പ്ലസ്‌വണ്‍ സീറ്റ്‌: ഒഴിഞ്ഞ്കിടക്കുന്നതിലധികവും അണ്‍ എയ്ഡഡ് മേഖലയില്‍

Posted on: December 7, 2014 9:27 am | Last updated: December 7, 2014 at 9:27 am

plustwoതിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്ത് ഒഴിഞ്ഞു കിടക്കുന്നത് 31652 സീറ്റുകളാണെന്ന് വിദ്യാഭ്യാസ വകുപ്പ്. ഇതില്‍ ഭൂരിഭാഗവും അണ്‍എയ്ഡഡ് മേഖലയില്‍. 28242 സീറ്റുകളാണ് അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ ഒഴിഞ്ഞു കിടക്കുന്നത്.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ 2102ഉം എയ്ഡഡ് സ്‌കൂളുകളില്‍ 1308 സീറ്റുമാണ് ഒഴിവുള്ളത്. തിരുവനന്തപുരം, കോഴിക്കോട് വയനാട് ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളുകളിലും എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് ജി്ല്ലകളിലെ എയ്ഡഡ് സ്‌കൂളുകളിലും പ്രത്യേക ഉത്തരവിലൂടെ അനുവദനീയമായ സീറ്റുകളേക്കാള്‍ കൂടുതല്‍ കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നത് മലപ്പുറത്താണെങ്കിലും ഇത് അണ്‍ എയ്ഡഡ് മേഖലയിലാണ് -5540 സീറ്റുകള്‍. അതേസമയം, ഇവിടെ എയ്ഡഡ് മേഖലയില്‍ അനുവദനീയമായതിനേക്കാള്‍ 563 പേരെ പ്രത്യേക ഉത്തരവിലൂടെ അധികമായി പ്രവേശിപ്പിച്ചിട്ടുമുണ്ട്. കോഴിക്കോട് ജില്ലയില്‍ സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ ഒരു സീറ്റ് പോലും ഒഴിവില്ലെന്ന് മാത്രമല്ല, രണ്ട് വിഭാഗത്തിലും പ്രത്യേക ഉത്തരവിലൂടെ അധികം കുട്ടികളെ പ്രവേശിപ്പിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ സീറ്റുകള്‍ കൂടുതല്‍ ഒഴിഞ്ഞ് കിടക്കുന്നതു തെക്കന്‍ കേരളത്തിലാണ്. പത്തനംതിട്ടയില്‍ 215 സീറ്റ് സര്‍ക്കാര്‍ മേഖലയിലും 877 എയ്ഡഡ് സീറ്റുകളും ഒഴിഞ്ഞ് കിടക്കുന്നത്. ആലപ്പുഴ 315, 239, കോട്ടയം 234, 788, തൃശൂര്‍ 117, 160 എന്നിങ്ങനെയാണ് സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ ഒഴിവുകള്‍. അണ്‍ എയ്ഡഡ് കൂടി ചേര്‍ത്ത് ജില്ലകളിലെ ഒഴിഞ്ഞ് കിടക്കുന്ന സീറ്റുകള്‍ ഇങ്ങനെയാണ്. തിരുവനന്തപുരം-2046, കൊല്ലം-1879, പത്തനംതിട്ട-2526, ആലപ്പുഴ-1632, കോട്ടയം-2706, ഇടുക്കി-1784, എറണാകുളം- 2543, തൃശൂര്‍- 2759, പാലക്കാട്- 2320, കോഴിക്കോട്- 2283, മലപ്പുറം-5101, വയനാട്- 283, കണ്ണൂര്‍ -2079, കാസര്‍കോട്- 1711 സീറ്റുകളുമാണ് ഒഴിവുള്ളത്.
