Connect with us

Gulf

വ്യത്യസ്തയിനം പല്ല് ശേഖരവുമായി ഡോക്ടര്‍ ദമ്പതിമാര്‍

Published

|

Last Updated

അബുദാബി: വ്യത്യസ്തയിനം പല്ലുകളുടെ ശേഖരവുമായി ഡോക്ടര്‍ ദമ്പതിമാര്‍. ബനിയാസ് അഹല്യ ഹോസ്പിറ്റലില്‍ ദന്തഡോക്ടര്‍മാരായി ജോലി ചെയ്യുന്ന നിസാര്‍ അബ്ദുര്‍റഹ്മാനും ഭാര്യ സിമി നിസാറുമാണ് വ്യത്യസ്ത ഇനത്തില്‍പെട്ട പല്ലുകള്‍ ശേഖരിച്ച് സൂക്ഷിച്ച് വെച്ചിരിക്കുന്നത്.
അല്‍ ഐനിലായിരിക്കുമ്പോള്‍ സ്വദേശികളായ രോഗികള്‍ക്കുണ്ടാകുന്ന സംശയം തീര്‍ക്കുന്നതിന് വേണ്ടിയാണ് നിസാര്‍ ശേഖരണമാരംഭിച്ചത്. വഴിയെ ഭാര്യ സിമിയും ശേഖരണം തുടങ്ങി. ഡോ. നിസാറിന്റെ ശേഖരം ഏഴായിരത്തിന് മുകളിലാണ്. ലോകത്തുള്ള എല്ലാ രാജ്യക്കാരുടെ പല്ലുകളും നിസാറിന്റെ ശേഖരത്തിലുണ്ട്.
സാധാരണ മുകളിലത്തെ അണപ്പല്ലുകള്‍ക്ക് മൂന്ന് വേരും താഴത്തെ അണപ്പല്ലുകള്‍ക്ക് രണ്ട് വേരുമാണുണ്ടാകാറുള്ളത്. എന്നാല്‍ നിസാറിന്റെ ശേഖരത്തില്‍ മൂന്നും നാലും അഞ്ചും വേരുകളുള്ള പല്ലുകളുണ്ട്. ആഫ്രിക്കന്‍ സ്വദേശികളുടെ പല്ലുകള്‍ക്കാണ് ഏറ്റവും നീളമുള്ളത്. പല്ല് പറിക്കുന്നതിന് എളുപ്പം ഫിലിപ്പൈന്‍ സ്വദേശികളുടേതാണെങ്കില്‍ ഏറെ ബുദ്ധിമുട്ട് പാക്കിസ്ഥാന്‍ സ്വദേശികളുടേതാണ്. അവരുടെ ഭക്ഷണ രീതികളാണ് ഇതിന് കാരണമെന്ന് ഡോ. നിസാര്‍ പറയുന്നു.
രോഗികളുടെ പിഴുതെടുത്ത പല്ലുകള്‍ കഴുകി വൃത്തിയാക്കി ഹൈഡ്രജന്‍ പെറോക്‌സൈഡില്‍ മൂന്ന് ദിവസം സൂക്ഷിച്ചാണ് ഇവര്‍ പല്ലുകള്‍ ശേഖരത്തിലേക്ക് മാറ്റുന്നത്. ബനിയാസ് അഹല്യ ഹോസ്പിറ്റലിലെ ഡയറക്ടര്‍ കൂടിയായ നിസാര്‍ ചീഫ് ദന്ത ഡോക്ടറാണ്. മഫ്‌റഖിലെ ഈസ്റ്റേണ്‍ അഹല്യയിലാണ് പുനലൂര്‍ സ്വദേശിയായ ഭാര്യ സിമി ജോലി ചെയ്യുന്നത്. നിസാര്‍ തിരുവനന്തപുരം വര്‍ക്കല സ്വദേശിയാണ്. പതിമൂന്ന് വര്‍ഷമായി നിസാര്‍ യു എ ഇയില്‍ സേവനമനുഷ്ഠിക്കുന്നു.
മൂന്ന് പെണ്‍കുട്ടികളാണ് ഇവര്‍ക്കുള്ളത്. ഏഴായിരത്തിന് മുകളില്‍ പല്ലുകളുടെ ശേഖരമുണ്ടാകുമായിരുന്നെങ്കിലും നിരവധി പല്ലുകള്‍ നിസാര്‍ അജ്മാനിലെ ദന്തല്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി നല്‍കി. സാധാരണയായി ദന്ത ഡോക്ടര്‍മാര്‍ പല്ലുകള്‍ സൂക്ഷിക്കാറില്ല.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest