Connect with us

Sports

23 മത്സരങ്ങള്‍ക്ക് ശേഷം തോല്‍വി; ചെല്‍സിയുടെ 'സമാധാനം' പോയി

Published

|

Last Updated

ലണ്ടന്‍: ഒന്നാം ലോകമഹായുദ്ധം ക്രിസ്മസ് കാലത്ത് നിര്‍ത്തിവെച്ചതിന്റെ നൂറാം വാര്‍ഷിക ദിനത്തെ സ്മരിച്ചു കൊണ്ട് തുടങ്ങിയ മത്സരത്തില്‍ ചെല്‍സിയുടെ 23 മത്സരങ്ങള്‍ നീണ്ട “സമാധാനം” നഷ്ടമായി. അതേ, തുടരെ ഇരുപത്തിമൂന്ന് മത്സരങ്ങളില്‍ പരാജയമറിയാതെ കുതിച്ച ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സിക്ക് ഒടുവില്‍ കാലിടറി. പ്രീമിയര്‍ ലീഗിലെ പതിനഞ്ചാം റൗണ്ട് മത്സരത്തില്‍ ന്യൂകാസില്‍ യുനൈറ്റഡിനോട് 2-1ന് ചെല്‍സി തോല്‍വിയറിഞ്ഞു. അതേ സമയം സ്റ്റോക് സിറ്റിയോട് 3-2ന് ആഴ്‌സണലും പരാജയപ്പെട്ടു.
പാപിസ് സിസെയുടെ ഇരട്ട ഗോളുകളാണ് ജോസ് മൗറിഞ്ഞോയുടെ നീലപ്പടയെ അട്ടിമറിച്ചത്. വെറ്ററന്‍ സ്‌ട്രൈക്കര്‍ ദിദിയര്‍ ദ്രോഗ്ബയിലൂടെ ഒരു ഗോള്‍ മടക്കി തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും തോല്‍വി ഒഴിവാക്കാന്‍ സാധിച്ചില്ല. എണ്‍പതാം മിനുട്ടില്‍ ന്യൂകാസിലിന്റെ സ്റ്റീവന്‍ ടെയ്‌ലര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഈ ആനൂകുല്യം മുതലെടുത്തായിരുന്നു ചെല്‍സിയുടെ ഗോള്‍.തോറ്റെങ്കിലും 36 പോയിന്റോടെ ചെല്‍സി തന്നെയാണ് ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്ത്. 15 മത്സരങ്ങളില്‍ 23 പോയിന്റോടെ ന്യൂകാസില്‍ ഏഴാം സ്ഥാനത്ത്. ന്യൂകാസില്‍ യുനൈറ്റഡിന്റെ തട്ടകമായ സെന്റ്‌ജെയിംസ് പാര്‍ക്കില്‍ ചെല്‍സി കോച്ച് ജോസ് മൗറിഞ്ഞോയുടെ നിര്‍ഭാഗ്യം തുടര്‍ക്കഥയായി. അഞ്ച് തവണ ഇവിടെ കളിച്ചപ്പോഴും മൗറിഞ്ഞോയുടെ ചെല്‍സിക്ക് ജയം നേടാനായില്ല. മൂന്ന് സമനിലയും രണ്ട് തോല്‍വിയുമാണ് കണക്കില്‍. പാര്‍ക്കില്‍ ചെല്‍സി തുടരെ രണ്ടാം തോല്‍വിയാണേല്‍ക്കുന്നത്. കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോട് രണ്ടാം പാദത്തിലേറ്റ തോല്‍വിക്ക് ശേഷം ചെല്‍സി നേരിടുന്ന ആദ്യ തോല്‍വിയാണിത്.
ഗോളകന്നു നിന്ന ആദ്യ പകുതിക്ക് ശേഷമാണ് ന്യൂകാസിലിന്റെ രക്ഷകനായ പാപിസ് സിസെ ഗ്രൗണ്ടിലിറങ്ങിയത്. ഇത് നിര്‍ണായകമായി. സെന്റര്‍ബാക്ക് ഫാബ്രിസിയോ കൊളോസിനിയുടെ തകര്‍പ്പന്‍ പ്രകടനമാണ് ചെല്‍സിയുടെ ഗോള്‍ശ്രമങ്ങളെല്ലാം വിഫലമാക്കിയത്.
എദെന്‍ ഹസാദിന്റെ ഒരു ഷോട്ട് ബാറില്‍ തട്ടിമടങ്ങിയതും ബ്രസീലിയന്‍ താരം വില്ലെയ്ന്‍ സുവര്‍ണാവസരങ്ങള്‍ പാഴാക്കിയതും ചെല്‍സിക്ക് തിരിച്ചടിയായി. രണ്ടാം പകുതിയില്‍ വില്ലെയ്‌ന് പകരമിറങ്ങിയ ദ്രോഗ്ബയാണ് ഗോളടിച്ചത്.

---- facebook comment plugin here -----

Latest