കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്കെതിരെ രാപകല്‍ സമരവുമായി കര്‍ഷക കോണ്‍ഗ്രസ് രംഗത്ത്

Posted on: December 5, 2014 2:15 pm | Last updated: December 5, 2014 at 2:15 pm

പാവറട്ടി: കോണ്‍ഗ്രസ് എം എല്‍ എ മാര്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ രാപകല്‍ സമരവുമായി കര്‍ഷക കോണ്‍ഗ്രസ് രംഗത്ത്. വെങ്കിടങ്ങ്് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അനാസ്ഥ കാണിക്കുന്നുവെന്നാരോപിച്ച് മന്ത്രി സി എന്‍ ബാലകൃഷ്ണന്‍, എം എല്‍ എ മാരായ പി എ മാധവന്‍, തേറമ്പില്‍ രാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് കര്‍ഷക കോണ്‍ഗ്രസ് മണലൂര്‍ നിയോജക മണ്ഡലം കമ്മിറ്റി രംഗത്തെത്തിയത്. മൂന്ന് നിയോജക മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന റോഡായ വെങ്കിടങ്ങ്- പുള്ള് റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സ്തംഭിച്ചു നില്‍ക്കുന്നത് കൊണ്ടാണ് നിയോജക മണ്ഡലങ്ങളിലെ ജനപ്രതിനിധികള്‍ക്കെതിരെ സമരം ചെയ്യുന്നതെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് വി പി കുഞ്ഞാലി പത്രസമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയെങ്കിലും ഫലം കാണാത്ത സാഹചര്യത്തിലാണ് 15 ന് രാവിലെ മുതല്‍ രാപ്പകല്‍ സമരം നടത്തുന്നതെന്ന് റോഡ് പ്രാവര്‍ത്തികമാകുന്നത് വരെ മുന്നോട്ട് പോകുമെന്നും പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.