Connect with us

National

മന്ത്രിയുടെ രാജി: സംയുക്ത പ്രമേയവുമായി പ്രതിപക്ഷം

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്ര സഹമന്ത്രി സാധ്വി നിരഞ്ജന ജ്യോതിയുടെ വിദ്വേഷ പ്രസംഗ വിഷയത്തില്‍ പാര്‍ലിമെന്റ് സ്തംഭനം നാലാം ദിവസവും തുടര്‍ന്നു. മന്ത്രിയുടെ പരാമര്‍ശങ്ങളില്‍ അപലപിച്ച് പ്രമേയം പാസ്സാക്കാന്‍ അനുമതി ആവശ്യപ്പെട്ട് ഒമ്പത് പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവന പുറത്തുവിട്ടു. മന്ത്രിയുടെ മാപ്പപേക്ഷ സ്വീകരിക്കണമെന്ന കഴിഞ്ഞ ദിവസം രാജ്യസഭയില്‍ നടത്തിയ പ്രസ്താവന ലോക്‌സഭയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ചു. അതേസമയം, വിഷയത്തില്‍ ഒരുമിച്ച് ചര്‍ച്ച ചെയ്ത് തിങ്കളാഴ്ചയോടെ പരിഹാരം കാണാന്‍ പ്രതിപക്ഷത്തോടും സര്‍ക്കാറിനോടും രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ നിര്‍ദേശിച്ചു. നാല് തവണ നിര്‍ത്തിവെക്കലുകള്‍ക്ക് സാക്ഷിയായ രാജ്യസഭ വൈകുന്നേരം 3.15ഓടെ ഒരു ദിവസത്തേക്ക് പിരിഞ്ഞു.
രാജ്യത്തിന്റെ സമ്പുഷ്ടമായ വിവിധങ്ങളായ സാമൂഹിക സാംസ്‌കാരിക മണ്ഡലത്തെ വിഭജിക്കാന്‍ ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രസംഗം നടത്തിയതിലൂടെ ഭരണഘടനയെ അവഹേളിക്കാനുള്ള ശ്രമങ്ങളെ അപലപിച്ച് അവതരിപ്പിക്കുന്ന സംയുക്ത പ്രമേയത്തെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെടുന്നുവെന്നതാണ് പ്രമേയത്തില്‍ ഉള്ളത്. കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ജെ ഡി യു, ബി എസ് പി, സി പി ഐ, സി പി എം, ഡി എം കെ, എന്‍ സി പി എന്നീ പാര്‍ട്ടികള്‍ പ്രമേയത്തില്‍ ഒപ്പുവെച്ചു. മന്ത്രിയെ ഒഴിവാക്കാതിരിക്കുന്നത് അങ്ങേയറ്റം യുക്തിരഹിതമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. പ്രമേയം അവതരിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം ബിസിനസ് അഡൈ്വസറി കമ്മിറ്റിയെ അറിയിച്ചതാണെന്നും എന്നാല്‍ ഇപ്പോള്‍ സ്വീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നും എം പിമാര്‍ ചൂണ്ടിക്കാട്ടി. ലോക്‌സഭയില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയൊന്നും പ്രതിപക്ഷത്തെ അടക്കിനിര്‍ത്തിയില്ല. പ്രതിപക്ഷാംഗങ്ങള്‍ ഇറങ്ങിപ്പോക്ക് നടത്തി.
“രാമന്റെ മക്കളോ, ജാര സന്തതികളോ? ആര് ഡല്‍ഹി ഭരിക്കണമെന്ന് വോട്ടര്‍മാര്‍ തിരഞ്ഞെടുക്കേണ്ടിയിരിക്കുന്നു”വെന്ന് ഡല്‍ഹിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ കേന്ദ്ര മന്ത്രി നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് വഴിവെച്ചത്. സാധ്വിക്കെതിരെ കഴിഞ്ഞ ദിവസം ഡല്‍ഹി പോലീസ് കേസെടുത്തിരുന്നു. മന്ത്രി ആദ്യം തന്റെ പ്രസംഗത്തെ ന്യായീകരിക്കുകയായിരുന്നു. ദേശവിരുദ്ധരെയാണ് താന്‍ പരാമര്‍ശിച്ചതെന്ന് മന്ത്രി വാദിച്ചുനോക്കിയെങ്കിലും അത് വിലപ്പോയില്ല. തുടര്‍ന്ന് ഡല്‍ഹിയില്‍ നടത്തിയ പ്രസംഗം ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നും അങ്ങനെ ഒരു പരാമര്‍ശം നടത്തിയതില്‍ അതിയായി ഖേദിക്കുന്നുവെന്നും മന്ത്രി പാര്‍ലിമെന്റില്‍ പ്രസ്താവിക്കുകയായിരുന്നു.

Latest