Connect with us

Kasargod

അത്ഭുതക്കാഴ്ചകളുമായി സയന്‍സ് എക്‌സ്പ്രസ്

Published

|

Last Updated

കാസര്‍കോട്: ജൈവവൈവിധ്യത്തിന്റെ കാണാക്കാഴ്ചകളിലേക്കും പുത്തന്‍ അറിവുകളിലേക്കും പരിസ്ഥിതി പ്രശ്‌നങ്ങളിലേക്കും വിരല്‍ച്ചൂണ്ടി പൊതുജനങ്ങളില്‍ക്കിടയില്‍ ശാസ്ത്രബോധം വളര്‍ത്തിയെടുക്കുന്ന ശാസ്ത്രപ്രദര്‍ശനവുമായി ഇന്ത്യ മുഴുവന്‍ സഞ്ചരിക്കുന്ന സ്‌പെഷ്യല്‍ ട്രെയിന്‍, സയന്‍സ് എക്‌സ്പ്രസ്സ് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നഗരസഭാ ചെയര്‍മാന്‍ ടി ഇ അബദുല്ല ഉദ്ഘാടനം ചെയ്തു.
ഇന്നലെ മുതല്‍ കാസര്‍കോട് റെയില്‍വെസ്റ്റേഷനില്‍ 16 എ സി കോച്ചുകളിലായിട്ടാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനച്ചടങ്ങില്‍ ഡി ഡി ഇ. സി രാഘവന്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ശുക്കൂര്‍, കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ രാഘവ പാണ്ഡ്യ തുടങ്ങിയവര്‍ സംബന്ധിച്ചു.
ജൈവവൈവിധ്യം സംരക്ഷിക്കേണ്ട അനിവാര്യതയെക്കുറിച്ചും കാലാവസ്ഥ വ്യതിയാനത്തിന്റെ അപകടത്തെക്കുറിച്ചും വ്യക്തമായ അവബോധം നല്‍കുന്ന തരത്തിലാണ് സയന്‍സ് എക്‌സ്പ്രസ്സ് സജ്ജീകരിച്ചിരിക്കുന്നത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും വനം-പരിസ്ഥിതി വകുപ്പും സംയുക്തമായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
ഹരിത സാങ്കേതിക വിദ്യ, ഊര്‍ജ സംരക്ഷണം എന്നിവയെക്കുറിച്ചുള്ള പ്രദര്‍ശനവും സയന്‍സ് എക്‌സ്പ്രസ്സിലുണ്ട്. കളികളും പ്രവര്‍ത്തനങ്ങളും സംയോജിപ്പിച്ചുകൊണ്ട് കുട്ടികള്‍ക്ക് മാത്രമായുള്ള കോച്ചാണ് പ്രദര്‍ശനത്തിന്റെ മറ്റൊരു പ്രത്യേകത. വിക്രം സാരാഭായ് കമ്മ്യൂണിറ്റി സയന്‍സ് സെന്ററിന്റെ സഹായത്തോടെ സജ്ജീകരിച്ചിരിക്കുന്ന ലാബും എക്‌സ്പ്രസ്സില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ അധ്യാപകര്‍ക്കുള്ള പ്രത്യേക പരിശീലന ക്ലാസ്സുകളും സയന്‍സ് എക്‌സ്പ്രസ്സ് നല്‍കും.
2007ലാണ് സയന്‍സ് എക്‌സപ്രസ്സ് യാത്ര തുടങ്ങിയത്. നാല് ഘട്ടങ്ങളിലായി ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലൂടെ ശാസ്ത്രലോകത്തിലെ അറിവുകള്‍ പങ്കുവെച്ച് യാത്ര ആരംഭിച്ച സയന്‍സ് എക്‌സ്പ്രസ്സ് 2012 മുതല്‍ ജൈവവൈവിധ്യ പ്രദര്‍ശനമാണ് നടത്തുന്നത്.
കാഴ്ചയുടെയും അറിവിന്റെയും പുതിയ അനുഭവം പകര്‍ന്ന് എക്‌സ്പ്രസ്സ് ഈമാസം ഏഴ് വരെ കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ ഉണ്ടാകും. പ്രദര്‍ശനം സൗജന്യമാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് 25 പേര്‍ അടങ്ങുന്ന ഗ്രൂപ്പുകളായി ജോയി ഓഫ് സയന്‍സ് ലാബിലെ പഠന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാം. ഇതിനായി Vascsc.Jos@gmail.com എന്ന വിലാസത്തിലോ 09428405408 എന്ന നമ്പറിലോ ബന്ധപ്പെടാം. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് പ്രദര്‍ശനം.

Latest