ജില്ലാ സ്‌കൂള്‍ കായികമേള: മുക്കം ഉപജില്ലക്ക് കിരീടം

Posted on: December 5, 2014 10:45 am | Last updated: December 5, 2014 at 10:45 am

കോഴിക്കോട്: റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയില്‍ മുക്കം ഉപജില്ല ഓവറോള്‍ ചാമ്പ്യന്‍മാര്‍. 27 സ്വര്‍ണവും 24 വെള്ളിയും 16 വെങ്കലവും അടക്കം 245.5 പോയിന്റ് നേടിയാണ് മുക്കം കിരീടത്തില്‍ മുത്തമിട്ടത്. 15 സ്വര്‍ണവും 17 വെള്ളിയും 14 വെങ്കലവും നേടിയ താമരശ്ശേരി ഉപജില്ല 149 പോയിന്റോടെ രണ്ടാം സ്ഥാനവും ഏഴ് സ്വര്‍ണവും 17 വെള്ളിയും 16 വെങ്കലവുമടക്കം 101.5 പോയിന്റോടെ പേരാമ്പ്ര ഉപജില്ല മൂന്നാം സ്ഥാനവും നേടി. ബാലുശ്ശേരി (95 പോയിന്റ്), കോഴിക്കോട് സിറ്റി (36 പോയിന്റ്), കൊയിലാണ്ടി (32 പോയിന്റ്) ഉപജില്ലകളാണ് തൊട്ടുപിന്നില്‍.

സ്‌കൂള്‍തല ചാമ്പ്യന്‍പട്ടം താമരശ്ശേരി ഉപജില്ലയിലെ നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് എച്ച് എസ് എസ് കരസ്ഥമാക്കി. മുക്കം ഉപജില്ലയിലെ പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് എച്ച് എസ് രണ്ടാം സ്ഥാനത്തും പേരാമ്പ്ര ഉപജില്ലയിലെ കുളത്തുവയല്‍ സെന്റ്‌ജോര്‍ജ് എച്ച് എസ് എസ് മൂന്നാം സ്ഥാനത്തും എത്തി. എന്നാല്‍ ഏറെ പ്രതീക്ഷയോടെ ഉഷ സ്‌കൂളിലെ താരങ്ങളുമായെത്തിയ പൂവമ്പായി എച്ച് എസ് എസിന് നാലാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
പൂവമ്പായി എ എം എച്ച് എസിലെ ഷഹര്‍ബാന സിദ്ദീഖും സായ് കോഴിക്കോടിന്റെ വി കെ മുഹമ്മദ് ബാദുഷയുമാണ് വേഗമേറിയ താരങ്ങള്‍. സീനിയര്‍ പുരുഷ- വനിതാ വിഭാഗങ്ങളിലും ചാമ്പ്യന്‍പട്ടം രണ്ട് പേര്‍ പങ്കിട്ടു. 100 മീറ്റര്‍, 200 മീറ്റര്‍, 400 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം കരസ്ഥമാക്കി 15 പോയിന്റ് നേടിയ മുഹമ്മദ് ബാദുഷ, കെ പി സല്‍മാന്‍ ഹാരിസിനൊപ്പം സീനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യന്‍പട്ടം പങ്കിട്ടത്. പോള്‍വാള്‍ട്ട്, 110, 400 മീറ്റര്‍ ഹര്‍ഡില്‍സ് വിഭാഗങ്ങളില്‍ സല്‍മാന്‍ ഒന്നാമതെത്തിയത്.
ഗേള്‍സ് വിഭാഗത്തില്‍ ഷഹര്‍ബാന സിദ്ദിഖ് 100, 200, 400 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയാണ് പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് എച്ച് എസിലെ വിനിജ വിജയനൊപ്പം വ്യക്തിഗത ചാമ്പ്യന്‍പട്ടം പങ്കിട്ടത്. ലോങ്ങ്ജംപ്, ട്രിപ്പിള്‍ ജംപ്, ഹൈജമ്പ് ഇനങ്ങളിലായിരുന്നു വിനിജക്ക് ഒന്നാം സ്ഥാനം. സബ് ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ കുളത്തുവയല്‍ സെന്റ് ജോര്‍ജ് എച്ച് എസ് എസിലെ വിഗ്നേഷ് ആര്‍ നമ്പ്യാര്‍, സാമൂതിരി എച്ച് എസ് എസിലെ ദാവൂദ് അബ്ദുല്ല, സായ് കോഴിക്കോടിന്റെ സൂരജ് ചന്ദ്രന്‍ എന്നിവര്‍ പത്ത് പോയിന്റുകള്‍ വീതം നേടി ഒന്നാം സ്ഥാനത്തിന് ഒരുപോലെ അവകാശികളായി.
സബ് ജൂനിയര്‍ ഗേള്‍സില്‍ 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടുകയും 100, 200 മീറ്റര്‍ ഓട്ടത്തില്‍ വെള്ളി നേടുകയും ചെയ്ത അപര്‍ണ റോയ് ആണ് വ്യക്തിഗത ചാമ്പ്യനായത്. ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ 400, 800 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടുകയും ട്രിപ്പിള്‍ ജമ്പില്‍ വെള്ളി നേടുകയും ചെയ്ത സെന്റ് ജോണ്‍സ് എച്ച് എസ് നെല്ലിപ്പൊയില്‍ വിദ്യാര്‍ഥി എം സി അര്‍ജുന്‍ വ്യക്തിഗത ചാമ്പ്യനായി. ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ പൂവമ്പായി എ എം എച്ച് എസിലെ ജിസ്‌ന മാത്യുവിനാണ് വ്യക്തിഗത ചാമ്പ്യന്‍പട്ടം. 100, 200, 400 മീറ്റര്‍ ഓട്ടത്തിലാണ് ജിസ്‌ന സ്വര്‍ണം നേടിയത്.
കായിക അധ്യാപക വിദ്യാര്‍ഥികളുടെ സമരം മൂലം കഴിഞ്ഞ മാസം കൊയിലാണ്ടിയില്‍ നടക്കവെ നിര്‍ത്തിവെച്ച റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയുടെ സമാപന ദിന മത്സരങ്ങളാണ് ഇന്നലെ ദേവഗിരി സെന്റ് ജോസഫ്‌സ് കോളജില്‍ പൂര്‍ത്തിയായത്. ട്രാക്കിലെ ഗ്ലാമര്‍ ഇനങ്ങളായ 100 മീറ്റര്‍, 3000 മീറ്റര്‍, 1500 മീറ്റര്‍, 4-100 മീറ്റര്‍ റിലേ, ലോംഗ്ജംപ്, ഹൈജംപ് ഇനങ്ങളുടെ ഫൈനല്‍ മത്സരങ്ങടക്കം 28 ഇനങ്ങളായിരുന്നു ഇന്നലെ നടന്നത്.