Connect with us

Kerala

ഇ- മാലിന്യങ്ങളുടെ പുനര്‍ചംക്രമണത്തിന് സര്‍ക്കാര്‍ പദ്ധതിയൊരുക്കുന്നു

Published

|

Last Updated

മലപ്പുറം: ഇലക്‌ട്രോണിക് മാലിന്യങ്ങളുടെ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഇ- മാലിന്യങ്ങള്‍ ഒരു നിശ്ചിത തുക നല്‍കി ഏറ്റെടുക്കാന്‍ പദ്ധതി.
സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന ഇ- മാലിന്യങ്ങള്‍ കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇവ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ക്ലീന്‍ കേരള കമ്പനിയെ ചുമതലപ്പെടുത്തുന്നത്. സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഉപയോഗ ശൂന്യമായ കമ്പ്യൂട്ടറുകള്‍, ലാപ്പ്‌ടോപ്പുകള്‍, ടെലിഫോണുകള്‍, മൊബൈല്‍ ഫോണുകള്‍, പ്രിന്ററുകള്‍, ഫോട്ടോകോപ്പിയറുകള്‍, സ്‌കാനറുകള്‍, ക്യാമറകള്‍, സ്വിച്ചുകള്‍, ഫാന്‍, എയര്‍ കണ്ടീഷനറുകള്‍, ജനറേറ്ററുകള്‍, കേബിളുകള്‍ തുടങ്ങിയ ഇലക്‌ട്രോണിക്, ഇലക്ട്രിക്കല്‍ മാലിന്യങ്ങള്‍ കിലോക്ക് അഞ്ച് രൂപാ നിരക്കിലാണ് ക്ലീന്‍ കേരള കമ്പനി ഏറ്റെടുക്കുക. വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള ഇ- മാലിന്യങ്ങള്‍ വാഹന സൗകര്യം ലഭ്യമാകുന്ന സ്ഥലത്ത് ശേഖരിച്ച് വെക്കേണ്ടതും ഇവ ക്ലീന്‍ കേരള കമ്പനിയെ ഏല്‍പ്പിക്കേണ്ടതുമാണ്.ഇങ്ങനെ ഏറ്റെടുക്കുന്ന ഇ- മാലിന്യങ്ങള്‍ തുടര്‍ന്നുള്ള പുനര്‍ചംക്രമണ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്തിന്റെ ഇതരഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അംഗീകൃത സംഭരണശാലകളിലേക്ക് അയക്കും. നിലവില്‍ കൊച്ചി നഗരസഭയുടെ പരിധിയില്‍ വരുന്ന ഇ- മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനി ഏറ്റെടുത്തു വരുന്നുണ്ട്. പദ്ധതി വന്‍ വിജയമായ സാഹചര്യത്തിലാണ് സംസ്ഥാനമാകെയുള്ള ഇ- മാലിന്യങ്ങള്‍ കമ്പനി മുഖേനെ ഏറ്റെടുത്ത് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇ- മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനായി 2012ല്‍ തന്നെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇ- മാലിന്യം മാനേജ്‌മെന്റ് ഹാന്റ്‌ലിംഗ് റൂള്‍സ് എന്ന നിയമം കര്‍ശനമാക്കി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, പല സംസ്ഥാനങ്ങളും ഈ നിയമം ഇതുവരെ നടപ്പില്‍ വരുത്തിയിട്ടില്ല.

---- facebook comment plugin here -----

Latest