Connect with us

Kerala

സര്‍ക്കാര്‍ നയംമാറ്റം വിശദീകരിക്കണം: കോടതി

Published

|

Last Updated

കൊച്ചി: മദ്യനയത്തില്‍ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയതിനെക്കുറിച്ച് വിശദീകരിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ സാവകാശം തേടി.
മദ്യനയ കേസിലെ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാറും ബാര്‍ ഉടമകളും സമര്‍പ്പിച്ച അപ്പീലുകള്‍ പരിഗണിക്കവേയാണ് ജസ്റ്റിസുമാരായ കെ ടി ശങ്കരന്‍, പി ഡി രാജന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നടപടി. വ്യാഴാഴ്ച അപ്പീലുകള്‍ പരിഗണനക്ക് എടുത്തപ്പോള്‍ ബാര്‍ ഉടമകള്‍ക്ക് വേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകന്‍ വെങ്കിട്ടരാമന്‍ മദ്യനയം മാറ്റുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ഇതുമായി ബന്ധപ്പെട്ട പത്രവാര്‍ത്തകള്‍ കോടതിക്ക് കൈമാറി.
നയം രൂപവത്കരിച്ചവര്‍ തന്നെ നയം മാറ്റത്തെക്കുറിച്ച് ആലോചിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാറിന് കോടതി നടപടികള്‍ സമ്മര്‍ദത്തിലാക്കരുതെന്നും ആവശ്യമെങ്കില്‍ നയംമാറ്റത്തിന് സര്‍ക്കാറിന് സാവകാശം നല്‍കേണ്ടതാണെന്നും ബാര്‍ ഉടമകള്‍ വിശദീകരിച്ചു.
നിയമസഭാ ചട്ടങ്ങള്‍ പ്രകാരം സര്‍ക്കാറിന്റെ നയം നിയമസഭയിലാണ് പ്രഖ്യാപിക്കേണ്ടതെന്നും സര്‍ക്കാര്‍ പുതിയ നയം നിയമസഭയില്‍ പ്രഖ്യാപിക്കാന്‍ തയ്യാറെടുക്കുകയാണോ എന്ന് ജസ്റ്റിസ് പി ഡി രാജന്‍ ആരാഞ്ഞു. സര്‍ക്കാറിന് നിയമസഭയില്‍ ഒരു നയവും പുറത്ത് മറ്റൊരു നയവുമാണോയെന്നും ജസ്റ്റിസ് തുടര്‍ന്ന് ചോദിച്ചു.
എന്നാല്‍ മുഖ്യമന്ത്രി നയത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുന്ന കാര്യം ആലോചിക്കുമെന്ന് പറഞ്ഞതായാണ് പത്രവാര്‍ത്തകളെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് എന്തെന്ന് അറിയിക്കാന്‍ സാവകാശം വേണമെന്നും അഡ്വക്കേറ്റ് ജനറള്‍ അറിയിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ വിശദീകരണത്തിനായി അപ്പീല്‍ ഹരജികള്‍ ഡിസംബര്‍ 10 ലേക്ക് മാറ്റി.

Latest