Connect with us

Gulf

'രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ബോംബിന് സമാനം'

Published

|

Last Updated

ദുബൈ: വേഗം വര്‍ധിപ്പിക്കുവാന്‍ ലക്ഷ്യമിട്ട് രൂപമാറ്റം വരുത്തി റോഡിലേക്കിറക്കുന്ന വാഹനങ്ങള്‍ ബോംബിന് സമാനമാണെന്ന് യു എ ഇ ഓട്ടോമൊബൈല്‍ ആന്‍ഡ് ടൂറിംഗ് ക്ലബ്ബ് പ്രസിഡന്റ് മുഹമ്മദ് ബിന്‍ സുലൈം അഭിപ്രായപ്പെട്ടു. രൂപമാറ്റം വരുത്തിയ കാറുകള്‍ ശബ്ദമലിനീകരണത്തിനും അനിയന്ത്രിതമായ വേഗത്തിനും ഇടയാക്കുന്നുണ്ട്. ഓരോ കാറും രൂപകല്‍പന ചെയ്യുന്നത് അതിന്റെ പരമാവധി വേഗം നിശ്ചയിച്ചാണ്. അതില്‍ കൂടുതല്‍ വേഗത്തില്‍ അവ ഓടിക്കുന്നത് വാഹനത്തിനും ഡ്രൈവര്‍ക്കും വഴിയാത്രക്കാര്‍ക്കുമെല്ലാം ഒരുപോലെ അപകടം വരുത്തുമെന്നതിനാലാണ് അത്തരം കാറുകള്‍ ബോംബിന് സമാനമാണെന്ന് പറയേണ്ടിവരുന്നതെന്ന് കാറോട്ട മത്സരങ്ങളിലെ ജേതാവ് കൂടിയായ മുഹമ്മദ് വിശദീകരിച്ചു.
ദുബൈ പോലീസ് ആഢംബര കാറുകള്‍ സേനയുടെ ഭാഗമാക്കിയിരിക്കുന്നത് അവ പരമാവധി വേഗം ലഭിക്കുന്ന രീതിയില്‍ രൂപകല്‍പന ചെയ്തതിനാലാണ്. അതുതന്നെയാണ് അത്തരം കാറുകള്‍ക്ക് കാര്‍ വിപണിയിലെ ഏറ്റവും ഉയര്‍ന്ന വില ഉണ്ടാവാനും ഇടയാക്കുന്നത്. അതീവ സങ്കീര്‍ണമായ സാങ്കേതികവിദ്യയുള്ള വാഹനങ്ങള്‍ ഏതെങ്കിലും സാധാരണ പണിശാലയില്‍ കൊണ്ടുപോയി യാതൊരു മാനദണ്ഡവും പാലിക്കാതെ രൂപമാറ്റം വരുത്തുന്നത് ആത്മഹത്യാപരമായ കാര്യമാണ്. നിലവില്‍ രാജ്യത്ത് എത്ര കാറുകള്‍ രൂപമാറ്റം വരുത്തിയിട്ടുണ്ടെന്ന് കൃത്യമായി പറയാന്‍ സാധിക്കാത്ത സ്ഥിതിയാണ്. കാറുകള്‍ക്ക് രൂപമാറ്റം വരുത്തുന്നത് അവസാനിപ്പിക്കാന്‍ ടൂറിംഗ് ക്ലബ്ബും എമിറേറ്റ്‌സ് അതോറിറ്റി ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ആന്‍ഡ് മെട്രോളജിയും യോജിച്ച് ഫെഡറല്‍ സര്‍ക്കാരിന്റെ കീഴില്‍ പുതിയ നിയമം നിര്‍മിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. കാര്‍ രൂപമാറ്റം വരുത്തുന്നതിനെതിരെ ബോധവത്കരണവും നിയമനിര്‍മാണവും ലക്ഷ്യമിട്ട് അടുത്തിടെ നടന്ന ജി സി സി രാജ്യങ്ങളുടെ പ്രഥമ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സൗന്ദര്യം വര്‍ധിപ്പിക്കാനായി കാറുകളില്‍ രൂപമാറ്റം വരുത്തുന്നത് സ്വീകരിക്കാവുന്ന കാര്യമാണെങ്കിലും മനുഷ്യരുടെ ജീവന് ഭീഷണി ഉയര്‍ത്തുന്ന ഇത്തരം കാറുകളെ റോഡില്‍ ഇറക്കാന്‍ അനുവദിക്കരുതെന്നാണ് പറയാനുള്ളത്.
രൂപാന്തരം വരുത്തി റോഡില്‍ ഇറക്കുന്ന കാറുകളില്‍ മിക്കവയും ചലിക്കുന്ന ബോംബുകളാണ്. ഇത്തരം പ്രവണത ഒരര്‍ഥത്തിലും അനുവദിക്കാനാവില്ല. കാര്‍ റാലിയില്‍ ഉപയോഗിക്കുന്ന കാറുകള്‍ പോലും മണിക്കൂറില്‍ 500 കുതിരശക്തിയില്‍ ഓടുന്നവയാണെങ്കില്‍, രൂപമാറ്റത്തിലൂടെ 1,000 കുതിര ശക്തിയില്‍ കാര്‍ ഓടുമ്പോള്‍ എന്നെപ്പോലെയുള്ള, കാര്‍ റാലികളില്‍ പങ്കെടുക്കുന്നവര്‍ക്ക് പോലും അവയെ നിയന്ത്രിക്കാനാവില്ല. ഇത്തരത്തില്‍ 1,000 കുതിര ശക്തി വരെ വേഗം വര്‍ധിപ്പിച്ച കാറുകളാണ് 18ഉം 19ഉം വയസുള്ള യുവാക്കള്‍ ഓടിക്കുന്നതെന്ന് അറിയുമ്പോള്‍ ആരുടെ നെഞ്ചാണ് ഭയത്താല്‍ വിറക്കാത്തതെന്നും 1986ല്‍ ആരംഭിച്ച ഫിയ മിഡില്‍ ഈസ്റ്റ് റാലി ചാംമ്പ്യന്‍ഷിപ്പില്‍ 14 തവണ ജേതാവായ അദ്ദേഹം ആശങ്കപ്പെട്ടു.

---- facebook comment plugin here -----

Latest