Connect with us

Ongoing News

സ്‌കൂള്‍ കായിക മേളക്ക് തിരുവനന്തപുരം ഒരുങ്ങി

Published

|

Last Updated

തിരുവനന്തപുരം: 58-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളക്കായി തിരുവനന്തപുരം ഒരുങ്ങി. തിങ്കളാഴ്ച മുതല്‍ അഞ്ച് ദിവസം നീളുന്ന മേളക്ക് വിപുലമായ ഒരുക്കത്തിലാണ് സംഘാടകര്‍. 2012ലാണ് ഇതിനുമുമ്പ് തലസ്ഥാനം കായികമേളക്ക് ആതിഥ്യമരുളിയത്. മേളക്ക് മുന്നോടിയായുള്ള ദീപശിഖാ റാലി ഇന്നലെ തലസ്ഥാനത്തെത്തി. ജില്ലയില്‍ വിവിധയിടങ്ങളില്‍ റാലിക്ക് സ്വീകരണം ഏര്‍പ്പെടുത്തിയിരുന്നു.

ഉച്ചക്ക് ഒന്നരക്ക് നഗര കവാടമായ കേശവദാസപുരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിത റസല്‍ റാലിയെ സ്വീകരിച്ചു. തുടര്‍ന്ന് പട്ടം, പി എം ജി, പാളയം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം മൂന്നു മണിയോടെ എസ് എം വി സ്‌കൂളില്‍ ഔദ്യോഗിക സ്വീകരണം നടന്നു. കഴിഞ്ഞവര്‍ഷം മേള നടന്ന എറണാകുളത്തുനിന്ന് ബുധനാഴ്ചയായിരുന്നു റാലി യാത്രതിരിച്ചത്. ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നമായ വേഴാമ്പല്‍ അമ്മുവും റാലിക്കൊപ്പം ഉണ്ടായിരുന്നു. 250ല്‍ അധികം കായിക താരങ്ങളുടെ അകമ്പടിയോടെയാണ് റാലി തിരുവനന്തപുരത്തെത്തിയത്. കാര്യവട്ടം സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(സായി)-എല്‍ എന്‍ സി പി ഇ സ്റ്റേഡിയത്തിലാണ് തിങ്കളാഴ്ച മുതല്‍ മത്സരം നടക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമായി 2500ല്‍ അധികം കായിക താരങ്ങളാണ് മേളയില്‍ മാറ്റുരയ്ക്കാന്‍ എത്തുന്നത്. ഓരോ ജില്ലകളില്‍നിന്നും 200ല്‍ അധികം കുട്ടികളുണ്ടാകും.
95 ഇന മത്സരങ്ങളാണ് ആകെയുള്ളത്. ഒരുക്കങ്ങള്‍ക്കായി വിവിധ ചുമതലകള്‍ക്ക് 12 കമ്മിറ്റികളാണ് രൂപവത്കരിച്ചിട്ടുള്ളത്. ജനപ്രതിനിധികളും അധ്യാപകരും ഉള്‍പ്പെടെ അഞ്ഞൂറിലധികം പേരാണ് കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. തിങ്കളാഴ്ച വൈകിട്ട് 3.30ന് മന്ത്രി പി കെ അബ്ദുര്‍റബ്ബാണ് കായികമേള ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടനം ഉച്ചതിരിഞ്ഞാണെങ്കിലും മത്സരങ്ങള്‍ രാവിലെ തന്നെ ആരംഭിക്കും. ഡിസംബര്‍ എട്ടിന് 500ഓളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടികളോടെയാണ് കായികമേള തുടക്കം കുറിക്കുന്നത്. വ്യാഴാഴ്ച വൈകിട്ട് മന്ത്രി വി എസ് ശിവകുമാറാണ് സമ്മാനദാനം നടത്തുന്നത്. എല്‍ എന്‍ സി പി ഇയിലെ അത്‌ലറ്റിക് മൈതാനമാണ് കായിക ഇനങ്ങളുടെ പ്രധാന വേദി.
കായികാധ്യാപനത്തിന്റെ പ്രധാന വേദിയായ എല്‍ എന്‍ സി പിയില്‍ ആവശ്യത്തിനുള്ള ഉപകരണങ്ങളും ഉണ്ട്. സിന്തറ്റിക് ട്രാക്ക്, മത്സരങ്ങള്‍ക്കുവേണ്ട മറ്റുപകരണങ്ങള്‍ എന്നിവയും ഇവിടെയുണ്ട്. മത്സരത്തിനെത്തുന്ന കുട്ടികള്‍ക്ക് താമസത്തിനായി തുണ്ടത്തില്‍ സ്‌കൂള്‍, കാര്യവട്ടം എല്‍ പി എസ്, കാട്ടായിക്കോണം സ്‌കൂള്‍, കണിയാപുരം സ്‌കൂള്‍, ചെങ്കോട്ടുകോണം സ്‌കൂള്‍ എന്നിവയും നഗരത്തിലെ എസ് എം വി സ്‌കൂളുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. താമസ സ്ഥലങ്ങളില്‍നിന്ന് മത്സര വേദികളിലേക്കെത്താന്‍ കുട്ടികള്‍ക്ക് വാഹന സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്‍ എന്‍ സി പിക്ക് അടുത്തുള്ള തുണ്ടത്തില്‍ മാധവ വിലാസം സ്‌കൂളിലാണ് ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്. മേളയിലെത്തുന്നവര്‍ക്ക് രുചികരമായ ഭക്ഷണം തയ്യാറാക്കുന്നത് പഴയിടം മോഹന്‍ നമ്പൂതിരിയുടെ മേല്‍നോട്ടത്തിലാണ്. കായികമേള ആയതിനാല്‍ കുട്ടികളുടെ കായികക്ഷമത മെച്ചപ്പെടുത്താന്‍ മാംസാഹാരവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈകുന്നേരത്തേ ഭക്ഷണത്തിലാണ് ഇറച്ചി ഉള്‍പ്പെടുത്തുന്നത്. പ്രഭാത ഭക്ഷണത്തില്‍ പാല്‍, പഴം, മുട്ട എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ചക്ക് വിഭവ സമൃദ്ധമായ സദ്യ. ഒരു ദിവസം പായസവും ഒരുക്കുന്നുണ്ട്. ഭക്ഷണവേദിയിലേക്കും വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Latest