അമേരിക്കന്‍ അധ്യാപികയുടെ കൊല: പ്രതി കസ്റ്റഡിയില്‍

Posted on: December 5, 2014 10:59 am | Last updated: December 5, 2014 at 2:23 pm

cctvഅബുദാബി: അമേരിക്കന്‍ അധ്യാപികയെ റീം ഐലന്റില്‍ സൂപ്പര്‍മാര്‍ക്കറ്റിന്റെ ശൗചാലയത്തില്‍ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രി ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശൈഖ് സൈഫ്. 38 വയസുള്ള സ്വദേശി സ്ത്രീയാണ് അറസ്റ്റിലായത്. കൊലപാതകം നടന്ന് 48 മണിക്കൂറിനകം ഇവരെ കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞു. കൊലപാതകത്തിനു ശേഷം ഇവര്‍ അബുദാബിയിലെ ഒരു അമേരിക്കന്‍ ഡോക്ടറുടെ ഫഌറ്റിനു മുന്നില്‍ നാടന്‍ ബോംബ് സ്ഥാപിച്ചു.
യു എ ഇ ദേശീയ ദിനാഘോഷ ദിവസമാണ് സംഭവ പരമ്പര. ഇവര്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കാര്‍ അലങ്കരിക്കുന്ന കൂട്ടത്തില്‍ നമ്പര്‍ പ്ലേറ്റ് മറച്ചുവെച്ചാണ് സഞ്ചരിച്ചത്. ആസൂത്രിതമായാണ് കൊലപാതകം നടത്തിയത്. കൃത്യം നടന്ന ഉടന്‍ തന്നെ അന്വേഷണത്തിനായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ രംഗത്തിറങ്ങിയിരുന്നു. രാവും പകലും അന്വേഷണം നടത്തിയതിന് ശേഷം പ്രതിയെ കണ്ടെത്തുകയായിരുന്നു. തെളിവ് നശിപ്പിക്കാന്‍ പ്രതി വലിയ ശ്രമം നടത്തിയതായി പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
അബുദാബിയിലെ അമേരിക്കന്‍ ഡോക്ടറുടെ ഫഌറ്റിനു മുന്നില്‍ നിന്ന് നാടന്‍ നിര്‍മിത ബോംബ് കണ്ടെത്തിയിട്ടുണ്ട്. ഇതിന് സമാനമായ ബോംബ് പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെത്തി. അമേരിക്കന്‍ ഡോക്ടറുടെ മകനാണ് ബോംബിനെക്കുറിച്ചുള്ള വിവരം പോലീസിന് നല്‍കിയത്. ഡോക്ടറുടെ മകന്‍ മഗ്‌രിബ് നിസ്‌കാരത്തിന് പോകുമ്പോഴാണ് ബോംബ് ശ്രദ്ധയില്‍പെട്ടത്. വെളുത്തവരെന്നും കറുത്തവരെന്നും ആളുകളെ വേര്‍തിരിച്ച് കണ്ട് കൊലപാതകം നടത്തുകയെന്നതാണ് ഇവരുടെ ലക്ഷ്യമെന്ന് സംശയിക്കുന്നു. കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്. മനുഷ്യാവകാശം സംരക്ഷിക്കുന്നതിലും നീതി നിര്‍വഹിക്കുന്നതിലും യു എ ഇ എപ്പോഴും മുന്‍പന്തിയിലായിരിക്കുമെന്ന് ശൈഖ് സൈഫ് പറഞ്ഞു.
റീം ഐലന്റിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന്, പ്രതി യു എ ഇ ദേശീയ പതാകകൊണ്ട് നമ്പര്‍ പ്ലേറ്റ് മറച്ച ഫോര്‍വീലറില്‍ കടന്നു കളയുന്നതിന്റെ ദൃശ്യങ്ങള്‍ കൂടി ശൈഖ് സൈഫ് പുറത്ത് വിട്ടു. ഒരു ട്രോളിബാഗുമായി ഇവര്‍ ഫോര്‍വീലറിന്റെ അടുത്ത് പോകുന്നതും മാള്‍ വിട്ട് നഗരത്തിലൂടെ സഞ്ചരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അപ്പോള്‍ ഉച്ച 2.45 ആണ്. പിന്നീട് രാത്രി 9.50 ഓടെ ഒരു സംഘം കമാണ്ടോകള്‍ പ്രതി താമസിക്കുന്ന വില്ലയില്‍ ഇരച്ചുകയറുന്ന ദൃശ്യങ്ങളാണ്. ഇവിടെ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇവിടെ ഫോര്‍വീലര്‍ കണ്ടെത്തി. വാഹനത്തിന്റെ സ്റ്റിയറിംഗില്‍ രക്തക്കറ കാണാനുണ്ട്. അമേരിക്കന്‍ ഡോക്ടറുടെ വീടിനുമുന്നില്‍ നിക്ഷേപിച്ച ബോംബ് നിര്‍മിക്കാന്‍ ഉപയോഗിച്ച വസ്തുക്കളും പോലീസ് കണ്ടെടുത്തു. പോലീസിന്റെ നീക്കങ്ങള്‍കൂടി ഉള്‍പ്പെടുന്ന വീഡിയോ ദൃശ്യങ്ങളാണ് ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ടിരിക്കുന്നത്.
അമേരിക്കന്‍ അധ്യാപികയുടെ കൊലപാതക പശ്ചാത്തലത്തില്‍ അമേരിക്കക്കാര്‍ ജാഗ്രത പാലിക്കണമെന്ന് യു എസ് സ്ഥാനപതി കാര്യാലയം മുന്നറിയിപ്പ് നല്‍കി. ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളിലും അജ്ഞാതമായ സ്ഥലങ്ങളിലും സന്ദര്‍ശനം നടത്തുമ്പോള്‍ മുന്‍കരുതല്‍ വേണം. പൊതുസ്ഥലങ്ങളില്‍ പോകുമ്പോള്‍ അയല്‍ക്കാരെയോ കൂട്ടുകാരെയോ അറിയിക്കണം. പോലീസ് സ്റ്റേഷനുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളാണ് സുരക്ഷിത സ്ഥലങ്ങള്‍. ഇവിടേക്കുള്ള വഴികള്‍ അറിഞ്ഞിരിക്കണം. സ്വദേശം തിരിച്ചറിയുന്ന തരത്തില്‍ വസ്ത്രധാരണം നടത്തരുത്- യു എസ് സ്ഥാനപതി നയതന്ത്ര കാര്യാലയം മുന്നറിയിപ്പ് നല്‍കുന്നു. അബുദാബിയിലെ ഒരു കിന്റര്‍ഗാര്‍ട്ടനില്‍ അധ്യാപികയായ ബലാസി റയാന്‍ (47) ആണ് കൊല്ലപ്പെട്ടത്. 15 വര്‍ഷത്തോളമായി സ്‌കൂളില്‍ ജോലി ചെയ്തുവരുന്നു. ഇവര്‍ക്ക് ഇരട്ടക്കുട്ടികളാണ്. പോലീസ് സംരക്ഷണയിലാണ് കുട്ടികള്‍. അന്വേഷണത്തിന് കേണല്‍ ഉമൈദ് അല്‍ അഫ്‌റീത്ത്, കേണല്‍ റാശിദ് ബൂറശീദ് കേണല്‍ ഖാലിദ് അല്‍ ശംസി നേതൃത്വം നല്‍കി.