വിഭിന്ന ശേഷിയുള്ള കുട്ടികള്‍, അനാഥാലയങ്ങളിലെ അന്തേവാസികള്‍, പട്ടിക ജാതി വര്‍ഗ വിദ്യാര്‍ഥികള്‍, ആദിവാസി മേഖലയിലെ കുട്ടികള്‍ എന്നിവര്‍ക്ക് ആവശ്യപ്പെടുന്ന സ്‌കൂളില്‍ പ്രവേശനം നല്‍കണമെന്ന ഉത്തരവ് പരിഗണിച്ചതോടെയാണ് അധികം കുട്ടികളെ പ്രവേശിപ്പിക്കേണ്ടി വന്നത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഒഴിഞ്ഞ് കിടക്കുന്ന സീറ്റുകളില്‍ ഏറെയും പിന്നാക്ക പ്രദേശങ്ങളിലെ സ്‌കൂളുകളിലാണ്.
യാത്രാസൗകര്യക്കുറവാണിതിന് പ്രാധാനകാരണം. ഈ വര്‍ഷം പുതുതായി അനുവദിച്ച സ്‌കൂളുകളില്‍ അഞ്ചിടത്ത് മാത്രമാണ് ഒരു ബാച്ച് പ്രവര്‍ത്തിക്കാനാവശ്യമായ 40 കുട്ടികള്‍ ഇല്ലാത്തത്. സംസ്ഥാനത്ത് ആകെ ലഭ്യമായ 4,0,6569 പ്ലസ് വണ്‍ സീറ്റുകളില്‍ ഒരു ശതമാനത്തില്‍ താഴെ സീറ്റുകള്‍ മാത്രമാണ് ഒഴിഞ്ഞു കിടക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
നിലവിലെ വ്യവസ്ഥകള്‍ അനുസരിച്ച് ഒരു ബാച്ചില്‍ ആകെ 50 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം നല്‍കേണ്ടത്. എന്നാല്‍ ഈ വര്‍ഷവും മാര്‍ജിനല്‍ വര്‍ധനവ് പ്രകാരം 20 ശതമാനം സീറ്റ് വര്‍ധന അനുവദിച്ചിരുന്നു. ഇതിലൂടെ 64000 പ്ലസ് വണ്‍ സീറ്റുകളാണ് അധികമായി സൃഷ്ടിക്കപ്പെട്ടത്. ഈ സീറ്റുകള്‍ ഉള്‍പ്പെടെ ചേര്‍ത്താണ് ഇപ്പോള്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു എന്ന പ്രചാരണം നടത്തുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് പറഞ്ഞു.
മാര്‍ജിനല്‍ വര്‍ധനവ് അനുവദിച്ചില്ലായിരുന്നുവെങ്കില്‍ എല്ലാ ജില്ലകളിലും ഇപ്പോഴും സീറ്റുകള്‍ തികയാതെ കുട്ടികള്‍ പുറത്തു നില്‍ക്കുന്ന സാഹചര്യമുണ്ടാകുമായിരുന്നു. ഇതോടൊപ്പം ചേര്‍ത്തിരിക്കുന്ന സ്ഥിതി വിവര കണക്കുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നതാണ്.
അണ്‍ എയ്ഡഡ് മേഖലയില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് പര്‍വതീകരിച്ച് കാണിക്കേണ്ടതില്ല. പ്ലസ്ടു വരെ സൗജന്യ വിദ്യാഭ്യാസം ഉറപ്പ് വരുത്തിയ കേരളത്തില്‍, കുട്ടികള്‍ക്ക് ഫീസ് നല്‍കാതെ തന്നെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കാന്‍ അവസരമൊരുക്കുക എന്നത് ഒരു ജനാധിപത്യ സര്‍ക്കാറിന്റെ ബാധ്യതയാണ്.
സാമൂഹിക നീതിയിലധിഷ്ഠിതമായ ഈ കാഴ്ചപ്പാടോടെയാണ് ഈ വര്‍ഷം ആവശ്യമായ സ്ഥലങ്ങളില്‍ പ്ലസ്ടൂ പഠനത്തിന് അധിക ബാച്ചുകളും, പുതിയ പ്ലസ്ടു സ്‌കൂളുകളും അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.