പളളിക്കല്‍ ബസാര്‍ ജുമുഅത്ത് പളളി ചേളാരികള്‍ പൂട്ടിച്ചു

Posted on: December 5, 2014 3:45 am | Last updated: December 4, 2014 at 11:46 pm

പളളിക്കല്‍: സമാധാനാന്തരീക്ഷം നിലനിന്നിരുന്ന പളളിക്കല്‍ ബസാറില്‍ വിഘടിതരുടെ അഴിഞ്ഞാട്ടം മൂലം ജുമുഅത്ത് പളളി പൂട്ടേണ്ടി വന്നു. ഇന്നലെ വൈകുന്നേരം തിരൂര്‍ ആര്‍ ഡി ഒയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹത്തോടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പള്ളി വിഘടിതര്‍ പൂട്ടിക്കുകയായിരുന്നു.
ഏറെ കാലമായി പളളി നില്‍ക്കുന്ന സ്ഥലമുള്‍പ്പെടെ ദാനം ചെയ്ത സുന്നി കുടുംബത്തെ കബളിപ്പിക്കാന്‍ ശ്രമിച്ച് വിഘടിതര്‍ വ്യാജ രജിസ്‌ട്രേഷന്‍ നടത്താന്‍ ശ്രമിച്ചപ്പോഴാണ് പളളിക്കല്‍ ബസാറില്‍ നിലനിന്നിരുന്ന സമാധാനാന്തരീക്ഷം നഷ്ടമാകാന്‍ തുടങ്ങിയത്. വര്‍ഷങ്ങളായി ഇരുവിഭാഗത്തിനും തുല്യപ്രാധാന്യമുള്ള പളളിക്കമ്മിറ്റിയുടെ സെക്രട്ടറി ചേളാരി പക്ഷക്കാരനായിരുന്നു. പലപ്പോഴും പളളിയുടെ പണവും രേഖകളും പളളിയുടെ ഓഫീസില്‍ നിന്ന് സ്വകാര്യമായി കടത്തി ചേളാരിക്കാരുടെ പേരില്‍ രജിസ്‌ട്രേഷന്‍ നത്താന്‍ ശ്രമിച്ചപ്പോഴാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. കമ്മിറ്റി ഒന്നടങ്കം രേഖാമൂലം കമ്മിറ്റിയുടെ രേഖകളും പണം തിരിച്ച് പളളിയിലെത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സെക്രട്ടറിയായിരുന്ന ലിയാക്കത്തലി അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് കമ്മിറ്റി പുതുതായി പുനര്‍രൂപവത്കരിച്ചത്.
ഈ കമ്മിറ്റിയാണ് രജിസ്‌ട്രേഷന്‍ നടപടികളുമായി മുന്നോട്ട് പോയത്. എന്നാല്‍ ഇതിന് ശേഷം പളളിയുടെ വികസന കാര്യങ്ങളും പരിപാലനവും നടത്തിവരുന്നത് സുന്നികളായിരുന്നു. വിഘടിതര്‍ പളളിയുമായി സഹകരിക്കാറില്ല. മാത്രമല്ല പളളിക്ക് ലഭിക്കുന്ന പ്രധാന വരുമാന മാര്‍ഗങ്ങള്‍ സമാന്തര കമ്മിറ്റിയെന്ന പേരില്‍ വ്യാജമായി തടയിടുകയും ചെയ്തു. ഇതിന്റെയിടയിലാണ് കമ്മിറ്റിയുടെ സൊസൈറ്റി രജിസ്‌ട്രേഷന്‍ നടപടികള്‍ ചോദ്യം ചെയ്ത് വിഘടിതര്‍ ഹൈക്കോടതിയെ സമീപിച്ചത്. രജിസ്‌ട്രേഷനില്‍ വീഴ്ചകള്‍ ഉണ്ടെങ്കില്‍ കണ്ടെത്തണമെന്നും ഹൈക്കോടതിയുടെ പരാമര്‍ശം രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കിയ പാനല്‍ റദ്ദ് ചെയ്തുവെന്ന ഉത്തരവ് രജിസ്‌ട്രേഷന്‍ തളളി എന്ന തെറ്റായി പ്രചരിപ്പിച്ചത്.
