ക്വട്ടേഷന്‍ സംഘത്തലവനില്‍ നിന്ന് നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Posted on: December 5, 2014 9:19 am | Last updated: December 5, 2014 at 9:19 am

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെ ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ യൂനിറ്റ് ഫാര്‍മസിസ്റ്റ് മേപ്പയ്യൂര്‍ സ്വദേശി സലീഷ് കുമാറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ ക്വട്ടേഷന്‍ സംഘത്തലവന്‍ ഊരള്ളൂര്‍ ചെമ്പോട്ട് വീട്ടില്‍ ശൈലേഷില്‍ നിന്ന് അനധികൃത വാഹനങ്ങള്‍ പിടിച്ചെടുത്തു. നാല് കാറുകളും ആറ് ബൈക്കുകളും ഒരു ലോറിയും ഉള്‍പ്പെടെ 11 വാഹനങ്ങളാണ് പിടിച്ചെടുത്തത്. ഇയാളുടെ വീട്ടില്‍ നിന്ന് നിരവധി വാഹനങ്ങളുടെ ആര്‍ സി ബുക്കുകളും ആയുധങ്ങളും പോലീസ് നേരത്തെ പിടിച്ചെടുത്തിരുന്നു. കേസില്‍ അരിക്കുളം മായനമീത്തല്‍ രാഹുല്‍ (25), പെരുവട്ടൂര്‍ കണ്ടംചാത്തനായിത്താഴകുനി പ്രജീഷ് (27), കീഴരിയൂര്‍ നമ്പ്രത്ത്കര കുന്നോത്ത് മുക്ക് തോട്ടത്താംകുഴി മീത്തല്‍ സോമന്‍ (37), പന്തലായനി വെള്ളിലോട്ട് പൂക്കാട്ടില്‍ അമല്‍ (28) എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. ക്വട്ടേഷന്‍ നല്‍കിയ ശൈലേഷ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ആറാം പ്രതി നിടുംപൊയില്‍ സ്വദേശി ബാബുവിനായി അന്വേഷണം ഊര്‍ജിതമാക്കി. ബന്ധുവീട്ടില്‍ ഒളിപ്പിച്ച ഇയാളുടെ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.