Connect with us

Malappuram

ജില്ലയില്‍ കരുങ്ങ്പനി സ്ഥിരീകരിച്ചു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

Published

|

Last Updated

മലപ്പുറം: ജില്ലയില്‍ കുരങ്ങ് പനി (കൈസന്നൂര്‍ ഫോറസ്റ്റ് ഡിസീസ്) സ്ഥിരീകരിച്ചതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പനിച്ചോല വനപ്രദേശത്ത് ചത്ത നിലയില്‍ കണ്ടെത്തിയ കുരങ്ങിന്റെ ആന്തരികാവയവങ്ങള്‍ പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. നാഗമല കോളനിയിലെ ആദിവാസി മൂപ്പനും രോഗബാധ സ്ഥിരീകരിച്ചു. ഈ അവസ്ഥയില്‍ വനപ്രദേശത്തോട് ചേര്‍ന്ന ‘ഭാഗങ്ങളിലെ പൊതുജനങ്ങള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ഡി എം ഒ അറിയിച്ചു. കുരങ്ങ് ചത്ത് ശ്രദ്ധയില്‍പെട്ടാല്‍ അതിന്റെ സമീപത്തേക്ക് പോകരുത്. ചത്ത കുരങ്ങിന്റെ ശരീരത്തില്‍ നിന്നും രോഗം പകര്‍ത്തുന്ന ചെള്ളുകള്‍ പുറത്തേക്ക് വരാനിടയുണ്ട്. ഈ ചെള്ളുകള്‍ മനുഷ്യരെ കടിക്കുമ്പോഴാണ് രോഗം മനുഷ്യനിലേക്ക് പകരുന്നത്. അതിനാല്‍ കുരങ്ങ് ചത്ത് കിടക്കുന്നത് കണ്ടാല്‍ അടുത്ത ആരോഗ്യ കേന്ദ്രങ്ങളിലോ ആരോഗ്യ പ്രവര്‍ത്തകരെയോ വിവരം അറിയിക്കണം. കുരങ്ങ് ചത്തുകിടക്കുന്ന സ്ഥലത്തിന് രണ്ട് മീറ്റര്‍ ചുറ്റളവില്‍ ചെള്ളുകളെ കൊല്ലാനുള്ള കീടനാശിനി തളിച്ചതിന് ശേഷം മാത്രമേ ആ പ്രദേശത്തേക്ക് പ്രവേശിക്കാവൂ. കുരങ്ങിന്റെ ശവശരീരം ആഴത്തില്‍ കുഴിയെടുത്ത് അതിലിട്ട് കത്തിച്ച്, മണ്ണിട്ടു മൂടണം. വനത്തിലേക്ക് പോകുന്നവര്‍ ചെള്ളുകടി ഏല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലെടുക്കണം. സ്ഥിരമായി വനത്തില്‍ പോകുന്നവര്‍ പ്രതിരോധ കുത്തിവയ്പ് എടുക്കേണ്ടതാണ്.
പനിയുള്ളവര്‍ സ്വയം ചികിത്സിക്കാതെ ആശുപത്രിയില്‍ പോകണം. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് കുരങ്ങു പനി പകരില്ല. അതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഡി എം ഒ. ഡോ. വി ഉമ്മര്‍ ഫാറൂഖ് അറിയിച്ചു.

Latest