അതേസമയം, രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്തില്ലെന്ന് മലപ്പുറം രജിസ്ട്രാര്‍ രേഖാമൂലം കമ്മിറ്റിയെ അറിയിച്ചതാണ്. എന്നാല്‍ രജിസ്ട്രാറുടെ മേല്‍ നടപടി തികച്ചും നിയമ സാധുതയില്ലാത്തതായി നിയമ വിദഗ്ധര്‍ ചൂണ്ടി കാട്ടുന്നു. എന്നാല്‍ ഇതിനിടയിലാണ് മൂന്നര വര്‍ഷം മുമ്പ് ഏകകണ്ഠമായി പളളിയില്‍ നിയമിതനായ ഇമാമിനെ മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. കഴിഞ്ഞ വെളളിയാഴ്ച പ്രശ്‌ന ബാധിത പളളിയാക്കാന്‍ ഇമാം ഖുതുബ ഓതുമ്പോള്‍ ചേളാരികള്‍ ഇമാമിനെ അസഭ്യം പറയുകയും തെറിവിളിക്കുകയും ചെയ്തിരുന്നു. പളളിയില്‍ നേരത്തെ തമ്പടിച്ച പോലീസ് നിഷ്‌ക്രിയമായി നോക്കിനില്‍ക്കുകയും ചേളാരികള്‍ക്ക് വേണ്ട സഹായങ്ങളും സുരക്ഷയും ഉറപ്പ് വരുത്തുകയായിരുന്നു. എന്നാല്‍ സുന്നികളുടെ സമാധാനപരമായ ഇടപെടലുകള്‍ സംഘര്‍ഷം പളളിയില്‍ ഒഴിവാക്കാന്‍ കാരണമായത്. ഇതിന്റെ പേരില്‍ പളളിയില്‍ നിന്ന് നിസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയ സുന്നിപ്രവര്‍ത്തകരെ യാതൊരു പ്രകോപനവുമില്ലാതെ പോലീസ് മര്‍ദിക്കുകയും പളളിയില്‍ നിന്ന് നിസ്‌കാരം കഴിഞ്ഞ് ഇറങ്ങുമ്പോള്‍ വിഘടിതര്‍ ചൂണ്ടി കാണിച്ച് നല്‍കിയ സുന്നി പ്രവര്‍ത്തകരെ തിരഞ്ഞ് പോലീസിനെ കൊണ്ട് തല്ലിയോതുക്കുകയായിരുന്നു.
അതേസമയം വിഘടിതര്‍ തന്ത്രപരമായി പ്രശ്‌ന ബാധിത പളളിയായി ചിത്രീകരിച്ച് സ്വാധീനം ചെലുത്തി ആര്‍ ഡി ഒ കൊണ്ട് പളളി പൂട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അഞ്ച് വഖ്ത് നിസ്‌കാരത്തിന് പളളിയിലെത്തിരുന്ന നൂറു കണക്കിന് വ്യാപാരികളുടെയും വഴിയാത്രക്കാരുടെയും ജമാഅത്ത് നിസ്‌കാരമാണ് വിഘടിതര്‍ തങ്ങളുടെ ലാഭത്തിന് വേണ്ടി മുടക്കിയത്.
അതേസമയം ബുധനാഴ്ച തിരൂര്‍ ആര്‍ ഡി ഒ ഇരുവിഭാഗത്തെയും ചര്‍ച്ചക്ക് വിളിക്കുകയും ചര്‍ച്ചയില്‍ ആര്‍ ഡി ഒ ഇമാമിനെ മാറ്റണം. എന്നാലെ അവിടെത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുകയുളളൂ എന്ന മുസ്‌ലിം ലീഗ് നേതാക്കളുടെ അഭിപ്രായം ഏറ്റു പറയുകയായിരുന്നു. എന്നാല്‍ നേരത്തെ പളളിയിലെ മുഅദ്ദിനെ മാറ്റണമെന്ന ആവശ്യം ചേളാരിക്കാര്‍ ഉന്നയിക്കുകയും മുഅദ്ദിനെ മാറ്റുകയും ചെയ്തിരുന്നു. അത് കൊണ്ട് ഇമാമിനെ മാറ്റാനുളള കാരണം വ്യക്തമാക്കണമെന്ന ആവശ്യം ചേളാരികള്‍ നിരസിച്ചതിനെ തുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടത്.