ്ട് പ്രതിരോധിക്കാന്‍ സുധീരനും കരുക്കള്‍ നീക്കുന്നുണ്ട്.
വി എം സുധീരന്‍ കെ പി സി സി പ്രസിഡന്റായത് മുതല്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി ശക്തമായി പിടിമുറുക്കിയിരുന്നു. സര്‍ക്കാറിന്റെ പല തീരുമാനങ്ങളും പാര്‍ട്ടി ഇടപെട്ട് മാറ്റുന്ന സാഹചര്യവുമുണ്ടായി. അന്നൊന്നും ശക്തമായൊരു വിയോജിപ്പ് പ്രകടിപ്പിച്ചില്ലെങ്കിലും പല തീരുമാനങ്ങളും മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമെല്ലാം അലോസരപ്പെടുത്തിയിരുന്നു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയത്തിനെതിരെ ഉയര്‍ന്ന വിമര്‍ശങ്ങള്‍ പരിഗണിച്ച് പ്രായോഗിക മാറ്റം വരുത്തുമെന്ന പ്രഖ്യാപനത്തിനെതിരെയും സുധീരന്‍ രംഗത്തുവന്നതാണ് ഗ്രൂപ്പുകളെ പ്രകോപിപ്പിച്ചത്. മദ്യനയം സര്‍ക്കാറിന് തലവേദനയായതിന്റെ പ്രധാന കാരണവും സുധീരന്റെ പിടിവാശിയാണ്. പ്രായോഗിക നിലപാടുകള്‍ സ്വീകരിച്ചു മാത്രമേ സര്‍ക്കാറിന് മുന്നോട്ടു പോകാനാകൂവെന്ന് ഗ്രൂപ്പ് നേതാക്കള്‍ രാഹുലിനെ അറിയിക്കും. പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച ചെയ്ത് മാത്രമേ തീരുമാനമെടുക്കൂവെന്നറിയിച്ചിട്ടും പരസ്യ വിമര്‍ശം ഉന്നയിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിക്കും ഗ്രൂപ്പ് ഭേദമന്യേ മന്ത്രിമാര്‍ക്കുമുള്ളത്. പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തു എന്ന പരാതിയും രാഹുലിന് മുന്നിലെത്തും. ജനപക്ഷ യാത്രക്കിടെ പാലക്കാട്, തൃശൂര്‍, കോട്ടയം ജില്ലകളിലെ നേതാക്കള്‍ക്കെതിരെയാണ് അച്ചടക്ക നടപടികള്‍ സ്വീകരിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും എതിര്‍ത്തിട്ടും നടപടിയുമായി മുന്നോട്ടു പോയെന്നാണ് പരാതി.
ഘടകകക്ഷി നേതാക്കളുമായി ആശയവിനിമയം നടത്തിയ ശേഷമാണ് സര്‍ക്കാറിന്റെ മദ്യനയത്തില്‍ പ്രായോഗിക മാറ്റങ്ങളുണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. സര്‍ക്കാറിനെ കുഴപ്പത്തിലാക്കുന്ന സുധീരന്റെ നിലപാടുകളോട് മുസ്‌ലീം ലീഗിനും കേരളാ കോണ്‍ഗ്രസിനും എതിര്‍പ്പുണ്ടെന്നും പാര്‍ട്ടി ഉപാധ്യക്ഷനെ അറിയിക്കും.