Connect with us

Kerala

വരവ് ചെലവ്പുനഃപരിശോധന: വൈദ്യുതി ബോര്‍ഡിന്റെ ആവശ്യത്തില്‍ കമ്മീഷന് എതിര്‍പ്പ്

Published

|

Last Updated

തിരുവനന്തപുരം: വാര്‍ഷിക വരവ് ചെലവ് കണക്കുകള്‍ അംഗീകരിച്ചത് പുന:പരിശോധിക്കണമെന്ന വൈദ്യുതി ബോര്‍ഡിന്റെ ആവശ്യത്തില്‍ റഗുലേറ്ററി കമ്മീഷന് എതിര്‍പ്പ്. ചെലവിനത്തിലും പലിശബാധ്യതയിനത്തിലും ബോര്‍ഡ് ആവശ്യപ്പെട്ട തുക കമ്മീഷന്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് സമര്‍പ്പിച്ച ഹരജിയില്‍ തെളിവെടുപ്പ് നടത്തവെയാണ് കമ്മീഷന്‍ വിയോജിപ്പ് അറിയിച്ചത്. അധികമുള്ള ജീവനക്കാരെ പുനര്‍വിന്യസിച്ചും ചെലവ് ചുരുക്കിയും മുന്നോട്ടുപോകാനുമാണ് കമ്മീഷന്‍ നിര്‍ദേശിച്ചത്.
ചെലവിനങ്ങള്‍ കുറച്ചത് കെ എസ് ഇ ബിക്ക് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന വാദമാണ് ഹരജിയില്‍ കെ എസ് ഇ ബി ഉയര്‍ത്തിയത്. ജീവനക്കാരുടെ ചെലവ് കുറക്കാന്‍ വര്‍ഷങ്ങളായി കമ്മീഷന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ബോര്‍ഡിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടാകുന്നില്ലെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.
ഇന്നലെ കമ്മിഷന്‍ ആസ്ഥാനത്ത് നടന്ന തെളിവെടുപ്പില്‍ ബോര്‍ഡിന്റെ വാദത്തെ വിവിധ സംഘടനകള്‍ ശക്തിയായി എതിര്‍ത്തു. കമ്മീഷന്‍ ഉത്തരവ് വന്ന് 45 ദിവസത്തിനകം പുനരവലോകന ഹരജി നല്‍കണം. എന്നാല്‍ ഈ കാലാവധിക്കുശേഷമാണ് കെ എസ് ഇ ബി പെറ്റീഷന്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നും അതിനാല്‍ ഇത് പരിഗണനക്ക് പോലും എടുക്കാതെ തള്ളണമെന്നും ചെറുകിട വ്യവസായ അസോസിയേഷന്‍ പ്രതിനിധി ആവശ്യപ്പെട്ടു.
കമ്മീഷന്‍ തീരുമാനമെടുത്ത കാര്യത്തില്‍ വീണ്ടും പുനരവലോകന ഹരജിയുമായി വരുന്നത് ശരിയല്ലെന്ന് എച്ച് ടി, ഇ എച്ച് ടി അസോസിയേഷനും ആവശ്യപ്പെട്ടു.