ബാര്‍ കോഴ: വിജിലന്‍സ് നിയമോപദേശം തേടും

Posted on: December 6, 2014 4:42 am | Last updated: December 5, 2014 at 11:43 pm

maniതിരുവനന്തപുരം: ധനമന്ത്രി കെ എം മാണി ബാര്‍ ഉടമകളില്‍ നിന്ന് ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തെക്കുറിച്ചുള്ള അന്വേഷണം വിജിലന്‍സ് അവസാനിപ്പിക്കുന്നു. ലഭ്യമായ മൊഴികള്‍ അടിസ്ഥാനമാക്കി അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് തീരുമാനം. മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ വിജിലന്‍സ് നിയമോപദേശം തേടും.

ലഭ്യമായ വിവരം അനുസരിച്ച് കേസെടുക്കാന്‍ വകുപ്പില്ലെന്ന നിലപാടില്‍ തന്നെയാണ് വിജിലന്‍സ്. പണം നല്‍കിയത് തിരഞ്ഞെടുപ്പ് ഫണ്ടിലേക്കാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയതെന്നും വിജിലന്‍സ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ കരുതലോടെയാണ് നീക്കം. മാണിക്കെതിരെ കേസെടുക്കാന്‍ തക്ക തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ബാറുടമകള്‍ മൊഴി നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ അന്വേഷണത്തില്‍ പുരോഗതിയില്ലെന്നും നേരത്തെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ചൂണ്ടിക്കാണിച്ചിരുന്നു.
ഇതുവരെ ലഭിച്ച മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് തീരുമാനം. ക്വിക്ക് വെരിഫിക്കേഷന് അനുവദിക്കപ്പെട്ട പരമാവധി സമയം അടുത്തയാഴ്ച അവസാനിക്കുന്ന സാഹചര്യത്തില്‍ ഇനി ആരില്‍ നിന്നും മൊഴിയെടുക്കാന്‍ കാത്തിരിക്കേണ്ടെന്ന നിലപാടിലാണ് വിജിലന്‍സ്. ഈ സമയപരിധിക്കുള്ളില്‍ ആരെങ്കിലും സമീപിച്ചാല്‍ മൊഴി രേഖപ്പെടുത്തും.
ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ ഡി ധനേഷ്, പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി എന്നിവരും സംഘടനയുടെ വൈസ് പ്രസിഡന്റ്, നിര്‍വാഹക സമിതി അംഗം എന്നിവരുള്‍പ്പെടെയുമുള്ളവര്‍ ഇനിയും മൊഴി നല്‍കിയിട്ടില്ല. ഇവരോട് ഹാജരാകാനാവശ്യപ്പെട്ട് പലതവണ നോട്ടീസ് നല്‍കിയെങ്കിലും സമയം നീട്ടി ചോദിച്ച് കൊണ്ടിരിക്കുകയാണ്. കേസ് രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യത്തില്‍ സമന്‍സ് അയച്ച് വിളിച്ചുവരുത്താന്‍ കഴിയുന്നുമില്ല. ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ്, ബിജു രമേശിന്റെ ഡ്രൈവര്‍, അക്കൗണ്ടന്റ് എന്നിവരില്‍ നിന്നാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ ബിജു രമേശും ഡ്രൈവറും മാണിക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നത് സംബന്ധിച്ചാണ് നിയമോപദേശം തേടുന്നത്.
ധനമന്ത്രി കെ എം മാണി, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, ചീഫ് വിപ്പ് പി സി ജോര്‍ജ് തുടങ്ങിയവരില്‍ നിന്നെല്ലാം വിജിലന്‍സ് നേരത്തെ തന്നെ മൊഴിയെടുത്തിരുന്നു. ബിജു രമേശിന്റെ മൊഴിയില്‍ നിന്നും കേസെടുക്കുന്നതിന് സഹായകമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നാണ് സൂചന. അതേ സമയം, ആരോപണത്തെ ബലപ്പെടുത്തുന്ന മൊഴികളാണ് ഡ്രൈവറില്‍ നിന്നും അക്കൗണ്ടന്റില്‍ നിന്നും ലഭിച്ചിട്ടുള്ളത്. ഇവ കൂടി കണക്കിലെടുത്താണ് സംഘം നിയമോപദേശം തേടുന്നത്.
ബാര്‍ കോഴ വിവാദത്തില്‍ പ്രഖ്യാപിച്ച ക്വിക്ക് വെരിഫിക്കേഷന്‍ നടപടികള്‍ 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശം. പ്രത്യേക സാഹചര്യത്തില്‍ ഇത് ആറാഴ്ച വരെ എടുക്കാം. ഈ മാസം 12ന് അന്വേഷണം ആരംഭിച്ച് ആറാഴ്ച പൂര്‍ത്തിയാകും. ഇതിനു മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിജിലന്‍സ് തീരുമാനം. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മാണിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വനും വി എസ് സുനില്‍കുമാറുമാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.