അന്താരാഷ്ട്ര ഇസ്‌ലാമിക് മെഡിക്കല്‍ കോണ്‍ഫറന്‍സ് ജനുവരി രണ്ടിന് തുടങ്ങും

Posted on: December 7, 2014 9:34 am | Last updated: December 7, 2014 at 9:34 am

മലപ്പുറം: ഇന്റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്‌ലാമിക് മെഡിസിന്‍ അസോസിയേഷന്‍ (മെസ്‌കോ) നേതൃത്വത്തില്‍ ജനുവരി രണ്ടു മുതല്‍ അഞ്ചുവരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലായി അന്താരാഷ്ട്ര ഇസ്‌ലാമിക് മെഡിക്കല്‍ കോണ്‍ഫറന്‍സും എക്‌സിബിഷനും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹിസ്റ്ററി ഓഫ് ഇസ്‌ലാമിക് മെഡിസിന്‍, സര്‍ജ്ജറി ആന്റ് അനസ്‌തേഷ്യ, ഫാര്‍മ്മക്കോളജി, കാര്‍ഡിയോളജി, പബ്ലിക്ക് ഹെല്‍ത്ത് ആന്റ് ഹൈജീന്‍, യോഗ, നാച്വറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി തുടങ്ങിയ വിഷയങ്ങളില്‍ വിദേശപ്രതിനിധികള്‍ അടക്കം നൂറോളം വിദഗ്ധര്‍ ക്ലാസുകളെടുക്കും. ജനുവരി രണ്ടിന് രാവിലെ 9ന് മുക്കം കെ എം സി ടി, കോഴിക്കോട് ക്രാഡില്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന് മെഡിക്കല്‍ എക്‌സിബിഷന്‍, സെമിനാറുകള്‍ എന്നിവ നടക്കും. വൈകിട്ട് രണ്ടിന് കാലിക്കറ്റ് സര്‍വകലാശാല സെമിനാര്‍ ഹാളില്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം നടക്കും.
മൂന്നിന് രാവിലെ 9 മുതല്‍ പെരിന്തല്‍മണ്ണ എം ഇ എസ് മെഡിക്കല്‍ കോളജിലും 4ന് കോട്ടക്കല്‍ അല്‍മാസ് ഹോസ്പിറ്റലിലും വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും. സമ്മേളനത്തിന്റെ മുഖ്യപ്രമേയമായ ‘ഇസ് ലാമിക വൈദ്യശാസ്ത്രത്തിന്റെ ചരിത്രവും ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയും’ എന്ന വിഷയത്തില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ാല രെീല്‌ലി േ@ഴാമശഹ.രീാ എന്ന ഇമെയിലിലോ, 9496362673 എന്ന നമ്പറിലോ ബന്ധപ്പെടണം. ഡിസംബര്‍ 15 വരെ രജിസ്‌ട്രേഷന്‍ സൗജന്യമായിരിക്കും. എട്ട് മുതല്‍ 15ാം നൂറ്റാണ്ട് വരെ കാലയളവില്‍ മുസ്‌ലിം ഭിഷഗ്വരന്‍മാര്‍ നല്‍കിയ സംഭാവനകള്‍ പുതിയ തലമുറയിലേക്ക് എത്തിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. വാര്‍ത്താസമ്മേളനത്തില്‍ മെസ്‌കോ ചെയര്‍മാന്‍ ഡോ.ഫക്‌റുദ്ദീന്‍ മുഹമ്മദ്, എം ജൗഹര്‍, ഡോ.അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ ലത്തീഫ്, പി മൊയ്തീന്‍ കുട്ടി പങ്കെടുത്തു.